ഇല്ല, ഞങ്ങൾ ഒരിക്കലും ഒരുമിക്കില്ല; തുറന്നടിച്ച് ലിസി

താരദമ്പതികളായ സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും വീണ്ടും വിവാഹിതരാകുന്നുവെന്ന് മലയാളത്തിലെ ചില ഓൺലൈൻ മീഡിയകളിൽ വാർത്തവന്നിരുന്നു.. വിവാഹ ബന്ധം വേര്‍പ്പെടുത്തി താമസിച്ചിരുന്ന ഇരുവരും അടുത്ത ഡിസംബറില്‍ വീണ്ടും വിവാഹിതരാകുമെന്നായിരുന്നു വാർത്ത.

എന്നാൽ ആ വാർത്ത തെറ്റാണെന്നും അതൊരിക്കലും സംഭവിക്കില്ലെന്നും വ്യക്തമാക്കി ലിസി രംഗത്തെത്തി. വിവാഹമോചനത്തിന്റെ കാരണമെന്തെന്ന് പ്രിയനും തന്റെ കുട്ടികൾക്കും ബഹുമാനപ്പെട്ട കോടതിയ്ക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കാരണങ്ങൾ അടിസ്ഥാനബന്ധം പോലും ഇല്ലാത്തതാണെന്നും ലിസി വ്യക്തമാക്കി.

പ്രിയദര്‍ശനും ലിസിയും പിരിയാനുണ്ടായ കാരണം ജ്യോത്സ്യപ്രവചനമാണെന്നാണ് ഒരു ഓൺലൈൻ മീഡിയയിൽ വന്ന വാർത്ത. പ്രിയദര്‍ശന്റെ ജീവന്‍ രക്ഷിക്കുന്നതിനും കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതിനും പ്രിയദര്‍ശനും ലിസിയും തല്‍ക്കാലം വേര്‍പിരിയണമെന്നും രണ്ടുവര്‍ഷം കഴിഞ്ഞ് ഇരുവരും വീണ്ടും വിവാഹിതരായി സന്തോഷത്തോടെ ജീവിക്കണമെന്നും പ്രമുഖനായ ഒരു ജ്യോത്സ്യന്‍ പറഞ്ഞുപോലും! ഇക്കാര്യം പ്രിയന്‍ അറിയാന്‍ പാടില്ലെന്നും കൂടി പറഞ്ഞു ഫലിപ്പിച്ചിരുന്നു. ജ്യോത്സ്യന്‍ പറഞ്ഞതുപോലെ ലിസി അക്ഷരംപ്രതി അനുസരിച്ചെന്നുമായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്.

ഏതൊക്കെ സാഹചര്യങ്ങളിലൂടെ സഞ്ചരിച്ചെന്നും വിവാഹമോചനം നൽകാനുമുള്ള കാരണങ്ങളെയും കുറിച്ച് ഇപ്പോള്‍ ചർച്ച ചെയ്യാനോ വെളിപ്പെടുത്താനോ ആകില്ലെന്നും ലിസി പറയുന്നു. ഇപ്പോൾ വന്നിരിക്കുന്ന വാർത്തയും അഭിമുഖങ്ങളും കെട്ടിച്ചമച്ചതാണ്. ഈ വിഷയത്തിൽ ഞാനാരോടും പ്രതികരിച്ചില്ല. എന്നാൽ ചിലർ എന്നെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു. പ്രിയദർശനുമായുള്ള വിവാഹമോചനം നിയമപരമായി പൂർത്തിയാകാൻ ഇനി മൂന്നുമാസത്തെ കാലതാമസമുണ്ട്. അതുവരെ പ്രിയദർശനെതിരെയുള്ള ഗാർഹിക പീഡനത്തിന്റെ കേസും തടഞ്ഞുവച്ചിരിക്കുകയാണ്. മറ്റുള്ള ആളുകളുടെ സ്വകാര്യതയിൽ കൈകടത്തി സന്തോഷം കണ്ടെത്തുന്നതിലൂടെ എന്താണ് നിങ്ങൾ നേടുന്നത്. ദയവായി ജീവിക്കാൻ അനുവദിക്കൂ. ലിസി പറഞ്ഞു.