പാച്ചിക്കയുടെ കുടുംബത്തിനൊപ്പം മോഹൻലാൽ

സംവിധായകന്‍ ഫാസിലിനും കുടുംബത്തിനുമൊപ്പം മോഹൻലാൽ. സൗഹൃദസന്ദർശനത്തിന്റെ ഭാഗമായാണ് മോഹൻലാൽ ഫാസിലിന്റെ വീട്ടിലെത്തിയത്. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വിവരം ആരാധകരെ അറിയിച്ചത്.

എന്നിലെ നടനെ കണ്ടെത്തിയതും അത് വളര്‍ത്തിയതും ഫാസിലാണ്. പാച്ചിക്കയുടെ വീട്ടിലെത്തുന്നത് ഓര്‍മ്മകളിലേക്കുള്ള തിരിച്ചുപോക്കാണെന്നും മോഹൻലാൽ പറയുന്നു. ഫഹദും നസ്രിയയും ഫർഹാനും ഫാസിലും ഭാര്യയും മോഹൻലാലിനൊപ്പം ചിത്രത്തിലുണ്ട്. പ്രിയദർശന്‍റെ ഒപ്പം എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നാണ് ആലപ്പുഴയിലെ ഫാസിലിന്‍റെ വീട്ടിലേക്ക് മോഹന്‍ലാലെത്തിയത്.

മഞ്ഞിൽ വിരിഞ്ഞപൂക്കളിൽ തുടങ്ങി നോക്കെത്താദൂരത്ത് കണ്ണും നട്ടിലൂടെ മണിച്ചിത്രത്താഴും കടന്ന് ഹരികൃഷ്ണൻസും ലൈഫ് ഈസ് ബ്യൂട്ടിഫുള്ളും പിന്നിട്ട് വിസ്മയതുമ്പത്തു വരെ എത്തിനിൽക്കുന്നതാണ് മോഹൻലാൽ ഫാസിൽ കൂട്ടുകെട്ട്.

പിറന്നാളിനോട് അനുബന്ധിച്ച് മോഹൻലാൽ എഴുതിയ ബ്ലോഗിലും ഫാസിലിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്റെ അനാകര്‍ഷമായ ശരീരത്തിലും മുഖത്തിലും നോക്കി ഒരു നടനുണ്ട് എന്ന് തിരിച്ചറിഞ്ഞ ഫാസിലിന്, എന്റെ പാച്ചിക്കയ്ക്ക് എത്ര നന്ദി പറയണമെന്ന് അറിയില്ലെന്ന് ബ്ലോഗിലൂടെ മോഹൻലാൽ എഴുതിയിരുന്നു.