ഉമ്മയ്‌ക്കൊരമ്മ

കൽപന, ചെല്ലമ്മ അന്തർജനം, റസിയ ബീവി, കെപിഎസി ലളിത

അമ്പലപ്പുഴ നീർക്കുന്നം മാധവമുക്കിലെ റയിൽവേപാളത്തിൽ അഞ്ചുമണിയുടെ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ തയ്യാറായി നിൽക്കുകയായിരുന്നു ചെല്ലമ്മ അന്തർജനം. കൈയിലൊരു ട്രങ്കുപെട്ടിയുമുണ്ട്.അതുവഴിവന്ന അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തംഗമായ റസിയാ ബീവി മരിക്കാനൊരുങ്ങി നിൽക്കുന്ന ഈ അമ്മയെ കണ്ടു. നല്ല ഓമനത്തമുള്ള മുഖം. പ്രിയപ്പെട്ടവരൊക്കെ കൈയൊഴിഞ്ഞപ്പോൾ ജീവിതം വേണ്ടന്നു തീരുമാനിച്ചതാകാം, ഈ സുന്ദരിയമ്മയെന്നു റസിയയ്‌ക്കു തോന്നി. പ്രായം എഴുപതിനുമേലുണ്ട്.റസിയ അവരെ പാളത്തിൽ നിന്നു നിർബന്ധിച്ചുപുറത്തുകൊണ്ടുവന്നു.

കഥകേട്ടപ്പോൾ പ്രശ്‌നം കുറെക്കൂടി സങ്കീർണമാണ്. അമ്മയ്‌ക്ക് ആരുമില്ല. ശ്രേഷ്‌ഠമായ നമ്പൂതിരി കുടുംബത്തിൽ ജനിച്ചതാണ്. തിരുവല്ലയിലേക്ക് വേളി കഴിച്ചുപോയി.ബുദ്ധിവളർച്ചയില്ലാത്തയാളായിരുന്നു ഭർത്താവ്. അഞ്ചുവർഷം കഴിഞ്ഞപ്പോൾ ഭർത്താവ് മരിച്ചു.ആ ബന്ധത്തിൽ കുട്ടികളുമില്ലായിരുന്നു.ഭർതൃവീട്ടിൽ പിന്നെ സ്‌ഥാനമില്ലാതായതോടെ ബന്ധുവായ ഒരാൾ വഴി പ്രശസ്‌ത എഴുത്തുകാരി ലളിതാംബിക അന്തർജനത്തിന്റെ വീട്ടിലെത്തി. അവിടെ 25 വർഷത്തോളം ജോലി ചെയ്‌തു.അന്തർജനത്തിന്റെ സ്‌നേഹവും കരുണയും ആശ്വാസമായി. പ്രായാധിക്യത്താൽ ജോലി ചെയ്‌തുജീവിക്കാനാകാതായപ്പോൾ നാട്ടിലേക്കു മടങ്ങി. അവിടെ കുറെ തങ്ങി.ജോലി ചെയ്യാൻ ആരോഗ്യമില്ല. പ്രായം കൂടുംതോറും ആർക്കും വേണ്ടാതായി. 75 വയസുണ്ട്. –ഇതൊക്കെ കേട്ടപ്പോൾ റസിയയ്‌ക്കു പിന്നെ സംശയമുണ്ടായില്ല–ഇവരെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. ഒരു അന്തർജനത്തെ മുസ്‌ലിം കുടുംബത്തിലേക്ക് കൊണ്ടുപോകുന്നത് പ്രശ്‌നമുണ്ടാക്കുമോ എന്നൊന്നും അപ്പോൾ ആലോചിച്ചില്ല. മരണം വരെയും ഈ അമ്മയെ നോക്കും എന്ന് റസിയ ഉറപ്പിച്ചു.

