7000 കണ്ടിയുടെ ട്രെയിലര്‍ റിലീസ് അങ്ങ് ബഹിരാകാശത്ത്

മലയാളസിനിമയുടേതെന്നല്ല ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വമ്പന്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനും സംഘവും. പുതിയ ചിത്രമായ ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടിയ്ക്കു വേണ്ടിയാണ് അമ്പരപ്പിക്കുന്ന പരീക്ഷണത്തിന് ഇവര്‍ ഒരുങ്ങുന്നത്.

സിനിമയുടെ ട്രെയിലര്‍ ബഹിരാകാശത്ത് റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. സെപ്റ്റംബര്‍ 30ന് മൂന്നാറില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സ്‌പേസ് ബലൂണിന്റെ സഹായത്തോടെയാണ് പരീക്ഷണം. ഗോ പോ കാമറ ഘടിപ്പിച്ച ബലൂണില്‍ ബഹിരാകാശത്തേക്ക് അയച്ചാകും റീലീസ്. കുസാറ്റിലെ വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് പരീക്ഷണം നടപ്പിലാക്കുന്നത്.

സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി'. നടക്കുമോയെന്നറിയില്ലാത്ത, ഏപ്പോഴെങ്കിലും നടന്ന, എന്നെങ്കിലും നടക്കേണ്ട ഒരു കഥ. ഒരു ഫാന്റസി സബ്ജക്റ്റ്. അതാണ് ലോർഡ് ലിവിങ്സറ്റൺ 7000 കണ്ടി എന്ന ചിത്രത്തിന്റെ പ്രമേയം.

കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, ചെമ്പന്‍ വിനോദ്, റീനു മാത്യൂസ്, ജേക്കബ് ഗ്രിഗറി, സുധീര്‍ കരമന, ഭരത്, ദിവ്യദര്‍ശന്‍, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രല്‍ അണിനിരക്കുന്നത്. വയനാട്, ഇടുക്കി, പൂനൈ, ചെന്നൈ എന്നിവിടെയാണ് ലൊക്കേഷന്‍. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ കീഴില്‍ പ്രേം മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐ, ബാഹുബലി എന്നീ ചിത്രങ്ങളുടെ കേരളത്തിലെ വിതരണക്കാരാണ് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ.