വിട്ടുപിരിഞ്ഞിട്ടും മാനന്തവാടിയിൽ കലാഭവൻ മണിയാണ് താരം

തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെങ്കിലും ഇടതു രാഷ്ട്രീയത്തോട് എന്നും അടുപ്പം സൂക്ഷിച്ചിരുന്ന കലാഭവൻ മണിയുടെ ഫോട്ടോകൾ മാനന്തവാടിയിൽ ഇരു മുന്നണികളുടെയും പോസ്റ്ററുകളിൽ നിറയുന്നു. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പ്രചാരണ ബോർഡിലാണ് മണിയുടെ ചിരിക്കുന്ന ചിത്രം ആദ്യം ഇടം നേടിയത്. കലാഭവൻ മണി ജയലക്ഷ്മിയെ പ്രകീർത്തിക്കുന്ന വാക്കും നിറചിരിയുമായുളള മണിയുടെ മുഖവും ശ്രദ്ധയാകർഷിച്ചു. പിറ്റേന്ന് തന്നെ എൽഡിഎഫ് സ്ഥാനാർഥി ഒ.ആർ. കേളുവിന്റെ പ്രചാരണ ബോർഡിലും കലാഭവൻ മണി ഇടം നേടി.

കലാഭവൻ മണിയുടെ ഫോട്ടോയുമായി യുഡിഎഫിന്റെ പ്രചാരണ ബോർഡ്....

വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ഉളള ബോർഡിൽ പുഞ്ചിരിക്കുന്ന മുഖവുമായി കലാഭവൻ മണിയുടെ മുഖവും ഇടം നേടി. മരണത്തിന് ശേഷവും ജനമനസ്സിൽ ജീവിക്കുന്ന കലാഭവൻ മണിയുടെ സ്വാധീനം മനസ്സിലാക്കിയാണ് ഇരു മുന്നണികളും പ്രചാരണത്തിനായി മണിയുടെ ഫോട്ടോ ഉപയോഗിക്കുന്നത്. നിയോജക മണ്ഡലത്തിലെ പലയിടത്തും മണിയുടെ ചിരിക്കുന്ന ഫോട്ടോകൾ ഇരു മുന്നണികളുടെയും ബോർഡിൽ കാണാം. തങ്ങളുടെ ഉറച്ച സഖാവായതിനാലാണ് മണിയുടെ ഫോട്ടോകൾ ഉപയോഗിക്കുന്നതെന്നാണ് ഇടതു പക്ഷത്തിന്റെ പക്ഷം.

കലാഭവൻ മണിയുടെ ഫോട്ടോയുമായി എൽഡിഎഫിന്റെ പ്രചാരണ ബോർഡ്....

എന്നാൽ, മന്ത്രി പി.കെ. ജയലക്ഷ്മിയുമായി ഏറെ ആത്മബന്ധം പുലർത്തിയ വ്യക്തിയായതിനാലാണ് മണിയുടെ ഫോട്ടോ ബോർഡുകളിൽ വയ്ക്കുന്നതെന്ന് യുഡിഎഫും പറയുന്നു.