ജിഷയ്ക്ക് നീതി; പ്രതിഷേധക്കുറിപ്പുകളുമായി മമ്മൂട്ടിയും മഞ്ജുവാരിയരും ജയറാമും

പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കുറിപ്പുകളുമായി മമ്മൂട്ടിയും മഞ്ജുവാരിയരും ജയറാമും തുടങ്ങി മലയാളത്തിലെ പ്രമുഖർ രംഗത്തെത്തി. പെരുമ്പാവൂരിലെ ജിഷ എന്ന പെൺകുട്ടിയുടെ അനുഭവത്തിന് മുന്നിൽ ഓരോ മലയാളിയുടെയും ശിരസ്സ് അപമാനത്താൽ താഴ്ന്നുപോകുന്നെന്നു മമ്മൂട്ടി. ഡൽഹിയിൽ നിർഭയയെന്ന് വിളിക്കപ്പെട്ട പെൺകുട്ടി പിച്ചിച്ചീന്തപ്പെട്ടപ്പോഴും ഉത്തരേന്ത്യയിൽ പലയിടത്തും സ്ത്രീത്വത്തിന് നേരെ ക്രൂരതയുടെ നഖമുനകൾ നീണ്ടപ്പോഴും നമ്മുടെ നാട്ടിൽ ഇതൊന്നും നടക്കില്ലെന്ന് അഹങ്കരിച്ചവരാണ് നമ്മളെന്നു മമ്മൂട്ടി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അതീവ വേദനയോടെയും ആത്മനിന്ദയോടെയും പ്രിയ സഹോദരന്മാരോടു പറയാനുള്ളതു വിടന്മാരാകരുത്, പകരം വീരനായകരാകുക എന്നതാണെന്നും മമ്മൂട്ടി എഴുതുന്നു. അമ്മയുടെയും സഹോദരിയുടെയും മാനം കാക്കുന്നവനാണ് ഹീറോ അഥവാ വീരൻ. പെറ്റമ്മയ്ക്കുവേണ്ടിയും രക്തബന്ധത്തിനുവേണ്ടിയും ബന്ധങ്ങളുടെ കടപ്പാടുകളില്ലാത്ത എല്ലാ സ്ത്രീകൾക്കു വേണ്ടിയും നമുക്ക് വീരനായകരാകാം. ഇനിയൊരു ജിഷ ഉണ്ടാകരുത്. ഓരോ സ്ത്രീയ്ക്കും കാവലാകുക എന്നു പറഞ്ഞാണു മമ്മൂട്ടി കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഈ കൃത്യം ചെയ്തയാളെ ഒരിക്കലും ആണെന്ന് വിളിക്കാനാകില്ലെന്നു നടി മഞ്ജു വാരിയർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഒരു സ്ത്രീയെ കൈക്കരുത്തിൽ കീഴടക്കുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ ഭീരു. ഒരു കടലാസ് കഷ്ണമെന്നോണം നെടുകെയും കുറുകെയും വലിച്ചുകീറപ്പെട്ട് മരിക്കാതെ മരിച്ച ജിഷയെന്ന അനുജത്തി അനുഭവിച്ച വേദനയ്ക്ക് പുറത്തെ തീവേനലിനേക്കാൾ ചൂടുണ്ട്. ഇതു ചെയ്തവരെ മൃഗങ്ങളോടു ഉപമിക്കുന്നതു കേട്ടാൽ മൃഗങ്ങൾ പോലും പ്രതികരിച്ചേക്കും. സ്വന്തം വീടിനുള്ളിൽ ആക്രമിക്കപ്പെട്ട സംഭവത്തിനു ഇന്ത്യയിൽ മറ്റിടങ്ങളിലുണ്ടായ സംഭവങ്ങളേക്കാൾ തീവ്രതയുണ്ടെന്നും മ‍ഞ്ജു ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ജയറാം

