മണിയുടെ ആന്തരികാവയവങ്ങൾ ഡൽഹിയിലെ കേന്ദ്ര ലാബിലേക്ക് അയച്ചേക്കും

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സംഘം ചാലക്കുടി പുഴയിൽ തിരച്ചിൽ നടത്തുന്നു

കലാഭവൻ മണിയുടെ മരണം സൃഷ്ടിച്ച അനിശ്ചിതത്വം തുടരുന്നു. ബന്ധുക്കളുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലേക്കു ശ്രദ്ധകേന്ദ്രീകരിച്ചാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കങ്ങൾ. മണിയുടെ ഭാര്യാപിതാവ് സുധാകരനെ നാലു തവണ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. മണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം.

അതേസമയം, മണിയുടെ മരണദിവസം അദ്ദേഹത്തിന്റെ ഔട്ട്ഹൗസ് ആയ പാടിയിൽനിന്നു സഹായികൾ രണ്ടു ചാക്കുകളിലായി കൊണ്ടുപോയതു തേങ്ങയും പച്ചക്കറിയുമാണെന്നു കണ്ടെത്തി. ഇതിൽ തെളിവു നശിപ്പിക്കാനുള്ള സാധ്യത ഇതോടെ ഇല്ലാതായി.

അന്വേഷണം കൂടുതൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി സംഘത്തെ ആറു സ്ക്വാഡുകളായി ഐജി എം.കെ. അജിത് കുമാർ തിരിച്ചിട്ടുണ്ട്. മണിയുടെ സാമ്പത്തിക സ്രോതസും പണവിനിയോഗവും അന്വേഷിക്കുകയാണ് ഒരു സ്ക്വാഡിന്റെ മുഴുവൻ സമയ ഉത്തരവാദിത്തം. ഇതുവരെ ഇരുന്നൂറിലേറെപ്പേരെ ചോദ്യംചെയ്തു കഴിഞ്ഞു.

പാടിയുടെ മുൻഭാഗത്തെ ചാലക്കുടിപ്പുഴക്കടവിൽ പൊലീസ് വള്ളത്തിൽ പരിശോധന നടത്തി. രാവിലെ ഒൻപതിനാരംഭിച്ച തിരച്ചിൽ ഏഴു മണിക്കൂർ നീണ്ടു. പക്ഷേ, ഒഴിഞ്ഞ ചില കുപ്പികളല്ലാതെ അന്വേഷണത്തിനു സഹായകരമാകുന്ന മറ്റൊന്നും ലഭിച്ചില്ല.