പത്തുവർഷം മുൻപാണ് ഈ സംഭവം നടക്കുന്നത്.2000*ൽ

റസിയയും ഭർത്താവും നാലുമക്കളുമടങ്ങുന്ന കുടുംബത്തിൽ എത്തിപ്പെട്ട അമ്മയ്‌ക്ക് പ്രയാസമൊന്നുമുണ്ടായില്ലെങ്കിലും മൽസ്യമാംസാഹാരങ്ങളുടെ കാഴ്‌ചയും മണവുമൊക്കെ സസ്യാഹാരിയായ അമ്മയെ വിഷമിപ്പിക്കുമോ എന്നു റസിയയ്‌ക്കു വിഷമമായി. സസ്യാഹാരം മാത്രം പെരുമാറുന്ന അടുക്കളയും നിലവിളക്കുകൊളുത്തി പ്രാർഥിക്കാനാവുന്ന ഒരിടവും അമ്മയ്‌ക്ക് ഉണ്ടാക്കിക്കൊടുക്കാൻ അവർ ആഗ്രഹിച്ചു.അമ്മയ്‌ക്ക് ഒരു കൊച്ചുവീടുവച്ചുകൊടുക്കാൻ കുറച്ചുസമയമെടുക്കും.അതുവരെ എന്തുചെയ്യുമെന്നായി. പഞ്ചായത്ത് അംഗമെന്ന നിലയിലുള്ള പരിചയവും സൗഹൃദവും ഉപയോഗിച്ച് സസ്യാഹാരം മാത്രമുള്ള ഒരു അഗതിമന്ദിരം തിരഞ്ഞുകൊണ്ടിരുന്നു.

ഒടുവിൽ തൃശൂർ കസ്‌തൂർബാ അഗതിമന്ദിരത്തിൽ അമ്മയെ കൊണ്ടുചെന്നാക്കി. യാത്രകൾക്കും താമസച്ചെലവിനുമൊക്കെ പണം വേണ്ടിവന്നെങ്കിലും അതൊന്നും റസിയയ്‌ക്ക് ഒരു ഭാരമായി തോന്നിയില്ല. സ്വന്തം ഉമ്മ മരിച്ചുപോയതിനാൽ ഈ അമ്മയ്‌ക്കു വേണ്ടി പണം ചെലവാക്കുന്നത് ഒരു പുണ്യമായി വലിയ വലിയ ഡിഗ്രികളൊന്നുമില്ലാത്ത ലോകപരിചയവും രാഷ്‌ട്രീയപ്രവർത്തനവും കൈമുതലായുള്ള റസിയയ്‌ക്ക് തോന്നി.

അമ്മ പറഞ്ഞു– കുഞ്ഞേ എന്നെ ഇവിടെ തഴയരുതേ..എനിക്ക് ജന്മനാട്ടിലേക്ക് മടങ്ങിവരണം. അവിടെ കിടന്നുതന്നെ മരിക്കണം.

റസിയ പറഞ്ഞു–ദൈവം ഉണ്ടെങ്കിൽ അമ്മയെ ഒരു ദിവസം ഞാനവിടേയ്‌ക്ക് തിരിച്ചുകൊണ്ടുപോകും.

വീട്ടിൽ തിരിച്ചെത്തിയ റസിയയ്‌ക്ക് എങ്ങനെയും അമ്മയ്‌ക്കൊരു വീടുവച്ചുകൊടുക്കണമെന്നായി. കുറച്ചുസ്‌ഥലം റസിയയ്‌ക്കുണ്ട്. പക്ഷേ വീടുവയ്‌ക്കാനുള്ള പണം കണ്ടെത്തണം. ഓരോ മാസവും അമ്മയെ കാണാൻ കസ്‌തൂർബയിലെത്തുമ്പോൾ തിരികെ കൊണ്ടുവരാമെന്ന് ഉറപ്പും കൊടുത്തിട്ടുണ്ട്. പക്ഷേ എന്തു ചെയ്യും?

അതുവരെ ഈ അമ്മയെ താൻ സംരക്ഷിക്കുന്ന കാര്യം പുറംലോകത്തെ അറിയിച്ചിട്ടില്ല. അയൽക്കാർക്കും അടുപ്പമുള്ളവർക്കും മാത്രമറിയുന്നരഹസ്യമായി ചെയ്യുന്ന പുണ്യപ്രവൃത്തിയാണ്. ഒരു മനുഷ്യനോടും ഇക്കാര്യത്തിനായി നയാപൈസ വാങ്ങിയിട്ടില്ല. പഞ്ചായത്തിൽ അഗതി ആശ്രയ പദ്ധതിപ്രകാരം വീടുവയ്‌ക്കാൻ 35000 രൂപ കൊടുക്കുന്ന വിവരം ശ്രദ്ധയിൽ പെട്ടു. ഒരു വഴി തെളിഞ്ഞപോലെ. അതുപ്രകാരം അപേക്ഷിച്ച് 35000 രൂപ വീടുവയ്‌ക്കാനും 19000 രൂപ സ്‌ഥലത്തിനുമായി വാങ്ങി. വീടുപണി തുടങ്ങി.

