ലൂസിഫർ ഒരു സംഭവമാകും; മോഹൻലാൽ ചിത്രത്തെക്കുറിച്ച് പൃഥ്വി

മോഹൻലാൽ നായകൻ, സംവിധാനം പൃഥ്വിരാജ്, തിരക്കഥ മുരളി ഗോപി. ഏറെക്കാലമായുള്ള ആഗ്രഹം യാഥാർഥ്യമാകുന്ന കാര്യം പൃഥ്വിരാജ് തന്നെയാണു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. ആന്റണി പെരുമ്പാവൂരിനും മുരളി ഗോപിക്കും ഒപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്താണ് ആരാധകർക്കായി ഈ വാർത്ത പങ്കുവച്ചത്. തൊട്ടുപിന്നാലേ മോഹൻലാലിന്റെ ഫെയ്സ്ബുക് പോസ്റ്റും വന്നു.

ലൂസിഫർ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. മലയാള സിനിമയിലെ രണ്ടു പ്രതിഭകൾ ക്യാമറയുടെ പിന്നിൽ ഒരുമിക്കുന്ന അപൂർവ കാഴ്ചയെന്നാണു പുതിയ സിനിമയെ മോഹൻലാൽ വിശേഷിപ്പിക്കുന്നത്. പ്രിയപ്പെട്ട സുകുമാരേട്ടന്റെ മകൻ പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുമ്പോൾ കഥയും തിരക്കഥയും ഒരുക്കുന്നതു ഗോപിയേട്ടന്റെ മകൻ മുരളിഗോപിയാണ്. ബിഗ് ബജറ്റ് ചിത്രമായിരിക്കുമിതെന്നും മോഹൻലാൽ പറയുന്നു.

ടിയാൻ, കമ്മാരസംഭവം എന്നീ ചിത്രങ്ങൾക്കു ശേഷം താൻ എഴുതുന്ന ചിത്രമായിരിക്കും ലൂസിഫർ എന്നു മുരളി ഗോപി പറഞ്ഞു. മോഹൻലാലിനു വേണ്ടി ഒരു സിനിമ എഴുതണമെന്നതു കാലങ്ങളായുള്ള സ്വപ്നമാണ്. പൃഥ്വിരാജ് സംവിധായകനായി എത്തുന്നതു ഇരട്ടിസന്തോഷമുണ്ടാക്കുന്നുവെന്നു മുരളിഗോപി പറയുന്നു.