ഇത് ഇന്ത്യയാണ്,സൗദിയല്ല: ആസിഫിനെ വിമർശിച്ചവർക്കെതിരെ സംവിധായകൻ

ആസിഫ് അലിക്ക് നേരെയുള്ള ഫേസ്ബുക്ക് ആക്രമണത്തിനെതിരെ പ്രതികരണവുമായി സംവിധായകന്‍ എംഎ നിഷാദ്. ഭാര്യയ്ക്കും മകനും ഒപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടന് നേരെ അധിക്ഷേപവും അസഭ്യവര്‍ഷവുമായി ചിലര്‍ രംഗത്തെത്തിയത്.

നോമ്പ് കാലത്ത് മുഖം മറയ്ക്കാതെയുള്ള ഭാര്യയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് ആസിഫ് അലിക്കെതിരെ വിമർശകർ എത്തിയത്. ഈ വിഷയത്തില്‍ ആസിഫ് അലിയെ പിന്തുണച്ച് സംവിധായകൻ എം എ നിഷാദ് രംഗത്തെത്തി. ആസിഫ് അലി മുക്രിയും മുല്ലാക്കയുമല്ല നടനാണ് എന്ന് നിഷാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

എം എ നിഷാദിന്റെ കുറിപ്പ് വായിക്കാം–

പര്‍ദ്ദ ഒരു വസ്ത്രം മാത്രം... ഒരാള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുളള അവകാശം അയാള്‍ക്കാണ്.മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം ഏത് തരം വസ്ത്രം ഉപയോഗിക്കാനുളള സ്വാതന്ത്ര്യം നമ്മുക്കുണ്ട്..ഇത് ഇന്ത്യയാണ്, സൗദിയല്ല..ആസിഫ് അലി മുക്രിയും മുല്ലാക്കയുമല്ല അയാളൊരു നടനാണ്...

ഒരു കലാകാരനും അയാളുടെ കുടുംബവും എങ്ങനെ നടക്കണമെന്ന് തീരുമാനിക്കുന്നത് സദാചാര കുരുപൊട്ടിയ ഇവിടുത്തെ ചില നല്ല നടപ്പ് സമിതിയല്ല...അസഹിഷ്ണത എല്ലാ വിഭാഗങ്ങളിലുമുണ്ടെന്നതിനുളള ഏറ്റവും പുതിയ ഉദാഹരണമാണ് നടനെയും കുടുംബത്തെയും അപമാനിച്ച് കൊണ്ട് ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്..

ആരാണ് ശരി ചെയ്യുന്നതെന്ന് തീരുമാനിക്കുന്നത് താലിബാനിസം മനസ്സില്‍ കൊണ്ട് നടക്കുന്ന സദാചാര വാദികളല്ല... പര്‍ദ്ദ ഒരു വസ്ത്രം മാത്രമാണെന്നും ( അറേബ്യയയില്‍ നിന്ന് കടം കൊണ്ടതാണെന്ന്, മനസ്സിലാക്കാന്‍ ഇജ്ജ്യാതി കോയാമാര്‍ക്ക് കഴിയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍... വേണ്ട റംളാന്‍ മാസമായത് കൊണ്ട് അധികം പറയുന്നില്ല..അല്ലെങ്കില്‍ തന്നെ ഞാനൊരു ഔട്ട്സ്പോക്കെൺ ആയ സ്തിഥിക്ക്... പടച്ചവന്‍ കാക്കട്ടെ എല്ലാവരെയും ...