പ്രേമം വ്യാജന്‍; പ്രിയദര്‍ശന് പിന്തുണയുമായി ലിസി

പ്രിയദര്‍ശന് പിന്തുണയുമായി ലിസി രംഗത്ത്. പ്രേമത്തിന്‍റെ സെന്‍സര്‍ കോപ്പി ചോര്‍ന്നത് പ്രിയദര്‍ശന്‍റെ സ്റ്റുഡിയോയില്‍ നിന്നാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ആ ആരോപണം അടിസ്ഥാനരഹിതമാണെന്നും നിര്‍മാതാവ് അന്‍വര്‍ റഷീദിന് പൂര്‍ണപിന്തുണയുണ്ടെന്നും ലിസി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലിസി പ്രിയദര്‍ശന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

പ്രേമം എന്ന സിനിമ ഞാനും കണ്ടിട്ടുണ്ട്. മികച്ച സൃഷ്ടിയാണത്. രാജാവിന്റെ മകന്‍ എന്ന ചിത്രത്തെ പോലെ മലയാള സിനിമാ ചരിത്രത്തില്‍ ഒരു മാറ്റം പ്രേമത്തിന് കൊണ്ടുവരാന്‍ സാധിച്ചെന്ന് ലിസി പറയുന്നു. ഞാനും ഒരു നിര്‍മാതാവായിരുന്നു. ആ നിലയില്‍ അന്‍വര്‍ റഷിദിനെ മനസ്സിലാക്കാനും അദ്ദേഹത്തിനെ വേദനകളറിയാനും എനിക്ക് കഴിയും. അതുകൊണ്ട് തന്നെ പൈറസിക്കെതിരെ അദ്ദേഹത്തിന് പൂര്‍ണ പിന്തുണയും അറിയിക്കുന്നു

ഈ സംഭവത്തില്‍ വ്യക്തിപരമായി എന്നെ വേദനിപ്പിച്ച മറ്റൊരു കാര്യമുണ്ട്. ഫോര്‍ ഫ്രെയിം സ്റ്റുഡിയോയുടെ പേര് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു കേള്‍ക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായുള്ള ഒരു വ്യക്തിയുടെ പ്രയത്‌നത്തിന്റെ ഫലമാണ് ഫോര്‍ഫ്രെയിം. ഞാനുളളപ്പോഴും ഇതുപോലൊരു പ്രവൃത്തി ആ സ്റ്റുഡിയോയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ലിസി പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഫോര്‍ഫ്രെയിം സ്റ്റുഡിയോയുമായി ഒരു ബന്ധവുമില്ല. എന്നാല്‍ അവിടെയുള്ള സ്റ്റാഫുകളെയെല്ലാം എനിക്കറിയാം. അവരാരും ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യില്ല. പ്രേമം സിനിമയോട് ചെയ്ത വലിയ കുറ്റമാണ്. ആ ക്രിമിനലുകളെ എത്രയും പെട്ടന്ന് കണ്ടെത്തണം. ലിസി പറഞ്ഞു.