കോപ്പിയടിയല്ല മലയാളസിനിമ

‘ഐ സ്റ്റീൽ ഫ്രം എവരി മൂവീ എവർ മേഡ്’ - സംവിധായകൻ ക്വന്റിൻ ടറന്റിനോയുടെ വാക്കുകൾ. ഒരുകാലത്തു മലയാളത്തിലെ ചില സംവിധായകരുടെ വേദവാക്യമാണോ ഇതെന്നു പോലും പലരും സംശയിച്ചിരുന്നു. ഇതിന്റെ ചീത്തപ്പേര് അധികവും കിട്ടിയതാകട്ടെ ന്യൂജെൻ ലേബലിൽ വന്ന സംവിധായകർക്കും.

പക്ഷേ, 30 വർഷം മുൻപിറങ്ങിയ മലയാളത്തിലെ ചില സൂപ്പർഹിറ്റുകൾ ഉൾപ്പെടെ കോപ്പിയടിയാണെന്നു തെളിയിച്ച് ചാനൽ പരിപാടികളും യൂട്യൂബ് വിഡിയോകളും വന്നതോടെ നാടറിഞ്ഞു - ഈ കണ്ണുംപൂട്ടിയുള്ള പകർത്തൽ വർഷങ്ങളായുള്ള ‘കല’യാണെന്ന്.

ടൊറന്റും മറ്റു ഡൗൺലോഡ് സംവിധാനങ്ങളും ഇല്ലാത്ത കാലത്ത് സംവിധായകർ കണ്ണടച്ചു പാലു കുടിച്ചെങ്കിലും ടെക്നോകാലത്തിന്റെ പിള്ളേർ അതെല്ലാം കയ്യോടെ പിടികൂടുകയായിരുന്നു. ഇത്തരം പരിപാടികളുണ്ടാക്കിയ ചീത്തപ്പേരു കാരണം മാനഹാനി ഭയന്ന് ഒരു ഘട്ടത്തിൽ ചലച്ചിത്ര മേഖലയിലെ ഒരു സംഘടനയ്ക്ക് ചാനലിനോട് പ്രോഗ്രാം നിർത്തണമെന്ന് ആവശ്യപ്പെടേണ്ടി വന്നു.

എന്നാലിപ്പോൾ ജനത്തിന്റെ ‘പൾസ്’ അറിയുന്ന സിനിമകൾക്കു വേണ്ടി മറ്റു ഭാഷക്കാർ മലയാളത്തിലേക്കാണു നോക്കുന്നത്. ബാംഗ്ലൂർ ഡേയ്സ്, പ്രേമം തുടങ്ങി പല മലയാളം ഹിറ്റുകളും അന്യഭാഷകളിൽ റീമേക്കിന്റെ തിരക്കിലാണ്. കോപ്പിയടി ജനറേഷനെന്നു ചീത്തപ്പേരു കേൾപ്പിച്ചു തുടക്കമിട്ട ന്യൂജനറേഷൻ കഴിഞ്ഞ വർഷംകൊണ്ട് അതെല്ലാം മായ്ച്ചുതുടങ്ങി. 2015ൽ മലയാളത്തിൽ ഇറങ്ങിയ 151 സിനിമകളിൽ വിരലിലെണ്ണാവുന്നതിലും താഴെ എണ്ണം മാത്രമേ മറ്റു ഭാഷകളിൽ നിന്ന്, ആശയമോ കഥയോ പകർത്തിയെന്നു പറയാനാവൂ. ഒന്നോ രണ്ടോ ചിത്രങ്ങൾ കോപ്പിയടിയാണെന്നു തോന്നിപ്പിച്ചെങ്കിലും തനിപ്പകർപ്പെന്നു ചീത്തപ്പേരു കേൾപ്പിച്ചില്ല. കൃത്യമായിപ്പറഞ്ഞാൽ 2014നു ശേഷം ‘തനിപ്പകർപ്പു’ സിനിമകൾ മലയാള സിനിമ കണ്ടിട്ടേയില്ല.

