ചിരി മറുപടി; ജഗതിയെ കാണാന്‍ കോടിയേരിയെത്തി

മലയാള സിനിമയുടെ അമ്പിളിയെ കാണാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്‍ എത്തി. ക്യാമറ കണ്ണുകളോടൊപ്പം അദ്ദേഹം രംഗപ്രവേശം ചെയ്തപ്പോള്‍ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ വേദനയ്ക്കിടയിലും ആ മഹാനടന്റെ മുഖത്തു ചിരി വിടര്‍ന്നു. വന്നതു പരിചയക്കാരനെന്ന ഭാവത്തില്‍ മുഖം ഉയര്‍ത്തി അല്‍പനേരം നോക്കി. മനസ്സിലായോ എന്ന സഖാവിന്റെ ചോദ്യത്തിനു മറുപടി നിഷ്കളങ്കമായ ചിരി മാത്രം.

തുടര്‍ന്നു മരുമകന്‍ ഷോണ്‍ ജോര്‍ജ് അതിഥി ആരാണെന്നു പറഞ്ഞുകൊടുക്കാനുള്ള ശ്രമം. അപ്പോഴും മലയാളിയെ എക്കാലവും പൊട്ടിചിരിപ്പിച്ച ആ മുഖം ക്യാമറയുടെ വെളിച്ചത്തിലേക്കു മിഴിചിമ്മാതെ നോക്കുകയായിരുന്നു. ചുറ്റും കൂടിയ മാധ്യമ പ്രവര്‍ത്തകരിലാരോ നടനോട് ഒരു ഹായ് അവശ്യപ്പെട്ടു. മകന്‍ രാജ്കുമാര്‍ കൈപിടിക്കേണ്ട താമസം പറഞ്ഞതു മനസ്സിലായെന്നമട്ടില്‍ ഇടത്തെ കൈയുയര്‍ത്തി വീശി. അപ്പോഴും ആ മുഖത്തുനിന്നും ചിരി മാഞ്ഞില്ല.

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണു കോടിയേരിബാലകൃഷ്ണന്‍ ജഗതിയെ കാണാന്‍ പേയാടുള്ള വീട്ടില്‍ എത്തിയത്. വീട്ടിലുണ്ടായിരുന്ന ഭാര്യ ശോഭാ ശ്രീകുമാറിനോടും മകള്‍ പാര്‍വതിയോടും മരുമകള്‍ പിങ്കിയോടും ജഗതിയുടെ ചികില്‍സയെ പറ്റിയും മറ്റു ദൈനദിന കാര്യങ്ങളെപ്പറ്റിയും ചോദിച്ചു. ഇരുപതു മിനിറ്റുകള്‍ക്കുശേഷം കറുപ്പും വെള്ളയും കലര്‍ന്ന ഷര്‍ട്ടും വെള്ള പാന്റും കുങ്കുമക്കുറിതൊട്ട ആ മുഖമായി മരുമകന്‍ ഷോണ്‍ ജോര്‍ജിന്റെ സഹായത്തേടെ വീല്‍ചെയറില്‍ ജഗതി കോടിയേരിയെ യാത്രയാക്കാന്‍ വീടിന്റെ വരാന്തയിലെത്തി. അപ്പോഴെക്കും മരുന്നു കഴിച്ചശേഷം പതിവുള്ള ഉച്ചമയക്കത്തിന്റെ ക്ഷീണം ജഗതിയുടെ മുഖത്തു കാണാമായിരുന്നു.

അപകടം നടന്ന സമയത്തു കോഴിക്കോടെത്തി ജഗതിയെ കണ്ടിരുന്നു. പിന്നെ ഇപ്പോഴാണു കാണാന്‍ സാധിച്ചെതെങ്കിലും പതിവായി ഷോണിനെ വിളിച്ചു കാര്യങ്ങള്‍ തിരക്കുമായിരുന്നു. ചികില്‍സ തുടരുന്നതിനാല്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും വളരെ താമസിയാതെ തന്നെ അദ്ദേഹം വെള്ളിത്തിരയില്‍ തിരിച്ചെത്തുമെന്നും കോടിയേരി പറഞ്ഞു.