ദൈവത്തിന്റെ ലിമിറ്റഡ് എഡിഷൻ

അവരുടെ ഭാഷ നമുക്ക് മനസിലാകില്ല...അല്ലെങ്കിൽ മനസിലാക്കുവാൻ ശ്രമിക്കാറില്ല. അവർക്ക് അവരുടേതായ ഒരു ലോകമുണ്ട്. മത്സരങ്ങളില്ലാത്ത അസൂയയില്ലാത്ത ഒന്നിനെ കുറിച്ചും ആവലാതികളില്ലാത്ത നിറങ്ങൾ മാത്രമുള്ള ലോകം. പുറത്തു നിന്ന് നോക്കുന്ന നമ്മൾ അവരുടെ കുറവുകളെ കണ്ട് സഹതപിക്കുവാനേ ശ്രമിക്കാറുള്ളൂ...അല്ലേ പലപ്പോഴും...അങ്ങനെ തന്നെ. നമുക്കിടയിൽ ചിലർ അവർക്കൊപ്പം സഞ്ചരിക്കുന്നുണ്ട് അസാധാരണമായി. ആത്മാവുകൊണ്ട് അവരെ സ്നേഹിച്ചുകൊണ്ട് ഒപ്പം ചേർത്തുകൊണ്ട്...നെസറ്റ് അങ്ങനെയുള്ളവരുടെ കൂടാരമാണ്. ഈ ചിത്രം അവർക്കുള്ളതാണ്. ലിമിറ്റ‍ഡ് എഡിഷൻ എന്ന ഡോക്യുമെന്ററി പങ്കുവയ്ക്കുന്നത് അൺലിമിറ്റ‍ഡ് അല്ലെങ്കിൽ ആകാശം പോലെ അതിരുകളില്ലാത്ത, രക്തബന്ധത്തിനപ്പുറമുളള സ്നേഹ ബന്ധങ്ങളെ കുറിച്ചാണ്. വലിയ സമ്മാനങ്ങളൊന്നും വേണ്ട, കൈയിലൊന്ന് പിടിച്ചാൽ കവിളത്തൊരു ഉമ്മ കൊടുത്താൽ തലമുടിയിലൊന്നു മെല്ലെ തലോടിയാൽ മനസ് നിറഞ്ഞ് സന്തോഷിക്കുന്ന പച്ചയായ മനുഷ്യ ജന്മങ്ങളെ കുറിച്ചുള്ള കഥയാണ്.

പ്രതീക്ഷകളുടെ കടൽദൂരം: എഡിഷൻ എന്ന ഡോക്യുമെന്ററിയിൽ നിന്നൊരു രംഗം

മമ്മദിനെ കാണുമ്പോൾ നമുക്ക് തോന്നും പാവം കുട്ടി...പക്ഷേ അവൻ മിടുക്കനാണ്. ദൈവത്തിന്റെ കുഞ്ഞ്. അവനെ പോലുള്ള ഒരുപാട് കുട്ടികൾ ഇവിടുണ്ട്. സംവിധായകൻ ലാൽ ജോസ് പറഞ്ഞിട്ടാണ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനായ അനൂപും ജിതിനും കോഴിക്കോടുള്ള നെസ്റ്റിലേക്ക് കാമറയുമായി ചെല്ലുന്നത്. സിനിമാ സെറ്റിലേക്ക് പോകും പോലെ കാമറ യൂണിറ്റുമായി കടന്നു ചെല്ലാവുന്ന ഒരു സ്ഥലമല്ലായിരുന്നു അത്. അതുമാത്രമല്ല, എന്ത് ചിത്രീകരിക്കണം എങ്ങനെയടുക്കണം എന്നതിനെ കുറിച്ച് ഈ രണ്ട് സിനിമാ വിദ്യാർഥികൾക്കും അറിവുമില്ലായിരുന്നു. വലിയ പ്രതീക്ഷകളുമായി സംവിധായകരെ കാത്തിരിക്കുകായിരുന്നു നെസ്റ്റിലുള്ള മുതിർന്നവർ. പിന്നെ കയറി ചെന്നിടത്ത് കാണാനുണ്ടായിരുന്നത് നെഞ്ചിൽ തറയ്ക്കുന്ന കാഴ്ചകളും.

ലിമിറ്റഡ് എഡിഷൻ എന്ന ഡോക്യുമെന്ററിയിൽ നിന്ന്

ബുദ്ധിയുടെ ചരടുകൾ പൊട്ടിപ്പോയവർ, പിറന്നു വീണിട്ടു പിന്നീടൊരിക്കലും നടക്കാത്തവർ, സ്വന്തം കൈകൊണ്ട് ഒരു പിടി ചോറു വാരിത്തിന്നണമെന്ന് ആശിക്കുന്നവർ‌, ശരീരം തളർന്നുപോയവർ, അവർക്കൊപ്പം ജീവിതത്തിലെ മറ്റെല്ലാ സന്തോഷങ്ങളും മാറ്റിവച്ച് നിൽക്കുന്ന അമ്മമാർ, ദീർഘനാളത്തെ ഫിസിയോതെറാപ്പിക്കുശേഷം ആരുടെയെങ്കിലും കൈത്താങ്ങിലൊന്നു എഴുന്നേറ്റ് നിൽക്കുമ്പോൾ നിറഞ്ഞു പുഞ്ചിരിക്കുന്ന കുഞ്ഞുങ്ങൾ ഒരു നിയോഗം ഇവരെ കൈപിടിക്കുന്ന അധ്യാപക സംഘം. ഇവരെല്ലാം ചേർന്നതാണ് നെസ്റ്റ്.

