മണി പോയി, സ്ഥാനാര്‍ത്ഥിയും മാറി

മണിയുടെ വസതിയിൽ അഡ്വ.ഷിജി ശിവജി

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് അലയൊലി മുഴങ്ങുന്നതിനും മാസങ്ങൾക്കു മുമ്പേ ഇടത് സ്ഥാനാർത്ഥിയായി കലാഭവൻ മണി എത്തുമെന്ന് സൂചനകളുണ്ടായിരുന്നു. ഒരുപക്ഷേ അദ്ദേഹം കുന്നത്തുനാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിക്കുമായിരുന്നു. എന്നാൽ അതിനൊന്നും കാത്തുനില്‍ക്കാതെയാണ് മലയാളികളുടെ പ്രിയതാരം വിടപറഞ്ഞത്.

സാരഥിയായി കലാഭവൻമണി മത്സരിക്കേണ്ടിയിരുന്ന മണ്ഡലത്തിൽ അദ്ദേഹത്തിന്റെ അഭാവത്തിൽ എൽഡിഎഫ് തേരാളിയായി ഇപ്പോൾ മത്സരിക്കുന്നത് അഡ്വ.ഷിജി ശിവജിയാണ്.

ഓർമകളിലിപ്പോഴും മണികിലുക്കമുള്ള ചാലക്കുടിയിലെ വീട്ടിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ നേരിൽ കാണാൻ ഷിജി എത്തി. മണിയുടെ ഭാര്യ നിമ്മിയെയും മകളെയും ഷിജി കണ്ടു. മണിയുടെ ശവകുടീരത്തിൽ ആദരാഞ്ജലികളുമർപ്പിച്ചു.

ആദ്യവസാനം സാധാരണക്കാരിൽ സാധാരണക്കാരനായി മാത്രം ജീവിച്ച നടനാണ് മണി. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് വേണ്ടി മണി മത്സരിച്ചിരുന്നെങ്കിൽ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടേനെ. അദ്ദേഹത്തിന്റ സംസ്കാരച്ചടങ്ങിൽ ആയിരങ്ങളാണ് അവസാനമായി തങ്ങളുടെ പ്രിയതാരത്തെ ഒരുനോക്ക് കാണാൻ എത്തിയത്.