കമലിനെ വിളിച്ചു, കാക്കോത്തിക്കാവിലെ സ്കൂള്‍കുട്ടി

'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികളില്‍ സ്കൂള്‍കുട്ടിയായി വേഷമിട്ട ആ ബാലനടിയെ സംവിധായകന്‍ കമല്‍ ഒടുവില്‍ കണ്ടെത്തി. 27 വര്‍ഷം മുന്‍പ് താന്‍ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് ഇന്നും നിറം മങ്ങാത്ത ഓര്‍മകള്‍ സൂക്ഷിക്കുന്ന സംവിധായകനുമായി സിന്ധു ഫോണില്‍ സംസാരിച്ചു. സൌഹൃദം പുതുക്കി, വിശേഷങ്ങള്‍ പങ്കുവച്ചു. ഒരു വാരികയില്‍ പ്രസിദ്ധീകരിച്ചുവരുന്ന ആത്മകഥയില്‍ കമല്‍ ഇൌ ചിത്രത്തെക്കുറിച്ചു പറഞ്ഞിരുന്നു.

സിനിമാചിത്രീകരണം കാണാന്‍ വന്ന കുട്ടികളില്‍ നിന്ന് മുഖഭാവം കൊണ്ടും പ്രസരിപ്പു കൊണ്ടും വ്യത്യസ്തയായി തോന്നിയ പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിക്കാനായി തിരഞ്ഞെടുത്ത കാര്യം അതില്‍ സ്മരിച്ചിരുന്നു. ആ കുട്ടിയെക്കുറിച്ച് പിന്നീട് ഒരു വിവരവുമില്ലെന്നും എവിടെയെന്ന് അറിയില്ലെന്നുമുള്ള കമലിന്റെ വാക്കുകള്‍ മലയാള മനോരമയുടെ വാചകമേളയില്‍ വന്നതാണ് സംവിധായകനും പഴയ ബാലനടിക്കും വീണ്ടും കണ്ടുമുട്ടാന്‍ വഴിയൊരുക്കിയത്.

സിന്ധു സുഹൃത്തുക്കള്‍ മുഖേന മലയാള മനോരമ ഓഫിസില്‍ ബന്ധപ്പെടുകയായിരുന്നു. കൃഷ്ണപുരം കാപ്പില്‍മേക്കിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ സിന്ധു പന്തളം ഉള്ളന്നൂര്‍ ഡിവിഎന്‍എസ്എസ് എല്‍പിഎസില്‍ അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോഴാണ് കാക്കോത്തിക്കാവില്‍ അഭിനയിച്ചത്.