ബോളിവുഡിലും ലെനയ്ക്ക് ഭാഗ്യവേഷം

വ്യത്യസ്തമായ വേഷങ്ങൾ ഏറെ കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് ലെന. ഇമേജ് നോക്കാത്ത, ഏതു വേഷവും കൈകാര്യം ചെയ്യാൻ കെൽപ്പുള്ള നായികമാരിലൊരാൾ. കഥാപാത്രങ്ങളുടെ വ്യത്യസ്തതയും ചങ്കൂറ്റവും ജീവിതത്തിലും കാണിക്കുന്ന ലെന നേടിയെടുത്തതും ഒരുപിടി കൊതിപ്പിക്കുന്ന നേട്ടങ്ങളാണ്. ഇപ്പോഴത് ദാ ബോളിവുഡിലേക്കും എത്തിയിരിക്കുന്നു.

സൂപ്പർ സ്റ്റാർ അക്ഷയ് കുമാറിനൊപ്പം എയർ ലിഫ്റ്റ് എന്ന സിനിമയിലാണ് ലെന അഭിനയിക്കുന്നത്. ബോളിവുഡിൽ അഭിനയിക്കുന്നുവെന്നതല്ല പ്രത്യേകത. മലയാളിയായിട്ടാണ് ലെന അഭിനയിക്കുന്നത് എന്നതാണ് രസം. അതിലെ പ്രാധാന്യം അതാണ്. ബോളിവുഡ് സിനിമയിൽ അക്ഷയ് കുമാറിനൊപ്പം ഒരു മലയാളിയുടെ വേഷം. ഒരു ബോളിവുഡ് സിനിമയിൽ കേരളത്തനിമയുള്ള വസ്ത്രമണിഞ്ഞ് അഭിനയിക്കാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ലെന പറയുന്നു.

ലെനയുടെ അഭിനയ ജീവിതത്തിലെ വലിയൊരു നാഴികക്കല്ലാകും ഈ വേഷം എന്നതിൽ തർക്കമില്ല. എന്നു നിന്റെ മൊയ്തീനിലെ പാത്തുമ്മ എന്ന കഥാപാത്രമാണ് ഏറ്റവുമൊടുവിലായി ലെനയുടെ അഭിനയ തീവ്രതയറിയിച്ച ചിത്രം.