നടൻ ജിനു ജോസഫിനെ അബുദാബി പൊലീസ് കസ്റ്റഡിയിലെടുത്തു, വിട്ടയച്ചു

ജിനു ജോസഫ്

അബുദാബി ആസ്ഥാനമാക്കിയുള്ള ഇത്തിഹാദ് എയർവേയ്സ് വിമാനത്തിൽ പ്രശനമുണ്ടാക്കിയ മലയാള നടൻ ജിനു ജോസഫിനെ അബുദാബി വിമാനത്താവളം സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം  വിട്ടയച്ചു.    

അമേരിക്കയിലെ ന്യൂയോർക്കിൽ നിന്ന് അബുദാബിയിലേയ്ക്ക് വരുമ്പോഴായിരുന്നു സംഭവം. ഉറങ്ങാൻ വേണ്ടി വിമാനത്തിലെ ടെലിവിഷൻ ഒാഫ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരൻ ഒരു തുണികൊണ്ടുവന്ന് മറച്ചതായും ഇത് മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചപ്പോൾ  ജീവനക്കാർ തന്നോട് മോശമായി പെരുമാറിയെന്നും അബുദാബായിലെത്തിയ തന്നെ അറസ്റ്റ് ചെയ്തെന്നും നടൻ തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പിന്നീട് തന്നെ വിട്ടയച്ചതായും ഇതേക്കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്നുമായിരുന്നു അടുത്ത പോസ്റ്റ്.

ഇന്ത്യൻ നടൻ ഇത്തിഹാദ് എയർവേയ്സ് ജീവനക്കാരോട് വിമാനത്തിനകത്ത് മോശമായി പെരുമാറിയെന്നും പിന്നീട്, അബുദാബി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായും ഇത്തിഹാദ് എയർവേയ്സ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു. നടൻ മാപ്പു പറയുകയും എഴുതി നൽകുകയും ചെയ്തതിനാൽ വിട്ടയച്ചു എന്നും കുറിപ്പിൽ പറഞ്ഞു.