ഈ സിനിമ ജുഡീഷ്യറിയ്ക്കു ‘നിർണായകം’ ജസ്റ്റീസ് കെ.ടി തോമസ്

ബോബിയും സഞ്ജയ് യും സ്വപ്നം കണ്ടതു വെറുതെ ആയില്ല. അവരുടെ പുതിയ ചിത്രമായ ‘ നിർണായകം’ പതുക്കെയാണെങ്കിലും പൊതു സമൂഹത്തിലേക്കിറങ്ങി ചെല്ലുന്നു. കഴിഞ്ഞ ദിവസം ജസ്റ്റീസ് കെ ടി തോമസ് ഈ സിനിമ കാണുകയുണ്ടായി. അദ്ദേഹം ഇങ്ങനെ വിലയിരുത്തുന്നു. ‘ നമ്മുടെ നീതി ന്യായ വ്യവസ്ഥയ്ക്കുള്ള ഏറ്റവും നല്ല ഒരു സന്ദേശം ഈ സിനിമയിലുണ്ട്. ഒരു സാധാരണക്കാരനുവേണ്ടി ഭരണഘടനയിലെ വകുപ്പുകളെ എത്രമാത്രം ഫലപ്രദമായി ഉപയോഗിക്കാം എന്നു തിരക്കഥാകൃത്തുക്കൾ കാണിച്ചു തരുന്നു. സാധാരണക്കാരന്റെ വലിയൊരു പ്രശ്നം അവതരിപ്പിച്ച സിനിമയിൽ ജഡ്ജ് എടുത്ത തീരുമാനം വളരെ ‘കൺസ്ട്രക്റ്റഡ്’ ആയ ഒന്നായിരുന്നു. ഞാൻ ജഡ്ജ് ആയിരുന്നെങ്കിലും ഇതേ തീരുമാനം കൈക്കൊണ്ടേനേ.’

എല്ലാ ജഡ്ജുമാരും ഈ സിനിമ കാണണം എന്നാണ് എന്റെ അഭിപ്രായം. ഭരണഘടന നിർമിച്ചിരിക്കുന്ന ഹൈക്കോടതിയേയും സുപ്രീം കോടതിയേയും പോലൊരു കോടതി തന്നെയാണ് ഞാൻ ഈ സിനിമയിൽ കണ്ടത്. എല്ലാവർക്കും മാതൃകയാകുന്ന ഒരു ജഡ്ജ് ആയിരുന്നു സുധീർ കരമന അവതരിപ്പിച്ച കഥാപാത്രം.

രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരിൽ പലരും ഈ സിനിമ കണ്ട് വളരെ നല്ല അഭിപ്രായം മുന്നോട്ടു വച്ചിരിക്കുന്നു. കൂടാതെ നമ്മുടെ നിയമസഭയിലെ എല്ലാ മന്ത്രിമാർക്കും എം എൽ എ മാർക്കും വേണ്ടി ഈ സിനിമ പ്രദർശിപ്പിക്കാൻ രാഷ്ട്രീയ പ്രമുഖർ പദ്ധതിയിടുന്നുണ്ട്.