ലൈംഗികതയുടെ അതിപ്രസരം; സെൻസർ ബോർഡ് വിലക്കിയ മലയാളചിത്രത്തിന് പ്രദര്‍ശനാനുമതി

ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത കാ ബോഡിസ്‌കേപ്പിന് പ്രദര്‍ശനാനുമതി. സ്ത്രീകള്‍ക്കെതിരെയുള്ള അശ്ലീല പരാമര്‍ശം, സ്ത്രീ സ്വയംഭോഗം ചിത്രീകരിച്ചതും സ്വവര്‍ഗലൈംഗികതയെ എടുത്ത് കാണിക്കുന്ന പോസ്റ്ററുകളും ഗേ പരാമര്‍ശവും ചിത്രത്തിലുള്‍പ്പെടുത്തിയതിനെ തുടർന്ന് സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ബോര്‍ഡിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. സിനിമയുടെ നിരോധനം നീക്കണമെന്നും ഒരുമാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചിത്രം തീയറ്ററിലെത്തിക്കാന്‍ വേണ്ട നിയമതടസ്സങ്ങള്‍ നീക്കണമെന്നുമാണ് ജസ്റ്റിസ് പി.സുരേഷ് കുമാര്‍ പ്രസ്താവിച്ചത്.

കാ ബോഡിസ്‌കേപ്‌സിലെ സ്ത്രീ സ്വയംഭോഗവും സ്വവര്‍ഗലൈംഗികത ചിത്രീകരിച്ചിരിക്കുന്നതും ചിത്രം മുഴുവനായി നിരോധിക്കാന്‍ കാരണമില്ല. മറിച്ച് പ്രദര്‍ശനാനുമതി നിഷേധിക്കാനായി പറയുന്ന ഭാഗങ്ങള്‍ ഒഴിവാക്കുകയോ രൂപമാറ്റം വരുത്തുകയോ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

ആശയപ്രകാശനത്തിനുള്ള മാധ്യമം കൂടെയാണ് സിനിമ, ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങളില്‍ പെട്ടതാണ് ഇതും. സാഹിത്യത്തിലും കലയിലും ലൈംഗികതയും നഗ്‌നതയും ചിത്രീകരിക്കുന്നത് അശ്ശീലമായി കാണാന്‍ കഴിയില്ല. മൈക്കല്‍ ആഞ്ചലോയുടെ ചിത്രങ്ങളിലെ പുണ്യാളന്മാരേയും മാലാഖമാരേയും വസ്ത്രം ധരിപ്പിച്ച ശേഷമേ പ്രദര്‍ശിപ്പിക്കാവൂ എന്ന് പറയാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു.

പപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന് ശേഷം ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാ ബോഡിസ്‌കേപ്‌സ്. ശരീരം, ലൈംഗീകത, ആക്ടിവിസം എന്നിവയെ സമകാലീന രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്ന സിനിമയാണ് കാ ബോഡിസ്‌കേപ്‌സ്. കേരളത്തില്‍ പോയ വര്‍ഷം ഉണ്ടായ പുതു തലുമറ സമരങ്ങളും അവയുടെ ഭാവിയും സിനിമ ചര്‍ച്ച ചെയ്യുന്നു. ചുംബന സമരം, നില്‍പ് സമരം തുടങ്ങിയവയും സത്രീകള്‍ ജോലിയിടങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങളുമെല്ലാം സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.

നിലമ്പൂര്‍ അയിഷ, അശ്വിന്‍ മാത്യു, ജയപ്രകാശ് കുളൂര്‍, അരുന്ധതി, സരിത എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങളാകുന്നത്.