കിക്കി; ബാല ലൈംഗിക പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന മുഖം

സ്ത്രീ സുരക്ഷ എന്നും ഒരു ചോദ്യചിഹ്നമായി മാത്രം അവശേഷിക്കുന്ന നമ്മുടെ നാട്ടിൽ, അറിഞ്ഞും അറിയാതെയും ലൈംഗീക പീഡനത്തിനു ഇരയാകുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു വരുന്നതായി ഇത് സംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നു. സ്വന്തം വീട് പോലും സുരക്ഷിതമല്ലാത്ത അവസ്ഥ, അച്ഛന്റെയും ആങ്ങളയുടെയും അമ്മാവന്റെയും സ്ഥാനത്ത് കണ്ടവർ തന്നെ എന്താണ് ചെയ്യുന്നത് എന്ന് പോലും മനസിലാവാത്ത പ്രായം. ഇത്തരത്തിൽ ബാല ലൈംഗീക ചൂഷണത്തിന് ഇരയാകുന്ന ഒരു 5 വയസ്സുകാരിയുടെ കഥ പറയുകയാണ്‌ വൈശാഖ് ജി അശോക്‌ സംവിധാനം ചെയ്ത കിക്കി എന്ന ചിത്രം.

ബാല്യത്തിന്റെ നിഷ്കളങ്കതയെ പ്രതിനിദാനം ചെയ്ത് അഭിനേതാക്കൾക്ക് പകരം പാവകൾ കഥാപാത്രങ്ങളാകുന്ന 6 മിനുട്ട് ദൈർഘ്യമുള്ള ഈ ചിത്രത്തിൻറെ ഓരോ സെക്കന്റും ശ്വാസമടക്കി പിടിച്ചു മാത്രമേ കാണാനാകൂ. കഥാന്ത്യം തന്റെ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന പൊന്നോമന സുരക്ഷിതയാണോ എന്ന ചോദ്യം ഓരോ മാതാപിതാക്കളിലും ബാക്കിയാകുന്നു.

ജോലി തിരക്കുകളിൽ പെട്ട് മക്കളെ വീട്ടിലും ഡേ കെയറിലും ഒറ്റക്കാക്കുകയും വീടിനു വിളക്ക് ആകേണ്ട അപ്പൂപ്പനമ്മൂമ്മമാരെ വൃദ്ധ സദനത്തിലും തള്ളുന്നവർ കണ്ടിരിക്കേണ്ട ചിത്രം. മാധ്യമത്തിന്റെ കണ്ണിൽപെടാതെ ആരും അറിയാതെ പോകുന്ന ബാല ലൈംഗീകാതിക്രമങ്ങളുടെ ശബ്ദിക്കാനാവാത്ത രക്തസാക്ഷിയാവുകയാണ് കിക്കി. മലയാളത്തിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത രീതിയിൽ വ്യത്യസ്തമായാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് നവമാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.