ലാലിന്റെ ചോദ്യത്തിൽ ക്ലാസ്മേറ്റ്സിന്റെ തിരക്കഥ മാറ്റി; ലാൽ ജോസ് വെളിപ്പെടുത്തുന്നു

രസികൻ എന്ന സിനിമയുടെ പരാജയഭാരവുമായാണ് ലാൽജോസ് ക്ലാസ്മേറ്റ്സ് സിനിമ ചെയ്യുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ വിജയത്തിന് സംവിധായകൻ ലാലിനും ഒരു സുപ്രധാനപങ്കുണ്ട്. ലാലിന്റെ ആ ചോദ്യമായിരുന്നു ക്ലാസ്മേറ്റ്സിന്റെ ദിശമാറ്റി എഴുതിയത്. ആ കഥ ലാൽജോസ് വെളിപ്പെടുത്തുന്നു...

‘രസികൻ ഇറങ്ങി പരാജയപ്പെട്ട് കംപ്ലീറ്റ് പ്യൂപ്പ ദശയിലേക്ക് തിരിച്ചുപൊയ്ക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ക്ലാസ്മേറ്റിന്റെ കഥയുമായിട്ട് ജയിംസ് വരുന്നത്. ജെയിംസ് പറഞ്ഞപ്പോൾ തന്നെ ഒരു ക്യാംപസ് രീതിയിലുള്ള സ്റ്റോറി എന്ന രീതിയിൽ ഭയങ്കരമായിട്ട് ഇഷ്ടമായി.

സ്ക്രിപ്റ്റ് വർക്ക് ചെയ്ത ശേഷം ആ കഥ സിദ്ദിഖ്-ലാലിലെ ലാൽ സാറിന് അവരുടെ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ലാൽ റിലീസിൽ ഡിസ്ട്രിബ്യൂഷൻ എടുക്കുമോ എന്നറിയാൻ വേണ്ടി അവരോട് കഥ പറയാൻ പോയപ്പോൾ ലാലേട്ടൻ പറഞ്ഞു. കഥയൊക്കെ രസമുണ്ട് ഈ കഥയുടെ തുടക്കവും അവസാനവും രസമുണ്ട്. പക്ഷേ ഇടയിലുള്ള കഥ ലാലുവിൽ നിന്നു പ്രതീക്ഷിക്കുന്ന ഒരുകാര്യമല്ല ഫീൽ ചെയ്തത്.

അന്ന് പ്ലാൻ ചെയ്തിരുന്നത് ബാംഗ്ലൂരിൽ ഹൈടെക് എൻജിനിയറിങ് കോളജിൽ നടക്കുന്നതായിട്ടാണ് ഈ സിനിമ പ്ലാൻ ചെയ്തിരുന്നത്. ലാൽ സാർ പറഞ്ഞു ഡിസ്ട്രിബ്യൂട്ട് ചെയ്തോളാം പടം ഓടുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ഇടയിലുള്ള ഈ കഥ ലാലു ചെയ്യുമ്പോൾ വിചാരിച്ചതുപോലെയല്ല വന്നിരിക്കുന്നത്. എനിക്കും ജെയിംസിനും ആ ചോദ്യത്തിൽ നിന്നുള്ള തിരിച്ചറിവ് ഉണ്ടായി. സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്ന ഡേറ്റ് ഫിക്സ് ചെയ്തിരിക്കുന്ന സമയമാണ്.

സിനിമ തുടങ്ങാനായിട്ട് രണ്ട് മൂന്ന് ആഴ്ചയേ ഉണ്ടായിരുന്നുള്ളൂ. ജെയിംസിനോട് പറഞ്ഞു ഈ രൂപത്തിൽ ചെയ്യുന്നില്ല. പ്രൊഡ്യൂസർക്ക് കഥ ഇഷ്ടമായതുകൊണ്ട് അവർ റെഡിയാണ്. അഭിനേതാക്കൾക്കും കഥ ഇഷ്ടമായി. അവരും റെഡിയാണ്. ലാലേട്ടൻ പറഞ്ഞതിൽ നിന്നും സ്ട്രൈക്ക് ചെയ്ത ഒരു കാര്യം, കോളേജ് അടിസ്ഥാനത്തിൽ ഒരു സിനിമ ചെയ്യുമ്പോൾ, ഒരു പരിചയവുമില്ല ഒരു പ്രൊഫഷണൽ കോളജിന്റെ ലൈഫ് എന്താണെന്ന്. കാരണം ബാംഗ്ലൂർ പോലുള്ള സിറ്റിയിൽ ക്യാംപസ് എങ്ങനെയാണെന്ന് പോലും കണ്ടിട്ടില്ല. കൊല്ലം ഫാത്തിമ കോളജിലെ ക്യാംപസ് പശ്ചാത്തലം ജെയിംസിനുണ്ട്.

അതുപോലെ എൻഎസ് എസ് കോളജിലെ സമ്പന്നമായ ഓർമകളുടെ പശ്ചാത്തലം എനിക്കുമുണ്ട്. മൂന്നു മാസത്തേക്ക് സിനിമ മാറ്റിവച്ച് നമുക്ക് പരിചയമുള്ള കോളജിലേക്ക് ഈ കഥ പറിച്ചുനട്ടുകൂടാ എന്ന ചിന്തയാണ് ഉണ്ടായത്. ഒന്നരവർഷം കൊണ്ട് ജെയിംസ് ആദ്യം എഴുതി സ്ക്രിപ്റ്റ് മുഴുവൻ മാറ്റി മൂന്നു മാസം കൊണ്ട് എഴുതിയ സിനിമയാണ് ക്ലാസ്മേറ്റ്സ് ആയിട്ട് തിയറ്ററിൽ വന്നത്.’ ലാല്‍ ജോസ് പറഞ്ഞു.