കോപ്പിയടിക്ക് ‘പ്രചോദന’ ചിത്രങ്ങളെന്നാണു പലരും ന്യായീകരണം നൽകിയിരുന്നത്. അതിൽ നിന്നു പ്രചോദനം കൊണ്ടാണ് ഇത്തരം കട്ട്, കോപ്പി തട്ടിപ്പുകൾ കണ്ടെത്തി ഡിജിറ്റൽ-ഡൗൺലോഡ് കാലത്തെ ചെറുപ്പക്കാർ ലോകത്തോടു സത്യം വിളിച്ചുപറഞ്ഞത്. അതേത്തുടർന്നു സിനിമകളെ കുറെക്കൂടി സത്യസന്ധമായും മൗലികമായും സമീപിക്കാൻ ശ്രമമുണ്ടാവുന്നു.

ആ ശബ്ദം വേറിട്ടല്ല കേൾക്കേണ്ടത്

കഥാപരിസരത്തെ ശബ്ദം അതേ രീതിയിൽ വേണമെന്ന നിർബന്ധം ഇന്നു പല സംവിധായകർക്കുമുണ്ട്. സിങ്ക് സൗണ്ടിലേക്ക് മലയാള സിനിമ പെട്ടെന്നൊരു ചുവടുമാറ്റം നടത്തിക്കഴിഞ്ഞു. ‘ആക്‌ഷൻ ഹീറോ ബിജു’വിൽ ഏറിയ ഭാഗത്തും സിങ്ക് സൗണ്ടാണ് ഉപയോഗിച്ചത്. ഷൂട്ടു ചെയ്യുന്ന സ്ഥലത്തുവച്ചുതന്നെയാണു ‘പ്രേമം’ എന്ന സിനിമയും സംഭാഷണം സിനിമയിലാക്കിയത്. ഡബ്ബിങ്ങിന്റെ കൃത്രിമത്വം പോലും താങ്ങാൻ പുതിയ സിനിമ തയാറല്ല. കാഴ്ചയുടെ പരിസരവും ഇനി ലൈവ് സൗണ്ടിനുള്ളിലാകും.

സിനിമയിൽ പുതിയ തലമുറയാണ് സൗണ്ട് കട്ടേഴ്സ്. ഷൂട്ടു ചെയ്യുമ്പോൾതന്നെ സൗണ്ടും റിക്കോർഡു ചെയ്യുന്നതിനാൽ ആ സ്ഥലത്തിനു പുറമേ നിന്നു വരുന്ന ശബ്ദം ശല്യമാണ്. ഇതൊഴിവാക്കാൻ വന്നവരാണ് സൗണ്ട് കട്ടേഴ്സ്.

സീൻ തുടങ്ങുന്നതിനു മുൻപ് ഇവർ പരിസരത്തെല്ലാം നടന്നു ശബ്ദം നിർത്തിക്കും. ഏതെങ്കിലും കമ്പനിയിൽ യന്ത്രം പ്രവർത്തിപ്പിക്കുന്നതോ, വാഹനം ഹോൺ അടിക്കുന്നതോ എല്ലാം ഇവർ നേരത്തേ പോയി തടയും. കരയുന്ന കുട്ടികളെ പുറത്തേക്കു നയിക്കും. പരിസരത്തു കുരയ്ക്കുന്ന നായ്ക്കളില്ല എന്നുറപ്പാക്കേണ്ടതുപോലും സൗണ്ട് കട്ടേഴ്സാണ്. ലാഘവത്തോടെ സിനിമ ചിത്രീകരിക്കാൻ ഇനി എളുപ്പമല്ല.

സൂര്യന്റെ കോൾഷീറ്റ്

സിനിമ ചിത്രീകരിക്കുമ്പോൾ സൂര്യൻ എവിടെയാണു നിൽക്കുന്നതെന്നതു വലിയ പ്രശ്നമാണ്. അതനുസരിച്ചുവേണം ലൈറ്റുകൾ തയാറാക്കാൻ. ചില പ്രത്യേക സീനുകൾ ചിത്രീകരിക്കാൻ വേണ്ട സൂര്യവെളിച്ചം ചിലപ്പോൾ രാവിലെയോ വൈകിട്ടോ മാത്രമേ കാണൂ.

