ചാർലിയോ ലോഹമോ മുന്നിൽ ?

പോസ്റ്റർ

ചാർലിയാണോ ലോഹമാണോ ആദ്യ ദിന കളക്ഷനിൽ മുന്നിൽ ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമാ ലോകം ചർച്ച ചെയ്യുന്നത് ഇതിനെക്കുറിച്ചാണ്. സത്യത്തിൽ ഏതു ചിത്രത്തിനാണ് കളക്ഷൻ കൂടുതൽ ?

ഒരു സിനിമയുടെ കളക്ഷനെക്കുറിച്ച് ആധികാരികമായി പറയാൻ അതിന്റെ നിർമാതാവിനാവില്ല. ആ ചിത്രത്തിന്റെ ഡിസ്ട്രീബ്യൂട്ടർമാർ പറയുന്നതെന്തോ അതാണ് ചിത്രത്തിന്റെ കളക്ഷൻ. അവർ പറയുന്നതാണ് ആധികാരികമായ കണക്കും. പ്രമുഖ നിർമാതാവ് തന്നെയാണ് ഇക്കാര്യം പറഞ്ഞതും.

114 തിയറ്ററുകളിലാണ് ചാർലി ആദ്യദിനം റിലീസിനെത്തിയത്. 2 കോടിക്ക് അടുത്താണ് ചിത്രത്തിന് ലഭിച്ച കളക്ഷനെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞത്. ദുൽഖറിനെപ്പോലൊരു യുവനടനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കളക്ഷൻ തന്നെയാണ്.

ഇനി ലോഹത്തിലേക്ക് വരാം. 2.19 കോടിയാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷനെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും 2.54 കോടിയാണ് ലോഹത്തിന് ആദ്യ ദിനത്തിൽ ലഭിച്ചതെന്ന് ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂരിനോടടുത്ത വൃത്തങ്ങൾ പറയുന്നു. 141 തിയറ്ററുകളിലായിരുന്നു ലോഹം റിലീസ് ചെയ്തത്.

ദുൽഖർ സൽമാന്റെ 15–ാമത്തെ ചിത്രമാണ് ചാർലി. ലോഹം 141 തീയറ്ററുകളിൽ റിലീസ് ചെയ്തെങ്കിൽ ചാർലി എത്തിയത് 114 ഇടത്ത് മാത്രം. അങ്ങനെ നോക്കിയാൽ ചാർലി കൈവരിച്ച നേട്ടം റെക്കോർഡ് തന്നെയാണ്. പക്ഷെ ആദ്യ ദിന കളക്ഷനിൽ ലോഹം തന്നെ മുമ്പൻ.