മണിയുടെ മരണം; ദുരൂഹത കൂട്ടി കേന്ദ്രലാബ് റിപ്പോർട്ട്

കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതകൂട്ടി കേന്ദ്രലാബ് റിപ്പോർട്ട്. മരണകാരണമായേക്കാവുന്ന വിധത്തില്‍ ശരീരത്തിൽ നിന്ന് 45 എംജി (മില്ലി ഗ്രാം) മെഥനോൾ കണ്ടെത്തി. കാക്കനാട്ടിലെ ലാബിൽ കണ്ടെത്തിയതിനേക്കാൾ ഇരട്ടിയിലധികം മെഥനോളിന്റെ അംശമാണ് കണ്ടെത്തിയത്. സ്വാഭാവികമരണം ആകാനുള്ള സാധ്യത കുറയുന്നുവെന്ന് മെഡിക്കൽ സംഘം.

ബിയർ കഴിച്ചപ്പോൾ ഉണ്ടായ മെഥനോളിന്റെ അംശമെന്നായിരുന്നു പൊലീസ് വിലയിരുത്തൽ. എന്നാൽഈ റിപ്പോർട്ട് കൂടി വന്നതോടെ മണിയുടെ മരണത്തിൽ ദുരൂഹതയേറുകയാണ്. മണിയുടെ ആന്തരികാവയവങ്ങളിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ, ഹൈദരാബാദിലെ കേന്ദ്രലാബിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യം തളളുകയും ചെയ്തിരുന്നു. എന്നാൽ, വിഷമദ്യത്തിൽ കാണുന്നയിനം മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

കരൾ രോഗം മൂലമുണ്ടായ മരണമെന്നായിരുന്നു അവസാനം വരെയുള്ള കണ്ടെത്തൽ. എന്നാൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. വ്യാജമദ്യം ഉപയോഗിച്ചത് കൊണ്ടാകാം ഇങ്ങനെ അമിതമായ അളവിൽ മെഥനോളിന്റെ സാന്നിധ്യം ഉണ്ടാകുകയെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

കൊച്ചി സ്വകാര്യ ആശുപത്രിയിൽ മാർച്ച് ആറിനാണു കലാഭവൻ മണി മരിച്ചത്. ചാലക്കുടിയിലെ വീടിനടുത്തുള്ള പാടി എന്ന ഔട്ട്ഹൗസിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മണിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മദ്യസൽക്കാരത്തിൽ പങ്കെടുത്ത ഏറെപ്പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.