എന്നെ അത്ഭുതപ്പെടുത്തിയ വ്യക്തിത്വം: കണ്ണൻ താമരക്കുളം

ഇന്ത്യൻ സിനിമയ്ക്ക് മാത്രമല്ല ലോകസിനിമയ്ക്ക് തന്നെ നഷ്ടമാണ് ഓംപുരിയുടെ വിയോഗമെന്ന് ആടുപുലിയാട്ടം സംവിധായകൻ കണ്ണൻ താമരക്കുളം. ഓം പുരി 2016ൽ അഭിനയിച്ച രണ്ടു സിനിമകളിൽ ഒന്നായിരുന്നു ആടുപുലിയാട്ടം. ഓംപുരിയെ കണ്ണൻ താമരക്കുളം അനുസ്മരിക്കുന്നു.

‘മലയാളത്തിൽ തിലകൻ സാറിന്റെ നഷ്ടം നികത്താൻ മറ്റൊരു നടനില്ലെന്ന് പറയുന്നതുപോലെയാണ് ഓം പുരിയും. അദ്ദേഹത്തെപ്പോലെ വലിയൊരു നടനൊപ്പം കട്ടും ആക്​ഷനും പറയാൻ സാധിച്ചത് തന്നെ മഹാഭാഗ്യമായി കരുതുന്നു.

ജീവിതത്തിൽ എല്ലാ കാര്യത്തിലും കൃത്യനിഷ്ട പാലിച്ചിരുന്ന വ്യക്തിയാണ് ഓംപുരി. ഏഴ് മണിക്ക് ഷൂട്ട് തുടങ്ങിയാൽ കൃത്യസമയത്ത് എത്തും. അഞ്ച് മിനിട്ട് താമസിച്ചുപോയാൽ ക്ഷമ പറഞ്ഞ് എത്തുമായിരുന്നു. വളരെ ഇന്റലിജെന്റ് ആണ് അദ്ദേഹം. വലിയൊരു നടന്റെ ഒരു തലക്കനവും ഇല്ലാതെ സെറ്റിൽ മുഴുവൻ ജോളിയായി അദ്ദേഹം ഞങ്ങളുടെയും ഒരംഗമായി മാറി.

അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോൾ മറക്കാനാകാത്ത ഒരു സംഭവമുണ്ട്. ഓം പുരി സാറിനോട് അൽപം ഭയത്തോടും ബഹുമാനത്തോടും കൂടിയാണ് എല്ലാവരും ഇടപെടാറുള്ളത്. ഇത്ര വലിയ നടനല്ലേ. ഷൂട്ട് തുടങ്ങി 4 ദിവസം പിന്നിട്ടു. ഒരുദിവസം രാത്രി പത്തരമണിക്ക് ഹോട്ടൽറൂമിലിരുന്ന് ഫുഡ് കഴിക്കുകയാണ്. പെട്ടന്നൊരു കോളിങ് ബെല്ല്.

വാതിൽ തുറക്കുമ്പോൾ ഓം പുരി. ഞാൻ പേടിച്ച് പോയി. ഷൂട്ടിൽ എന്തെങ്കിലും കുഴപ്പമുണ്ടായോ, അദ്ദേഹത്തിന് എന്തെങ്കിലും അസൗകര്യം നേരിട്ടോ എന്നൊക്കെയായിരുന്നു എന്റെ ചിന്ത. എന്നാൽ അദ്ദേഹം എന്നെ കാണാൻ വന്നത് മറ്റൊരു കാര്യത്തിന് വേണ്ടിയായിരുന്നു.

ഷൂട്ട് തുടങ്ങി ഇത്ര ദിവസമായിട്ടും സംവിധായകനെ ശരിക്കൊന്ന് കണ്ടില്ലല്ലോ? അതുകൊണ്ട് താങ്കളുമായി സംസാരിക്കാൻ വന്നതാണെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അങ്ങനെ അദ്ദേഹം എന്റെ കൂടെ ഇരുന്ന് ഭക്ഷണവും കഴിച്ചു.

ഞങ്ങൾക്കൊപ്പമല്ലായിരുന്നു സാറിന്റെ താമസം. അദ്ദേഹത്തിന് വലിയൊരു ഹോട്ടലിലാണ് താമസം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പിറ്റേദിവസം ഷൂട്ടിലെത്തിയപ്പോള്‍ താമസം ഞങ്ങൾക്കൊപ്പം തന്നെയാക്കണമെന്ന് പറഞ്ഞു. തന്നെ മറ്റൊരാളായി കാണേണ്ടന്നും നിങ്ങള്‍ക്കൊപ്പം നിൽക്കുന്ന വ്യക്തിയാണ് താനെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ആടുപുലിയാട്ടത്തിലെ യോഗേന്ദ്ര മുനിയെന്ന കഥാപാത്രം എഴുതുമ്പോൾ ഓംപുരിയെപ്പോലൊരു നടനെയാണ് മനസ്സിൽ കണ്ടത്. അദ്ദേഹവുമായി ആദ്യം ബന്ധപ്പെടുമ്പോൾ റിജിയണൽ സിനിമകളില്‍ അഭിനയിക്കുന്നത് നിർത്തിയെന്നായിരുന്നു പറഞ്ഞത്. പിന്നീട് ഞാനും നിർമാതാവും നേരിട്ട് പോയി കണ്ട് അദ്ദേഹത്തെ സമ്മതിപ്പിക്കുകയായിരുന്നു.

സിനിമയ്ക്ക് ശേഷം പ്രചാരണപരിപാടികൾ സ്വന്തം കൈയിൽ നിന്നും പൈസമുടക്കിയാണ് എത്തിയിരുന്നത്. മറ്റുള്ളവർ കണ്ടുപഠിക്കേണ്ട വ്യക്തിത്വം. അദ്ദേഹവുമായി വീണ്ടും സഹകരിക്കണമെന്ന ആ ആഗ്രഹം നഷ്ടസ്വപ്നമായി മാറി.’