2006ൽരണ്ടുമുറിയും അടുക്കളയും വരാന്തയുമുള്ള ഒരു കൊച്ചുവീട് ഒരുങ്ങി. മുറ്റത്തൊരു തുളസിത്തറ കെട്ടി. ഒരു കൊച്ചുകിണറും സ്‌നേഹത്തിന്റെ നീരൊഴുക്കുമുള്ള പുതിയ ഇടം. അമ്മയെ തൃശൂരിൽ നിന്നു തിരികെ കൊണ്ടുവന്നു. ആചാരപ്രകാരം ഗണപതിഹോമമൊക്കെ നടത്തി അമ്മ അവിടെ താമസം തുടങ്ങി.

എല്ലാം സമാധാനമായി എന്നു കരുതിയിരിക്കുമ്പോഴാണ് പ്രശ്‌നം പൊട്ടിപ്പുറപ്പെടുന്നത്. കാരുണ്യവും സന്മനസ്സും അഴിമതിയായി വ്യാഖ്യാനിക്കപ്പെട്ടു. പഞ്ചായത്തിലാകെ പ്രശ്‌നം. റസിയ ഈ വൃദ്ധയുടെ പേരിൽ പണംതട്ടി സ്വന്തം സ്‌ഥലത്ത് വീടുകെട്ടുന്നു എന്നായി ആരോപണം. റസിയയുടെ എതിർകക്ഷിക്കാരാണ് ആരോപണവുമായി എത്തിയത്. പ്രശ്‌നം സങ്കീർണമായി. റസിയയ്‌ക്കു പിടിച്ചുനിൽക്കാനാകാതായി. ചെല്ലമ്മയുടെ കാലശേഷം ഈ വീട് പഞ്ചായത്തംഗം തട്ടിയെടുക്കാനാണ് ശ്രമം എന്നാരോപിച്ച് ധർണയായി. റസിയ രാജിവയ്‌ക്കണമെന്നാണ് അവരുടെ ആവശ്യം. സംഗതി കൈവിട്ടുപോകുന്നുവെന്നുകണ്ടപ്പോൾ റസിയയും ചെല്ലമ്മ അന്തർജനവും ആലപ്പുഴയിലെത്തി പത്രസമ്മേളനം നടത്തി. ‘‘ ആരുമില്ലാത്ത എനിക്ക് റസിയ ഇടപെട്ട് ഒരു കൂര വച്ചുതന്നു.ഇതിന്റെ പേരിൽ ഈ കുട്ടി രാജിവയ്‌ക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. രാജിവച്ചാൽ ഞാനും ‘രാജി’യായിപ്പോകും. അതു തീർച്ച’’ അന്തർജനം കണ്ണീർവാർത്തു.

അതൊരു തുടക്കമായി. റസിയയുടെ കാരുണ്യം ലോകമറിഞ്ഞു. സ്വന്തം അച്‌ഛനമ്മമാരെ നോക്കാൻ പോലും സമയമില്ലാത്ത മക്കൾക്കിടയിൽ അന്യമതസ്‌ഥയായ ഒരമ്മയ്‌ക്ക് അഭയം നൽകിയതിന് നാടിന്റെ അംഗീകാരം കിട്ടി. പലരും പിന്തുണയുമായി എത്തി. സ്‌നേഹവും സഹായവാഗ്‌ദാനങ്ങളും നിർലോഭം. അമ്മയെ കാണാൻ ആളുകളുടെ പ്രവാഹം

ജീവിതം മുഴുവൻ ദുരിതമനുഭവിച്ച ഒരമ്മയ്‌ക്ക് വാർധക്യത്തിൽ ഇത്തിരി സമാധാനം.

ഒരുദുരന്തനാടകം ഒരു ശുഭാന്ത്യനാടകമായി.