സൂര്യൻ ഓരോ സമയത്തും എവിടെയാണെന്നും സൂര്യ രശ്മി പതിക്കുന്നത് എങ്ങനെയായിരിക്കുമെന്നും കണ്ടെത്താനുള്ള സോഫ്റ്റ് വെയർ സൺട്രാക്കർ മാർക്കറ്റിൽ ഇന്നുണ്ട്. തലേദിവസംതന്നെ ഇതുവഴി ഓരോ സമയത്തും സൂര്യൻ എവിടെ എത്തുമെന്നും എത്ര തീക്ഷ്ണമായിരിക്കും രശ്മിയെന്നും കണ്ടെത്താനാകും. താരസൂര്യൻമാരെ കാത്തിരുന്നാലും യഥാർഥ സൂര്യനുവേണ്ടിയുള്ള കാത്തിരിപ്പ് ഇനി ഇല്ല എന്നു ചുരുക്കം.

ഫിലിമല്ല, സിനിമ

മലയാള സിനിമയിൽ സാങ്കേതികരംഗത്തുണ്ടായ ഏറ്റവും വലിയ മാറ്റമെന്താണ് ? സംവിധായകൻ അമൽനീരദിനും ക്യാമറാമാൻ ജോമോൻ ടി. ജോണിനും ഇക്കാര്യത്തിൽ ഒരേ ഉത്തരമാണ്: ഫിലിമിൽ നിന്നു ഡിജിറ്റലിലേക്കുള്ള മാറ്റം.

നെഗറ്റീവ് ഫിലിമിൽ ഷൂട്ട് ചെയ്തു കഴുകി പോസിറ്റീവ് പ്രിന്റാക്കി പ്രൊജക്ടർ വഴിയായിരുന്നു പണ്ടത്തെ സിനിമാപ്രദർശനം. ഇന്നു കേരളത്തിലെ 80 ശതമാനം തിയറ്ററുകളും പൂർണമായി ഡിജിറ്റലായി. തിയറ്ററുകളിൽ പ്രൊജക്ടറുകൾക്കു പകരം ഡിജിറ്റൽ ഇന്റർമീഡിയറി ടെക്നോളജി വന്നു. ഗ്രാമഫോണുകൾ പോലെ പുരാവസ്തുവായി പഴയ പ്രൊജക്ടറുകൾ.

്റ്റിൽ ക്യാമറയിലെ സിനിമ

സ്റ്റിൽ ക്യാമറയിൽ ഒരു സിനിമ ഷൂട്ടു ചെയ്യുക – സമീർ താഹിർ എന്ന സംവിധായകൻ അതു കാണിച്ചു തന്നു. ചാപ്പാകുരിശ് എന്ന ആ സിനിമ ഹിറ്റായി. സിനിമയെന്താ കുട്ടിക്കളിയാണോയെന്നു ചോദിച്ചവരോട് ചെറുപ്പക്കാർ പുതിയ കാലത്തിന്റെ കാഴ്ച സ്ക്രീനിൽ വിടർത്തിയിട്ടു.

കാനൻ 70 എന്ന സാധാരണ സ്റ്റിൽ ക്യാമറയുടെ ബോഡിയിൽ നല്ല ലെൻസുകൾ വച്ചു സമീർ കാണിച്ച അത്ഭുതം പിന്നീടു പലർക്കും വഴി തുറന്നു. സിനിമയ്ക്ക് ഉപയോഗിക്കുന്ന ക്യാമറ വാടകയ്ക്ക് എടുക്കുന്നതിന്റെ പകുതി പൈസയ്ക്ക് സ്വന്തമായി ക്യാമറ വാങ്ങി ഉപയോഗിക്കുകയാണ് സമീർ ചെയ്തത്. വിദഗ്ധനായൊരു ക്യാമറാമാനേ ഗുണനിലവാരം ചോരാതെ ഇതു ചെയ്യാനാകൂ. ഇതു യുവതലമുറയ്ക്കു നൽകിയ ധൈര്യം ചെറുതല്ല. മൊബൈലിൽ സമ്പൂർണ സിനിമ പിടിക്കാമെന്ന സ്വപ്നത്തിലേക്കൊരു ചുവടുവയ്പാകാം ഇത്.

