വോട്ടഭ്യർത്ഥിച്ച് കാവ്യ മാധവനും

നീലേശ്വരത്ത് വോട്ടഭ്യർത്ഥനയുമായി കാവ്യ മാധവൻ. താരസുന്ദരി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത് ഒരു പാർട്ടിയ്ക്ക് വേണ്ടിയോ സ്ഥാനാർത്ഥികൾക്ക് വേണ്ടിയോ അല്ല. മെയ് 16 ന് നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് ആളുകളെ ബോധവത്കരിക്കുകയാണ് കാവ്യ. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ജില്ലയിൽ രണ്ടുലക്ഷം പേരാണ് സമ്മതിദാനാവകാശം നിർ‌വഹിക്കാതിരുന്നത്.

ജന്മനാടായ നീലേശ്വരത്ത് നിന്നും ഏതാനും കിലോമീറ്ററുകള്‍ മാറി ഭീമനടിയിലായിരുന്നു കാവ്യ ചൊവ്വാഴ്ച ബോധവത്കരണ പരിപാടിയുമായി എത്തിയത്. വോട്ട് ചെയ്യുക എന്നത് പൗരന്റെ കടമയാണ് എന്നും ജനാധിപത്യത്തില്‍ അത് എത്ര പ്രധാനപ്പെട്ടതാണ് എന്നും കാവ്യ ആളുകളോട് പറഞ്ഞു. അസംബ്ലി തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം കൂട്ടുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസാണ് പരിപാടി സംഘടിപ്പിച്ചത്.

‘ഞാൻ വോട്ട് ചെയ്യും, കടമ നിർവഹിക്കും’ എന്നെഴുതിയുള്ള സൈൻബോർഡിൽ കാവ്യ ഒപ്പുവച്ചതോടെയാണ് ബോധവൽക്കരണ പരിപാടിയ്ക്ക് തുടക്കമായത്.