കാവ്യയ്ക്കുമുണ്ട് റസിയയെപ്പോലൊരു സുഹൃത്ത്

കാവ്യ തന്റെ സുഹൃത്തിനൊപ്പം

സൗഹൃദങ്ങളുടെ കഥ പറഞ്ഞ ലാൽജോസിന്റെ ക്ലാസ്മേറ്റ്സ് എന്ന ചിത്രം മലയാളിക്ക് സമ്മാനിച്ച ഗൃഹാതുരത എത്ര വർണിച്ചാലും മതിയാവില്ല. ഇൗ ചിത്രമിറങ്ങിയതിനു ശേഷമാണ് കലാലയങ്ങളിലെല്ലാം ഗെറ്റുഗെദറുകൾ പൂർവാധികം ഭംഗിയായി വീണ്ടും സംഘടിപ്പിച്ചു തുടങ്ങിയത്. സിനിമയിലെ സുകുവിനേയും താരാ കുറുപ്പിനേയും മുരളിയേയും റസിയയേയുമൊന്നും നമുക്ക് മനസിൽ നിന്ന് അത്ര പെട്ടെന്ന് പറിച്ചെറിയാൻ കഴിയില്ല.

സിനിമയിലെ റസിയയെപ്പോലൊരു സുഹൃത്ത് കാവ്യയ്ക്കുമുണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം ഇൗ സുഹൃത്തിനെ കാവ്യ വീണ്ടും ദുബായിൽ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടി. ജസീല എന്നാണ് കാവ്യയുടെ സഹപാഠിയുടെ പേര്. സുഹൃത്തിനോടൊപ്പം ചേർന്നൊരു സെൽഫിയുമെടുത്തു. ഫോട്ടോയ്ക്കൊപ്പം കാവ്യ പോസ്റ്റ് ചെയ്ത ഫേസ് ബുക്ക് കുറിപ്പ് വായിക്കാം.

മതിയാവില്ലൊരുനാളിലും ഈ നല്ലൊരു നേരം... ഇനിയില്ലിതു പോലെ സുഖമറിയുന്നൊരു കാലം...

മലയാള സിനിമയിൽ ഗൃഹാതുരതയുടെ ഭംഗിയും, സ്നേഹസൗഹൃദങ്ങളുടെ ഭാഷ്യവും ഏറ്റവും മനോഹരമായി തന്നെ പ്രകടിപ്പിച്ച ക്ലാസ്സ്മേറ്റ്സ്‌ എന്ന സിനിമയിലെ ഈ പാട്ടിൽ അഭിനയിക്കാൻ ഭാഗ്യം ഉണ്ടായ എനിക്കു വിദേശത്ത്‌ വച്ച്‌ വർഷങ്ങൾക്കു ശേഷം അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഏറ്റവും പ്രിയപ്പെട്ട സഹപാഠി ജസീലയെ ചേർത്ത്‌ പിടിച്ച്‌ ഒരു സെൽഫീ എടുത്തപ്പോൾ അത്‌ ഒരുപാടു വർഷത്തെ ഓർമ്മകളുടെ കാറ്റാടി തണലേകി...