അഭിനയത്തില്‍ മോഹന്‍ലാലിന് നൂറില്‍ 99 മാര്‍ക്ക്

അഭിനയത്തില്‍ മോഹന്‍ലാലിന് നൂറില്‍ 99 മാര്‍ക്ക് നല്‍കുമെന്ന് മധു. ലാലിനെ വ്യക്തിപരമായി അറിയുന്നതിനെക്കാള്‍ കൂടുതലായി സിനിമകളിലൂടെയാണ് അറിഞ്ഞത്. ഇത്രയും വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്തിട്ടുള്ള ഒരു നായകനടന്‍ മറ്റൊരു ഭാഷയിലും ഉണ്ടെന്നു തോന്നുന്നില്ല. മധു പറയുന്നു.

മോഹന്‍ലാലിനെ താരതമ്യപ്പെടുത്താന്‍ അദ്ദേഹം അമിതാഭ്ബച്ചന്‍റെ പേരാണ് പറഞ്ഞത്. ബച്ചന്‍ മികച്ചൊരു ആക്ടറാണ്. പക്ഷേ വ്യത്യസ്തതയുള്ള കുറച്ച് കഥാപാത്രങ്ങളേ ചെയ്തിട്ടുള്ളൂ. എന്നാല്‍ മോഹന്‍ലാല്‍ അത്തരത്തിലുള്ള ഒരു നടനല്ല. ബച്ചനെക്കള്‍ വൈവിധ്യമായ വേഷങ്ങള്‍ ചെയ്തത് മോഹന്‍ലാല്‍ തന്നെയാണ് എന്ന് നിസംശയം പറയാം. ആ നിലയ്ക്ക് ഒരു നടനെന്ന നിലയില്‍ ലാലിന്‍റെ അഭിനയത്തിന് മാര്‍ക്കിടാന്‍ പറഞ്ഞാല്‍ നൂറില്‍ തൊണ്ണൂറ്റൊമ്പത് മാര്‍ക്കും നല്‍കും.

ഹി ഈസ് ഒണ്‍ ഓഫ് ദി ടോപ്. അത് മലയാളത്തിലെന്നല്ല, ഇന്ത്യയിലെന്നല്ല, അതിര്‍ത്തി കടന്നും ആ സ്ഥാനത്തിരിക്കാന്‍ ലാല്‍ അര്‍ഹനാണ്. എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിക്കാനുള്ള നൈസര്‍ഗ്ഗികമായ കഴിവ് മോഹന്‍ലാലിനുണ്ടെങ്കിലും എല്ലാവരുമായി അങ്ങനെ അടുക്കില്ലെന്ന് നടന്‍ മധു. സൗഹൃദങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്നതിലും ലാലിന് വല്ലാത്തൊരു വൈദഗ്ദ്ധ്യമുണ്ട്. അതുതന്നെയാണ് തന്നെയും ലാലിലേക്ക് അടുപ്പിച്ചത്. അനിയനോടുള്ള വാത്സല്യമാണ് ലാലിനോടുള്ളതെന്നും മധു പറഞ്ഞു.