മലയാളത്തിലെ സുന്ദരി അമ്മമാര്‍

മലയാളത്തില്‍ നായികമാരായി എത്തി പിന്നീട് കുടുംബിനികളായി മാറിയ ഒരുപാട് താരങ്ങള്‍ മലയാളത്തിലുണ്ട്. അമ്മമാരായി കുടുംബജീവിതം നയിച്ചവരില്‍ നിന്നും സിനിമയിലേക്ക് മടങ്ങിയെത്തിയവരും നിരവധി.

സംയുക്താ വര്‍മ

മലയാളത്തില്‍ പ്രേക്ഷകരോട് അടുത്തുനില്‍ക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത വര്‍മ. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്.

തന്റേടമുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മികച്ച നടിയായി സംയുക്ത മാറി. മഴ, മ ധുരനൊമ്പരക്കാറ്റ്,മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി.

2002, നവംബര്‍ 21ന് നടന്‍ ബിജു മേനോനെ വിവാഹം കഴിച്ച് സിനിമാരംഗം വിട്ടു. കുബേരൻ ആണ് അവസാനമായി അഭിനയിച്ച ചിത്രം.

ആനി

1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'അമ്മയാണെ സത്യം' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം. കൊളേജ് കഥാപാത്രങ്ങളിലൂടെയാണ് ആനി കൂടുതല്‍ പ്രശസ്തയാകുന്നത്. മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ച ആനി 1996ല്‍ സംവിധായകന്‍ ഷാജി കൈലാസിനെ വിവാഹം ചെയ്തു.

വിവാഹത്തോടെ അഭിനയരംഗത്തോട് വിട പറഞ്ഞ ആനി ഇപ്പോൾ ഭർത്താവും മക്കളുമൊത്ത് തിരുവനന്തപുരത്ത് വസിക്കുന്നു.

സംവൃത സുനില്‍

2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. മലയാളിത്തമുള്ള മുഖം കൊണ്ടും പുഞ്ചിരി കൊണ്ടും സംവൃത പെട്ടന്ന് ആരാധകരുടെ മനസ്സില്‍ കയറി.

അച്ഛനുറങ്ങാത്ത വീട്, വാസ്തവം, തിരക്കഥ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിയാണെന്നും താരം തെളിയിച്ചു. 2012 നവംബറില്‍ സംവൃത വിവാഹിതയായി. കോഴിക്കോട്ടുകാരനായ അഖിൽ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്.

നവ്യ നായര്‍

ദിലീപ് നായകനായ ഇഷ്ടം ആണ് ആദ്യ ചിത്രം. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ ബാലാമണിയിലൂടെ നവ്യ നായര്‍ മുന്‍നിരനായികമാരില്‍ ഒരാളായി മാറി. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.[5] അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്.

തമിഴ്, കന്നഡ ചിത്രങ്ങളിലും നവ്യ അഭിനയിച്ചിട്ടുണ്ട്. 2010ല്‍ നവ്യ വിവാഹിതയായി. സന്തോഷ് മേനോന്‍ ആണ് നവ്യയുടെ ഭര്‍ത്താവ്. വിവാഹശേഷവും നവ്യ സിനിമയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. മോഹന്‍ലാലിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്‍റെ കന്നഡ പതിപ്പില്‍ നവ്യ ആയിരുന്നു നായിക.

നിത്യ ദാസ്

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിലെത്തിയ താരം. എന്നാല്‍ നിത്യ ദാസും വിവാഹ ശേഷം സിനിമയോട് വിട പറഞ്ഞു. പഞ്ചാബിക്കാരനായ അരവിന്ദ് സിംഗാണ് നിത്യയുടെ ഭര്‍ത്താവ്.

2007 ലായിരുന്നു നിത്യയുടെയും അരവിന്ദ് സിംഗിന്റെയും വിവാഹം. സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നെങ്കിലും തമിഴ് സീരിയയിലിലൂടെ വീണ്ടും അഭിനയരംഗത്തെത്തിയിരുന്നു

വാണി വിശ്വനാഥ്

വിജയശാന്തിയ്ക്ക് ശേഷം മലയാളം കണ്ട ആക്ഷന്‍ നായിക. മംഗല്യചാര്‍ത്ത് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2002ല്‍ നടന്‍ ബാബുരാജിനെ വിവാഹം കഴിച്ചു. വിവാഹശേഷവും വാണി വിശ്വനാഥ് അഭിനയത്തില്‍ സജീവമാണ്.