മണിയുടെ മരണം; പൊലീസ് അന്വേഷണം ശക്തമാക്കുന്നു

ചാരായം കഴിച്ചിരിക്കാമെന്ന സംശയത്തിൽ കലാഭവൻ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ശക്തിപ്പെടുത്തുന്നു. ചാനൽ അവതാരകൻ സാബുവും മണിയുടെ ഡ്രൈവർ പീറ്ററും അടക്കം ഒട്ടേറെ പേരുടെ മൊഴിയെടുത്തു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് സാബു പറഞ്ഞു. അതേസമയം മണിയുടെ മരണകാരണം വ്യക്തമാകാൻ രാസപരിശോധനാഫലം ലഭിക്കണമെന്ന് രേഖപ്പെടുത്തി പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി.

മണിയുടേത് ഗുരുതരമായ കരൾരോഗം മൂലമുള്ള സ്വാഭാവിക മരണമെന്ന് പ്രാഥമികമായി വിലയിരുത്തുമ്പോളും ശരീരത്തിലെ മെഥനോൾ സാന്നിധ്യം പൊലീസിന്റെയും സംശയങ്ങൾ വർധിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് മണി ബോദരഹിതനാകുന്നതിന് തലേരാത്രി മണിക്കൊപ്പമുണ്ടായിരുന്ന ചാനൽ അവതാരകൻ സാബു അടക്കം ഒട്ടേറെ പേരെ ചോദ്യം ചെയ്യുന്നത്. സാബു കൊണ്ടുവന്ന മദ്യം കഴിച്ചതാണ് മണിയുടെ മരണകാരണമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതും മൊഴിയെടുക്കാൻ കാരണമായി. മണിക്കൊപ്പമുണ്ടായിരുന്നൂവെന്ന സമ്മതിച്ച സാബു മറ്റ് ആരോപണങ്ങൾ നിഷേധിച്ചു.

നേരത്തെ ജാഫർ ഇടുക്കി അടക്കം പലരും മണി ബീയർ കഴിച്ചതായും മദ്യപിച്ചതായും മൊഴി നൽകിയിരുന്നു. ഇങ്ങിനെ മൊഴികളിലെ വൈരുദ്ധ്യമാണ് മെഥനോളിന് കാരണമായേക്കാവുന്ന ചാരായം കഴിച്ചിരുന്നോ എന്ന സംശയം വർധിപ്പിക്കുന്നത്. അതേസമയം മണിക്ക് ഗുരുതരമായ കരൾ രോഗവും രക്തസ്രാവവും വൃക്കയിൽ പഴുപ്പുമുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.

എങ്കിലും മെഥനോളിന്റെ സാന്നിധ്യം ഉറപ്പിക്കാനും മരണകാരണം സ്ഥിരീകരിക്കാനും രാസപരിശോധനാഫലം വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. രാസപരിശോധന റിപ്പോർട്ട് വേഗം നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് കാക്കനാട് ലാബിന് അപേക്ഷ നൽകി.