ലിമിറ്റഡ് എഡിഷനിൽ മമ്മദ്

ജിതിനും അനൂപും അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴായിരുന്നു പിന്നിൽ നിന്ന് ആരോ തട്ടിയത്. നോക്കിയപ്പോൾ മമ്മദ്. എന്താ ഇങ്ങനെയിരിക്കണേ ഒരു ഐഡിയയുമില്ലാലേ...എന്ന മട്ടിൽ ഇവരെ നോക്കി ആക്ഷനും കാണിച്ച് മമ്മദങ്ങ് പോയി. ഇവരുടെ അവസ്ഥ എന്തെന്ന് അവന് നന്നായി മനസിലായിരുന്നു. ഡോക്യുമെന്ററി എങ്ങനെ ചെയ്യണമെന്ന് ഒരു ആശയവും ഇരുവരുടെയും മനസിലുദിച്ചില്ല വൈകുന്നേരം വരെ. നെസറ്റിലെ ആദ്യ ദിനം കഴിഞ്ഞ് പോകാനിറങ്ങുമ്പോൾ പുറകേ നിന്ന് ഓടിവന്ന് ആരോ ജിതിനെയും അനൂപിനെയും കെട്ടിപ്പിടിച്ചു. അത് മമ്മദായിരുന്നു. എല്ലാം ശരിയാകുമെന്ന് ആ കുഞ്ഞിക്കണ്ണുകൾ പറയും പോലെ തോന്നി ഇരുവർക്കും. ആ നിമിഷമാണ്, മമ്മദാണ് പിന്നീട് ആ നെസറ്റിനെ ഫ്രെയിമുകളിലൊതുക്കാനുള്ള നല്ല യാത്രയ്ക്ക് ഈ സംവിധായകർക്ക് വഴിതുറന്നത്. നിഷ്കളങ്കരായ ഈ കുട്ടികളിലൂടെ മാത്രമേ ഡോക്യുമെന്ററി സഞ്ചരിക്കൂ എന്ന് തീരുമാനിച്ചത് മമ്മദ് കാരണമായിരുന്നു. അവനാണ് സങ്കടം വേണ്ട നിറയെ ചിരി മതി എന്ന് തീരുമാനിച്ചുകൊണ്ട് ഇവരെക്കൊണ്ട് കാമറയെടുപ്പിച്ചത്. മമ്മദിന്റെ ആക്ഷനെ കുറിച്ച് പറയുവാൻ വാക്കുകളില്ല. അവന്റെ ചിരിയും തലമുടി ചീകിയൊതുക്കുന്ന സ്റ്റൈലും യാത്ര പോകുന്ന ത്രില്ലും പതിനെട്ടു വർഷത്തിനു ശേഷം കടപ്പുറം കാണുന്ന യാസിറിക്കയ്ക്കൊപ്പമുള്ള അവന്റെ നിൽപും കണ്ടുതന്നെയറിയണം.

സ്നേഹത്തിന്റെ നോട്ടം: ലിമിറ്റഡ് എഡിഷനിൽ നിന്ന്

നെസ്റ്റ് മാത്രമല്ല വേദനയിൽ ഒറ്റപ്പെട്ടുപോയവരെ തേടി കടന്നുചെല്ലുന്ന കുട്ടികളുൾപ്പെടുന്ന പാലിയേറ്റിവ് കെയർ അംഗങ്ങളും ഡോക്യുമെന്ററിയിലെത്തുന്നുണ്ട്. പ്രമേയത്തിന്റെ ആഴത്തിനപ്പുറം അവതരണം കൊണ്ടും വ്യത്യസ്തമാണ് ഈ ഡോക്യുമെന്ററി. കഥാപാത്രങ്ങളുടെ യഥാര്‍ഥ ശബ്ദമൊളിപ്പിച്ച് അവരുടെ മനസിലെ ആശയത്തെ മറ്റുള്ളവരുടെ ശബ്ദത്തിലൂടെ, കോഴിക്കോടൻ ചേലിലാണ് അവതരിപ്പിക്കുന്നത്. ജിതിനാണ് ഈ സംഭാഷണമെഴുതി പ്രൊവിഡൻസ് കോളെജ് വിദ്യാർഥിനിയായ നികിതയുടേതാണ് പ്രധാന ശബ്ദം. ആദിഷ്, അനഘ, വിഷ്ണു, അമൽ, ജിതിൻ നസീ എന്നിവരാണ് മറ്റ് ശബ്ദ സാന്നിധ്യങ്ങൾ.

സ്നേഹം പങ്കിട്ട് മമ്മദും യാസിറക്കയും: ലിമിറ്റഡ് എഡിഷനിൽ നിന്ന്

ലിമിറ്റഡ് എഡിഷനെന്നു പേരിട്ട 25 മിനിട്ട് 43 സെക്കൻഡ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ഒരു ഓർമപ്പെടുത്തലാണ്. നൊമ്പര കാഴ്ചയുടെ പിന്നാമ്പുറങ്ങളിലേക്ക് നമ്മുടെ ചിന്തയെ ഒരുമാത്രയെങ്കിലും കുരുക്കിയിടുവാൻ ഒരു പുനർ ചിന്തനം നടത്തുവാൻ പ്രേരണയാകുന്ന കാഴ്ചയുടെ പുസ്തകം. ഇങ്ങനെയൊരു ജീവിതത്തെ അഭ്രപാളികളിലെത്തിച്ചതിന് ജിതിനും അനൂപം അവരെ അതിലേക്കെത്തിച്ച സംവിധായകൻ ലാൽ ജോസും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. അതിനേക്കാളുപരി നിറഞ്ഞു പുഞ്ചിരിച്ച് കാമറക്കണ്ണിനെ കരയിപ്പിച്ച നെസ്റ്റിലെ കുഞ്ഞുങ്ങളും.