മാറാന്‍ ഉദ്ദേശമില്ല : ലിജോ പെല്ലിശ്ശേരി

ആമേന്‍ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരലിന് സമ്മിശ്രപ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിക്കുന്നത്. ഒരു പരീക്ഷണചിത്രമെന്ന നിലയില്‍ ആവിഷ്കരിച്ചിരിക്കുന്ന ചിത്രത്തെ പ്രേക്ഷകര്‍ വേണ്ടത്ര ഏറ്റെടുത്തുമില്ല.

സോഷ്യല്‍മീഡിയയലും മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചിത്രത്തെക്കുറിച്ച് മോശം നിരൂപണമാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതൊന്നും ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനെ തെല്ലും തളര്‍ത്തുന്നില്ല.

‘എല്ലാവരും ക്ഷമിക്കുക, മാറാന്‍ ഉദ്ദേശമില്ല, മതിപ്പ് ഉണ്ടാക്കാന്‍ താല്‍പര്യവുമില്ല.’ ഇങ്ങനെയായിരുന്നു സിനിമയുടെ പ്രതികരണം അറിഞ്ഞ ശേഷം സംവിധായകന്‍റെ പ്രതികരണം.

രണ്ടു രത്‌നങ്ങള്‍ തേടി പോകുന്ന ചിലരുടെ കഥയാണ് 'ഡബിള്‍ ബാരല്‍' പറയുന്നത്. മലയാള സിനിമ ഇത് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചില കഥാപാത്രങ്ങളും അവതരണരീതിയുമാണ് ചിത്രത്തിന്‍റെ പ്രത്യേകത. അതില്‍ ഒന്നാണ് ചിത്രത്തിലെ വിദേശികളായ കഥാപാത്രങ്ങള്‍ എല്ലാം മലയാളത്തിലാകും സംസാരിക്കുക. കോമിക്ക് കഥകളുടെ ശൈലിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നാലു കൊറിയോഗ്രാഫര്‍മാരും നൂറിലേറെ റഷ്യന്‍, ആഫ്രിക്കന്‍ എക്സ്ട്രാ താരങ്ങളും. ഇവരെല്ലാം സംസാരിക്കുന്നതു മലയാളം. നാലു ക്യാമറയില്‍ അറുപത് ദിവസം ഷൂട്ട് ചെയ്ത ചിത്രമാണിത്. അഭിനന്ദ് രാമാനുജന്‍ ആണ് ക്യാമറ.