സത്യം തന്നെ; ആ തീരുമാനം ‘പുലിമുരുകനെ’ പേടിച്ചിട്ട്

ഒരിടൊത്തൊരു പുഴയുണ്ട്, ഫാദേഴ്‌സ് ഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത തിരക്കഥാകൃത്തുകൂടിയായ കലവൂർ രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രം 'കുട്ടികളുണ്ട് സൂക്ഷിക്കുക' റിലീസിനൊരുങ്ങുകയാണ്. ഈ മാസം അവസാനമാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും അത് വീണ്ടും നീട്ടിവച്ചിരിക്കുകയാണ്. റിലീസ് നീട്ടാൻ കാരണം മോഹൻലാൽ ചിത്രമായ പുലിമുരുകന്റെ ഗംഭീര വിജയം തന്നെയാണെന്ന് സംവിധായകൻ പറയുന്നു.

കലവൂർ രവികുമാറിന്റെ വാക്കുകളിലേക്ക്–

ആദ്യം ക്ഷമ ചോദിക്കട്ടെ. 'കുട്ടികളുണ്ട് സൂക്ഷിക്കുക' എന്ന എന്‍റെ ചിത്രത്തിന്‍റെ റിലീസ് നവംബർ പകുതി കഴിഞ്ഞേ ഉണ്ടാവൂ. വേണമെങ്കിൽ സാങ്കേതിക കാരണം എന്നൊക്കെ പറയാം. സത്യം അതല്ല കേട്ടോ. പുലിമുരുകനോടുള്ള ബഹുമാനാർത്ഥമാണ്. പുലിയെ പേടിച്ചാണെന്ന് ഇപ്പോൾ നിങ്ങൾ കളിയാക്കുമായിരിക്കും.

അങ്ങനെയെങ്കിൽ മോഹൻലാലിനെ പേടിക്കുന്നത് അത്ര വലിയ കുറ്റമൊന്നുമല്ല എന്നാണ് മറുപടി. 'മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ്' എന്നൊരു പുസ്തകം തന്നെ ഞാൻ എഴുതിയിട്ടുണ്ട്.

എന്തായാലും എന്തൊരു മഹാവിജയമാണ് ഈ മോഹൻലാൽ ചിത്രം നേടിയിരിക്കുന്നത്. പ്രിയ സുഹൃത്തും തിരക്കഥാകൃത്തുമായ ഉദയ് കൃഷ്ണയ്ക്കും സംവിധായകൻ വൈശാഖിനും നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തിനും ഉള്ളു നിറഞ്ഞ സ്‌നേഹം, അഭിനന്ദനങ്ങൾ പുലിമുരുകനെ തരംഗമാക്കിയ മഹാനടന് പ്രത്യേകം. തിയേറ്റർ എന്നോ വിട്ട മദ്ധ്യവയസ്സുകരെ പോലും പൊരിവെയിലത്തു ക്യൂ നിർത്തിയ നിങ്ങളുടെയെല്ലാം മാജിക് ഉണ്ടല്ലോ അതിനു മുന്നിൽ നമിക്കാതെ വയ്യ. ഇനിയും ഇനിയും ഈ ചിത്രം കളക്ഷൻ നേടട്ടെ. സന്തോഷം.

ഈ കൊടുങ്കാറ്റിനിടയിൽ ഞങ്ങളുടെ കൊച്ചു ചിത്രം ഒന്നു രണ്ടാഴ്ച മാറ്റി വെക്കുന്നതു തന്നെയല്ലേ ഉചിതം. ഉള്ളു തുറന്നു ചിരിക്കാവുന്ന ആവേശം തോന്നുന്ന കുട്ടികളുടെ ത്രില്ലറാണു എന്‍റെ ചിത്രമെന്നു ഞാൻ പറഞ്ഞിട്ടുണ്ടല്ലോ ?

എന്തായാലും ചിത്രം റിലീസ് ചെയ്യുമ്പോൾ പുലിമുരുകന്‍റെ ആരാധകരും ഞങ്ങളുടെ ചിത്രം കാണാൻ വരുമെന്നു ആശിക്കുന്നു. സത്യത്തിൽ 'പുലിമുരുക'നു വളരെ ഇഷ്ടമാകുന്ന ചിത്രമാകും ഇത്. അതിനൊരു കാരണമുണ്ട്. പിന്നാലെ പറയാം.

ഒരിക്കൽ കൂടി എന്‍റെ സുഹൃത്തുക്കളോടു ക്ഷമ ചോദിക്കുന്നു. ചിത്രം എത്തുമ്പോൾ തിയേറ്ററിൽ ഉണ്ടാവണമെന്നു ആവർത്തിക്കുന്നു. പിന്നെയും പുലിമുരുകനു നിറഞ്ഞ അഭിവാദ്യങ്ങൾ.