അഭിനന്ദിച്ചേ മതിയാകൂ ഇൗ സിനിമയെ...

മലയാളസിനിമ ഇന്നുവരെ കാണാത്ത കാഴ്ചകളുടെ നവ്യാനുഭൂതി നൽകിയാണ് അനിൽ രാധാകൃഷ്ണ മേനോൻ ഒരുക്കിയ ലോർഡ് ലിവിങ്സറ്റൺ തിയറ്ററുകളിൽ എത്തിയത്. മനംനിറയ്ക്കുന്ന കുളിർമനൽകുന്ന കൺനിറയെ കാഴ്ചകളുള്ള ഈ സിനിമയുടെ യഥാർഥ ഭംഗി, അത് ആസ്വദിച്ച് അറിയുക തന്നെ വേണം. മലയാളത്തിൽ ഇത്തരം സിനിമകൾ അപൂർവമായേ സംഭവിക്കാറൊള്ളൂ...ആ കാഴ്ചകളെ കാണാതെ പോകരുത്.

തീയറ്റർ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാനാവാത്ത വിധം ദൃശ്യഭംഗിയുള്ള ചിത്രം. പുതുമയുള്ള കഥയും അവതരണരീതിയിലുള്ള വ്യത്യസ്ത തന്നെയാണ് മലയാളത്തിൽ ഈ സിനിമയെ മറ്റൊരു തലത്തിലെത്തിക്കുന്നത്. എന്തൊക്കെയായിരിക്കാം ഈ സിനിമയുടെ പ്രത്യേകതകളെന്ന് നോക്കാം....

ടി.വിയിൽ വരുമ്പോഴും സി ഡി എടുത്ത് കാണുമ്പോഴും ഒരു സിനിമ കൊള്ളാം എന്നു പറയുന്നതിലല്ല കാര്യം. പകരം അതിനെ തിയറ്ററിൽ അനുഭവിച്ച് അറിയുകയാണ് വേണ്ടത്. സിനിമയെ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകനെന്ന നിലയിൽ അവനവന്റെ തീരുമാനമാണ് ഏത് സിനിമ കാണണം കാണണ്ട എന്നത്. ഒരു സംവിധായകൻ അവന്റെ സൃഷ്ടിയെ പ്രേക്ഷകന് കാണാൻ നൽകുകയാണ്. അത് പ്രോത്സാഹിപ്പിക്കുകയും അതിനെ വിലയിരുത്തുകയും ചെയ്യുന്നത് അത് കാണുന്ന ആളുകളാണ്.

ഭൂമി മനുഷ്യന്റേതല്ല, മനുഷ്യൻ ഭൂമിയുടേതാണ്...അങ്ങനെയുള്ള നിങ്ങള്‍ക്കെങ്ങനെ ആകാശത്തെയും ഭൂമിയെയും വില്‍ക്കാനും വാങ്ങാനും കഴിയും? പ്രകൃതിയെ രക്ഷിക്കാൻ അവസാന മരത്തിന്റെ ജീവൻ സംരക്ഷിക്കാൻ ആഹ്വാനം ചെയ്യുന്ന സിനിമയാണ് ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ 7000 കണ്ടി.

സംവിധായകന്റെ ആ സന്ദേശം പ്രേക്ഷകന് തിരസ്കരിക്കാം. എന്നാൽ അതിലെ നന്മകൾ ഒരിക്കലും കണ്ടില്ലെന്ന് നടിക്കരുത്. ലോർഡ് ലിവിങ്സ്റ്റൺ നല്ലൊരു സന്ദേശമുള്ള സിനിമയാണ്. കാടിനെ നശിപ്പിക്കുന്നവർക്കെതിരായി, കാട്ടു മൃഗങ്ങളെ കൊല്ലുന്നവർക്കെതിരായുള്ള ചിത്രം. വെറുതെ ഒരുസിനിമയെടുത്ത് കളയാം എന്ന് ഉദ്ദേശിച്ച് ഒരുക്കിയ സിനിമയല്ല മറിച്ച് ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ച് ചിത്രീകരിച്ച സിനിമയാണ് ലോർഡ് ലിവിങ്സ്റ്റൺ.

ചിത്രത്തിനായൊരുക്കിയ അതിഗംഭീര സെറ്റ്. ആരെയും വിസ്മയിപ്പിക്കും. കലാസംവിധായകൻ ജ്യോതിഷ് ശങ്കറിന്റെയും കൂട്ടരുടെയും പരിശ്രമം. ഒരുപാട് കഥാപാത്രങ്ങളുടെ പ്രകടനം, ഒരുപാട് മനുഷ്യരുടെ പ്രയത്നം, ഒരു സംവിധായകന്റെ സ്വപ്നം. ഇത് പ്രകൃതിക്കു വേണ്ടി ചെയ്യുന്ന സിനിമയാണെന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ‌ പറഞ്ഞത്. അവസാന മരം രക്ഷിക്കാൻ ഒരു അവസാന ശ്രമം

ഛായാഗ്രഹണം അതി മനോഹരം. കാടിനെ അതിസൂക്ഷ്മമായി പകർത്തിയിരിക്കുന്നു. ഒപ്പം കാട്ടിലെ തീരെ ചെറിയ ശബ്ദങ്ങൾ വരെ. മലയാള സിനിമയാണെന്ന് ആരും പറയാത്ത വിധത്തിലുള്ള ചിത്രീകരണം. കോടികൾ മുടക്കിയ ബാഹുബലിയെ പുകഴ്ത്താമെങ്കിൽ വലിയ പണത്തിളക്കാമില്ലാത്ത ഇൗ ചിത്രത്തെയും നമുക്ക് അഭിനന്ദിക്കാം.

പ്രകൃതിയെയും മണ്ണിനെയും വായുവിനെയും പച്ചപ്പിനെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു നല്ല ഭൂമി സ്വപ്നം കാണുന്ന എല്ലാ ആളുകളും തീർച്ചയായും കണ്ട് അനുഭവിക്കേണ്ട സിനിമ തന്നെയാണ് ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ 7000 കണ്ടി.