എന്റെ അമ്മ തമിഴ നാട്ടിൽ നിന്നും പെരുമ്പാവൂരിൽ വന്ന ശേഷം, അമ്മയക്ക്‌ സ്വന്തം നാടിനെക്കാൾ കൂടുതൽ പ്രിയപ്പെട്ടതായിരുന്നു ഞങ്ങളുടെ പെരുമ്പാവൂർ. അമ്മയുടെ അവസാന നാളുകളിലും അമ്മ പെരുമ്പാവൂരിനെ കുറിച്ച്‌ തന്നെ സംസാരിക്കുമായിരുന്നു. എന്റെ സഹോദരി ജനിച്ച്‌ വളർന്ന പെരുമ്പാവൂർ. എന്നെ ഞാനാക്കിയ പെരുമ്പാവൂർ. നാനാജാതി മതസ്ഥർ ഇത്രേയും ഒത്തൊരുമയോടു കൂടി ജീവിക്കുന്ന പെരുമ്പാവൂർ എന്ന് ഞാനെപ്പോഴും അഹങ്കാരത്തോടെ പറയുന്ന പെരുമ്പാവൂർ. പക്ഷെ ഇന്ന് ലോകം മുഴുവൻ പെരുമ്പാവൂരിനെ പറ്റി ചർച്ച ചെയ്യുന്നത്‌ ജിഷ എന്ന സഹോദരിക്ക്‌ സംഭവിച്ച ദാരുണമായ ദുരന്തത്തെ കുറിച്ചാണ്. ജിഷക്ക്‌ സംഭവിച്ചത്‌ ഹൃദയഭേദകമാണ്. ഒരുപാട്‌ സങ്കടവും അമർഷവും തോന്നുന്നു. ജിഷക്ക്‌ സംഭവിച്ച്‌ ഈ ദുരന്തത്തിന് കാരണക്കാരായവന് നിയമം ഒരു പഴുതും കൂടാതെ ശിക്ഷ നടപ്പാക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ സഹോദരി ജിഷയുടെ ആത്മാവിന് ശാന്തി ലഭിക്കാൻ ഞാനും എന്റെ കുടുംബവും പ്രാർത്ഥിക്കുന്നു.

ജൂഡ് ആന്റണി ജോസഫ്

ഒരു ക്രൂര കൊലപാതകം നടന്ന് കഴിയുമ്പോള്‍ കൊലയാളിയെ വിട്ട് തരൂ..ഞങ്ങള്‍ തല്ലിക്കൊന്നോളാം എന്നാക്രോശിക്കുകയല്ല വേണ്ടത്. ചെറിയ ചെറിയ അനീതികള്‍ സമൂഹത്തില്‍ കാണുമ്പോള്‍ തന്നെ പ്രതികരിക്കാന്‍ ശീലിക്കുകയാണ് വേണ്ടത്. ബസില്‍,ട്രെയിനില്‍,സ്കൂളില്‍,ഓഫീസില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുമ്പോള്‍ മിണ്ടാതിരുന്നിട്ട് നീതിക്ക് വേണ്ടി കൊലവിളി നടത്തുന്നതില്‍ എന്തര്‍ത്ഥം. ആണ്മക്കളെ നേരെ ചൊവ്വേ വളര്‍ത്താനാണ് ബോധവല്കരണം വേണ്ടത്.

വിനയൻ

ഓര്‍ക്കുക...
"പെരുമ്പാവൂരിലെ ജിഷയുടെ വീട്ടില്‍ നിന്നും ഏറെ ദൂരമില്ല മറ്റു വീടുകളിലേക്കും" അഞ്ചു സെന്റിലെ പുറമ്പോക്കു ഭൂമിയില്‍ താമസിച്ച ജിഷയ്ക്ക് സംഭവിച്ച ദുരന്തം മലയാളിയുടെ സാംസ്കാരിക ജാടക്കേറ്റ കനത്ത പ്രഹരമാണ്.

ഒന്നാഞ്ഞു തള്ളിയാല്‍ തുറന്നു പോകുന്ന വാതിലുകളുള്ള പാവപ്പെട്ടവര്‍ താമസിക്കുന്ന ലക്ഷക്കണക്കിനു കുടുംബങ്ങളുണ്ട് നമ്മുടെ നാട്ടില്‍. അവിടെ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഇതുപോലുള്ള ദാരുണമായ അനുഭവമാണ് ഏറ്റുവാങ്ങേണ്ടി വരുന്നതെങ്കില്‍ ബസില്‍ വെച്ച് നിര്‍ഭയയെ പിച്ചിച്ചീന്തിയ ഡല്‍ഹിയെക്കാള്‍ എത്ര ലജ്ജാകരമാണ് നമ്മുടെ കേരളത്തിന്റെ അവസ്ഥ.

നമ്മുടെ മാധ്യമങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും ആദ്യം സ്വന്തം നാട്ടിലെ സാംസ്കാരിക ശൂന്യതയെ പറ്റി പ്രതികരിക്കട്ടെ... ക്രമസമാധാനത്തെ പറ്റി ചര്‍ച്ച ചെയ്യട്ടെ. ഈ നീചമായ രാക്ഷസീയതയ്ക്കെതിരെ രാഷ്ട്രീയജാതിമതഭേദമന്യെ പ്രതികരിക്കാന്‍ മലയാളിയുടെ മനസ്സാക്ഷി ഉണരട്ടെ.