ഇത് കാക്കി കണ്ട കഥ

കാക്കിയ്ക്ക് ഇടിച്ച് കേസ് തെളിയിക്കാൻ മാത്രമല്ല. മനോഹരമായി കഥ പറയാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് കോട്ടയത്തെ പൊലീസ് പട. ‘ഇൻ ഗ്ലോറിയസ് ലൈഫ് ’ എന്ന ഹ്രസ്വചിത്രത്തിലൂടെ ഒരു മനോഹരമായ കഥ പറയുകയാണിവർ. ക്യാമറയും സംഗീതവും എഡിറ്റിങ്ങും ഒഴികെയുള്ള സിനിമയുടെ മറ്റെല്ലാ മേഖലകളും പൊലീസുകാർ അണിനിരന്ന ഹ്രസ്വചിത്രത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സമൂഹത്തെ എങ്ങനെ സ്വാധീനിക്കാമെന്നത് വരച്ചുകാട്ടുകയാണ്.

കട്ടപ്പനയിൽ രണ്ടാനമ്മയുടെയും അച്ഛന്റെയും പീഡനത്തിന് ഇരയായ ഷഫീക്കിനെ മലയാളികൾ മറന്നിട്ടുണ്ടാകില്ല. ഈ വാർത്ത അസുഖം ബാധിച്ച മകന് ചികിൽസയ്ക്ക് പണം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു അച്ഛനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിന്റെ ദൃശ്യാവിഷ്കാരമാണ് ഇൻ ഗ്ലോറിയസ് ലൈഫ് പറയുന്നത്. രാത്രി ഡ്യൂട്ടി, പകൽ സിനിമ എന്നിങ്ങനെയാണ് സിനിമ പൂർത്തിയാക്കിയത്. രണ്ട് ദിവസം മാത്രമാണ് ഈ ചിത്രം പൂർത്തിയാക്കാൻ എടുത്ത സമയം. അനിഷ് ഫിലിപ്പ് നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ഷാഹിയാണ്‌.

കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അനീഷ് വിജയനാണ് ഈ ഹ്രസ്വചിത്രത്തിൽ നായകൻ. ഒരു പൊലീസുകാരന്റെ മകന്‍ തന്നെയാണ്‌ ഈ ചിത്രത്തില്‍ ബാലനടനായി എത്തുന്നത്. പൊലീസുകാരായ രാഹുലൻ വി ഏബ്രഹാം, പി എ രാജേഷ് കുമാർ, ടി എസ് ബിജു, മധു ചണ്ണപ്പേട്ട എന്നിവർ സ്ക്രീനിൽ അണിനിരന്നപ്പോൾ ബിജു തോമസ്, രാജേഷ് കുമാർ എന്നിവർ ഡബ്ബിങ് ആർട്ടിസ്റ്റുകളായി. ജി നിധീഷ്, ഷാജി കാഞ്ഞിരപ്പള്ളി എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരായി. ജോഷി എം തോമസിന്റെയായിരുന്നു ചിത്രത്തിലെ മനോഹരമായ കവിത.

ജില്ലാ പൊലീസ് മേധാവി എം പി ദിനേശിന്റെ പൂർണ പിന്തുണയിലാണ് ചിത്രത്തിന്റെ അണിയറ പണികൾ നടന്നത്. ജഗദീഷ് വി വിശ്വം (ക്യാമറ) ബെന്നി ജോൺസൺ(സംഗീതം), ഷിനാജ് ജെലീൽ(എഡിറ്റിങ്) എന്നിവർ മാത്രമാണു പുറത്തുനിന്നു സിനിമയിൽ പങ്കാളികളായത്. അത്യാവശ്യത്തിനു മാത്രം സംഭാഷണമുള്ള ചിത്രത്തിൽ അഭിനയ മുഹൂർത്തങ്ങൾക്കായിരുന്നു പ്രാധാന്യം. അഭിനയത്തിൽ മുൻ പരിചയമില്ലാത്ത പൊലീസുകാർ ഇതും ഗംഭീരമാക്കി. നിരവധി ഫിലിം ഫെസ്റ്റിവെല്ലുകളിൽ അവാർഡുകൾ വാരികൂട്ടി പൊലീസുകാരുടെ ചിത്രം വിജയകരമായി മുന്നേറുകയാണ്.