കാവ്യ മാധവന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ; പ്രതി പിടിയിൽ

കാവ്യാ മാധവന്റെ പേരിൽ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ചിത്രങ്ങളും വാർത്തകളും പ്രചരിപ്പിച്ചു വന്നയാൾ പൊലീസ് പിടിയിൽ. പന്തളം സ്വദേശി അരവിന്ദ് ബാബുവാണ് കൊച്ചിയിൽ അറസ്റ്റിലായത്.

തന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടെന്നറിഞ്ഞ നടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എം പി ദിനേശ് ഐപി എസ് ന് നേരിട്ട പരാതി നൽകുകയായിരുന്നു. തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ അരുൾ കൃഷ്ണ ഐ പി എസ് ന്റെ നേതൃത്വത്തിൽ കൊച്ചി സിറ്റി സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് അരവിന്ദ് ബാബുവിനെ കണ്ടെത്തിയത്.

നടിയുടെ ചിത്രവും പേരും ഉപയോഗിച്ചതിനു പുറമേ അപകീർത്തികരമായ പോസ്റ്റുകളും അശ്ലീല ചുവയുള്ള കമന്റുകളും പ്രതി വ്യാജ പ്രൊഫൈലിലൂടെ നിരന്തരം പ്രചരിപ്പിച്ചിരുന്നു. നാലു വർഷമായി ഇയാൾ ഈ ഫേയ്സ് ബുക്ക് അക്കൗണ്ട് ഉപയോഗിച്ചു വരിയായിരുന്നു.

നടിയുടെ പരാതിയിൽ അന്വേഷണം നടത്തിയ സൈബർ സെൽ 12 ഓളം വ്യാജപ്രൊഫൈലുകൾ കാവ്യാമാധവന്റേതായി കണ്ടെത്തി. മറ്റ് അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നും പ്രതികൾ ഉടൻ‌ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. സൈബർ സെല്ലിൽ നിന്നും അസി. കമ്മീഷണർ ബാബുകുമാർ എസ്‌സിപിഒ പ്രമോദ്, സിപിഒ രാജേഷ് എന്നിവർക്കൊപ്പം ഷാഡോ വിഭാഗത്തിൽ നിന്നും എസ് ഐ മാരായ എൽദോ ജോസഫ് നിത്യാനന്ത പൈ, എ എസ് ഐ അബ്ദുൾ ജബ്ബാർ, സി പി ഒ മാരായ ജയരാജ്, വാവ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.