ആദ്യം മുരുകനെ പേടി ഇപ്പോൾ നോട്ടിനെ: കലവൂർ രവികുമാർ

കലവൂർ രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രം 'കുട്ടികളുണ്ട് സൂക്ഷിക്കുക' റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ മാസം റിലീസ് ചെയ്യേണ്ട ചിത്രത്തിന്റെ റിലീസ് പുലിമുരുകൻ സിനിമ കാരണം നീട്ടിവച്ചിരുന്നു. റിലീസ് നീട്ടാൻ കാരണം മോഹൻലാൽ ചിത്രമായ പുലിമുരുകന്റെ ഗംഭീര വിജയം തന്നെയാണെന്ന് സംവിധായകനും തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സിനിമ റിലീസിനെത്തുമ്പോൾ കലവൂർ രവികുമാറിനെ അലട്ടുന്നത് മറ്റൊരു പ്രശ്നമാണ്. മറ്റൊന്നുമല്ല ഇന്ത്യയൊട്ടാകെയുള്ള ജനങ്ങൾ അഭിമുഖീകരിക്കുന്ന നോട്ടുവിഷയം തന്നെ.

ഇപ്പോൾ പേടി പ്രധാനമന്ത്രിയുടെ നോട്ടു നയമാണെന്നും ഇതുമൂലം ആദ്യ പ്രഹരം ലഭിച്ചത് എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിക്ക് ആണെന്നും കലവൂർ രവികുമാർ പറയുന്നു.

കലവൂർ രവികുമാറിന്റെ വാക്കുകളിലേക്ക്–

ദയവായി ഒപ്പം നിൽക്കുമോ ?

പേടിച്ചാൽ ദു:ഖിക്കേണ്ട എന്നാണല്ലോ ? അതു കൊണ്ടാണു പുലിമുരുകനെ പേടിച്ച് 'കുട്ടികളുണ്ട് സൂക്ഷിക്കുക' എന്ന എന്‍റെ ചിത്രത്തിന്‍റെ റിലീസ് മാറ്റിയത്. നവംബർ 25 ആണ് പുതിയ റിലീസ് ഡേറ്റ്. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടു നയം ഞങ്ങളെ പേടിപ്പിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലൊക്കെ തിയേറ്ററുകൾ ശൂന്യമായിരുന്നു. നാം ഇപ്പോൾ ചിലവു ചുരുക്കുകയാണല്ലോ ? സ്വാഭാവികമായും അതിന്‍റെ പ്രഹരം ആദ്യം ലഭിക്കുക എന്‍റർടെയിൻമെന്‍റ ഇൻഡസ്ട്രിക്കാവുമല്ലോ ? പുതിയ 100 ന്‍റെയും 500 ന്‍റെയും നോട്ടുകൾ വിതരണത്തിനെത്തിയാലേ, നമ്മുടെ എടിഎം മെഷീനുകൾ പഴയതു പോലെ പ്രവർത്തന സജ്ജമായാലേ ഈ സ്ഥിതിക്കു മാറ്റം വരൂ.

ഇപ്പോൾ എടിഎം കൗണ്ടറുകൾ ഒക്കെ ബേക്കറികൾ വാടകയ്ക്ക് ചോദിക്കുകയാണ് ബിസ്ക്കറ്റും കേക്കുമൊക്കെ ഡിസ്പ്ളേ ചെയ്യാൻ എന്നാണു സരസമായ ഒരു സുഹൃത്തിന്‍റെ കമന്‍റെ . ഇത്തരം കമന്റുകൾക്കു ആയുസ്സുണ്ടാവല്ലേ എന്നാണു പ്രാർത്ഥന. സിനിമയ്ക്ക് മാത്രമല്ല എന്തിനും അതല്ലേ ഉള്ളൂ പോംവഴി.

ഇതിനിടയിൽ ബാങ്കുകാരുടെ സേവനം സ്മരിക്കാതെ വയ്യ. ബാങ്കു സമയം കഴിഞ്ഞിട്ടും അത്യാവശ്യക്കാരനായ ഒരാൾക്ക് ബാങ്കു ജീവനക്കാർ എല്ലാവരും പിരിവെടുത്തു പണം നൽകുന്നതു കണ്ടു. പ്രതിസന്ധികളിലാണു നാം ഇങ്ങനെ മനുഷ്യരാവേണ്ടത്.

സഹകരണബാങ്കുകൾ ഇതിനൊന്നും ആവാത്ത നിസ്സഹായതയിലാണെന്നതു ഇതിനിടയിൽ മറക്കുന്നില്ല. ഇതിനിടയിലും ചിത്രങ്ങൾ റിലീസ് ചെയ്യാതെ തരമില്ല. തിയേറ്ററുകൾ ബ്ലോക്ക് ചെയ്തു കഴിഞ്ഞ്, പോസ്റ്ററുകൾ ഒട്ടിച്ചു കഴിഞ്ഞ്, ഫ്ലെക്സുകൾ ഉയർത്തി കഴിഞ്ഞ്, ക്യൂബിലും യു.എഫ്.ഒ യിലും ചിത്രം അപ്‌ലോഡ് ചെയ്തു കഴിഞ്ഞ് ഒരു നിർമ്മാതാവു എത്ര തവണ റിലീസ് മാറ്റി വെക്കും ? അതു അദ്ദേഹത്തിനുണ്ടാക്കുന്ന നഷ്ടം ഊഹിക്കാമല്ലോ ?

ഇതു ഏറ്റവും ഏറെ തിരിച്ചറിയേണ്ടതു തിയേറ്റർ ഉടമകളാണ്. ഈ പ്രതിസന്ധിയിലും പ്രദർശനത്തിനെത്തുന്ന ചിത്രങ്ങളെ പരമാവധി പിടിച്ചു നിർത്താനുള്ള ശ്രമം തിയേറ്ററുകളുടെ ഭാഗത്തു നിന്നുണ്ടാകണം. രസകരമായ ചിത്രങ്ങളെ കൈവിട്ടു കളയരുത്.പോക്കറ്റിൽ നിന്നു പണമെടുത്തു നൽകിയ ബാങ്ക് ജീവനക്കാർ ഒരു പ്രതീകമാകുന്നതു ഇവിടെയല്ലേ ?