കാളിദാസന്റെ പേരുവന്ന വഴി; ജയറാം പറയുന്നു

ജയറാമും പാർവതിയും അന്നു മൂകാംബികാ ക്ഷേത്രത്തിലായിരുന്നു. ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്ന നാളുകൾ. അവിടെ വച്ചാണ് ഒരു മിടുക്കന്‍ പയ്യനെ ജയറാം കണ്ടത്. പ്രദക്ഷിണ വഴിയില്‍.

ദേവിയുടെ വിഗ്രഹവും തലയിലേറ്റി ക്ഷേത്രത്തിനു വലംവയ്ക്കുകയായിരുന്നു ആ കുട്ടി. ക്ഷേത്രത്തിന്‍റെ തന്ത്രിമാരായ അഡിഗ കുടുംബത്തിലെ അംഗം. രണ്ടു കാതിലും വൈരക്കമ്മൽ ഇട്ട് വെളുത്ത് തുടുത്ത ഒരു ‘ഉണ്ടപ്പയ്യൻ’. ദേവീ വിഗ്രഹം തലയിലേറ്റാനുള്ള ഭാഗ്യംകിട്ടിയ അവനെ ആളുകൾ ആരാധനയോടെ നോക്കി നിന്നു. അടുത്തു വന്നപ്പോൾ പതുക്കെ ജയറാം അവനോടു ചോദിച്ചു.‘ എന്താ പേര്?’ കുസ‍‍ൃതിക്കണ്ണിൽ ചിരി നിറച്ച് ആ കുട്ടി ഉത്തരം പറ‍ഞ്ഞു:‘കാളിദാസൻ.’

തിരക്കിലേക്ക് അവൻ അലിഞ്ഞു പോയെങ്കിലും ആ പേര് ജയറാമിന്റെ മനസ്സിൽ പതിഞ്ഞു കിടന്നു. അമ്പലമുറ്റത്തു നിന്നു തന്നെ അശ്വതിയോടു പറഞ്ഞു ‘നമുക്കുണ്ടാവുന്നത് ആൺകുഞ്ഞാണെങ്കിൽ അവന് കാളിദാസന്‍ എന്നു പേരിടാം...’ ആദ്യത്തേത് ആൺകുട്ടി തന്നെയായിരുന്നു. മൂകാംബികാ ദേവിയുടെ മുന്നിൽ വച്ച് പറഞ്ഞ വാക്ക് ജയറാം മറന്നില്ല, മകനു പേരിട്ടു, കാളിദാസൻ. ഈ ലക്കം വനിതയിലൂടെയാണ് ജയറാം ഇക്കാര്യം വെളിപ്പെടുത്തിയത്.