എല്ലാം കേട്ടറിഞ്ഞ് ചലച്ചിത്രനടി കൽപനയും ഒരു ദിവസം വീട്ടിലെത്തി. അമ്മയ്‌ക്ക് മൂന്നുജോടി സെറ്റുമുണ്ടുകളുമായി. അമ്മയുടെ കാലിൽ തൊട്ടു നമസ്‌കരിച്ച് മടങ്ങുമ്പോൾ കൽപന പറഞ്ഞു–‘‘ മാസംതോറും എന്റെ കൊച്ചുസഹായം മരിക്കുംവരെ അമ്മയ്‌ക്കുണ്ടാകും. “”’’

കൽപന മാത്രമാണ് സഹായവാഗ്‌ദാനം പാലിച്ചതെന്ന് റസിയ ഓർക്കുന്നു–മാസംതോറും ആയിരം രൂപ ഈ അമ്മയ്‌ക്കായി കൽപന മാറ്റിവയ്‌ക്കും. ഒന്നാംതീയതിയോ രണ്ടാംതീയതിയോ റസിയ അതുവാങ്ങാതിരുന്നാൽ വിളിവരും. കൽപന ആലപ്പുഴയിലെ വീട്ടിലില്ലെങ്കിൽ കൽപനയുടെ ഭർതൃമാതാവിന്റെ കൈയിൽ നിന്ന് അതു കൃത്യമായി കിട്ടും.മറ്റുപലരുടെയും വാഗ്‌ദാനങ്ങൾ വെറുംവാക്കുകളായി അവസാനിച്ചെങ്കിലും അതൊന്നും തന്നെ ബാധിക്കില്ലെന്നും റസിയ.

‘‘എന്റെ മരണം വരെയോ അമ്മയുടെ മരണം വരെയോ ഞാൻ അമ്മയെ നോക്കും. എനിക്കൊരു തലവേദന വന്നാൽ കൂടി അമ്മയ്‌ക്കു വേവലാതിയാണ്. “”’’

റസിയ പറഞ്ഞതുകേട്ട് ചെല്ലമ്മ അന്തർജനം ചിരിച്ചു. മരിച്ചാൽ ജാത്യാചാരപ്രകാരം സംസ്‌കരിക്കാൻ വരെ അമ്മ ഏർപ്പാടാക്കിയിട്ടുണ്ട്. ഏതായാലും ഇപ്പോൾ മരണത്തെക്കുറിച്ചൊന്നും ചെല്ലമ്മ അന്തർജനം ആലോചിക്കുന്നില്ല. ജീവിതത്തിന് സന്തോഷവും സമാധാനവുമുണ്ട്. അടുത്തയിടെ വരെ വീട്ടിൽ പാചകം ചെയ്‌തിരുന്നു. ഇപ്പോൾ ചെറിയ ക്ഷീണംതോന്നുന്നതുകൊണ്ട് അതുവയ്യ. റസിയ രാത്രി കൂട്ടുകിടക്കും. വെളുപ്പിന് ആറുമണിക്കു ചായയും പലഹാരങ്ങളുമായി വരും. ഭക്ഷണമെല്ലാം തയ്യാറാക്കിക്കൊണ്ടുവരും. കിണറിൽ നിന്നുവെള്ളംകോരി ചൂടാക്കിക്കുളിക്കാനൊക്കെ അന്തർജനത്തിനുമാകും. അതുകഴിഞ്ഞ് എണ്ണയിൽ തിരിയിട്ട് വിളക്കുകൊളുത്തി മുറ്റത്തെ തുളസിക്ക് നീരുകൊടുത്ത് സന്തോഷത്തോടെ അമ്മ കഴിയുന്നു. ഫോട്ടോ എടുക്കുംമുൻപ് നല്ല മുണ്ടും നേര്യതും ധരിക്കുന്നു.റസിയ വാങ്ങിക്കൊടുത്ത രുദ്രാക്ഷമണിയുന്നു.

ചെല്ലമ്മ അന്തർജനം ജനിച്ചുവളർന്ന മഠത്തിനു സമീപം മറ്റൊരു വീട് പണിയുകയാണ് റസിയയിപ്പോൾ. സ്വന്തം മഠം കണ്ടുകഴിയാനുള്ള അമ്മയുടെ ആഗ്രഹത്തിനുവേണ്ടിമാത്രം. പത്താണ്ടു കഴിഞ്ഞിട്ടും പത്തരമാറ്റോടെ തിളങ്ങുന്ന ഈ ബന്ധം കണ്ട് നീർക്കുന്നം മാധവമുക്കിലെ പാളത്തിലൂടെ അഞ്ചുമണിയുടെ ട്രെയിൻ സമാധാനമായി പോകുന്നു.