തീപ്പെട്ടിക്കൂടിനോളം മാത്രം വലുപ്പമുള്ള ഗോ പ്രോ ക്യാമറകളും കാഴ്ചയിൽ അത്ഭുതം സൃഷ്ടിച്ചു. പണ്ടു കാറിനകത്തുനിന്നോ അടിയിൽനിന്നോ ഷോട്ട് എടുക്കണമെങ്കിൽ അവിടെ ക്യാമറ ഉറപ്പിക്കണമായിരുന്നു. കുഴി കുഴിച്ചു ക്യാമറാമാൻ അതിനകത്ത് ഇറങ്ങി നിന്നാണു ക്യാമറയ്ക്കു മുകളിലൂടെ ലോറി പോകുന്ന ഷോട്ട് എടുത്തിരുന്നത്. ഇപ്പോൾ ലോറിക്കടിയിൽ ഗോ പ്രോ ഉറപ്പിച്ചാൽ അതുമതി ഷൂട്ടു ചെയ്യാൻ. ഒരു തീപ്പെട്ടിക്കൂടിന്റെ അത്രമാത്രം വലുപ്പമുള്ള ഗോ പ്രോ ക്യാമറ സ്റ്റണ്ടു ചെയ്യുന്ന താരത്തിന്റെ ബെൽറ്റിൽപ്പോലും ഉറപ്പിക്കാറുണ്ട്. ഇന്നു വ്യാപകമായി ഗോ പ്രോ ഉപയോഗിക്കുന്നു. 70,000 രൂപ ഉണ്ടെങ്കിൽ ഗോ പ്രോ വാങ്ങാം.

ഒരു ചെറുമുറി മതി

സാങ്കേതികവിദ്യ ഏറ്റവുമധികം മാറ്റം വരുത്തിയ മറ്റൊരു മേഖലയാണ് എഡിറ്റിങ്. മൂവിയോള, സ്റ്റെയ്ൻഡെക് തുടങ്ങിയ വലുപ്പമുള്ള യന്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു എഡിറ്റിങ്. ഇതിനു വലിയ സ്റ്റുഡിയോ അത്യാവശ്യമായിരുന്നു. ഇന്ന് ഐ–മാക് ലാപ്ടോപ്പിൽ എഡിറ്റിങ് വളരെയെളുപ്പം. സംവിധായകൻ വാടകയ്ക്കു താമസിക്കുന്ന ഫ്ലാറ്റിലിരുന്ന് എഡിറ്ററും ജോലി ചെയ്യുന്നു. മൂവിയോളയിൽ ഫിലിം ഓടിച്ചു സ്ലൈസർ ഉപയോഗിച്ചു മുറിച്ചുമാറ്റി സമയമെടുത്തു ചെയ്തിരുന്ന എഡിറ്റിങ് ഇന്ന് എഫ്സിപി, ഏവിഡ് മോജോ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് എളുപ്പത്തിൽ നടത്താം.

മൈ ബോസിന് പ്രചോദനമുണ്ട്, ദൃശ്യം കോപ്പിയടിയല്ല

ജീത്തു ജോസഫ്

ഒരു സിനിമ കണ്ടു പ്രചോദനമുൾക്കൊണ്ടു മറ്റൊരു സിനിമ ചെയ്യണം എന്നെനിക്കു തോന്നിയതു ‘മൈബോസി’ന്റെ കാര്യത്തിൽ മാത്രമാണ്. ‘ദൃശ്യം’ ഇറങ്ങിയപ്പോൾ അതും കോപ്പിയാണെന്നു ചിലർ പറഞ്ഞു. ഞാനതു നൂറുശതമാനം നിഷേധിക്കുന്നു. 2002ൽ എന്റെ ചില സുഹൃത്തുക്കൾ ഞങ്ങൾക്കറിയാവുന്ന രണ്ടു വീടുകളിലെ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും പ്രണയത്തെക്കുറിച്ച് ഒരുമിച്ചിരുന്നു സംസാരിച്ചപ്പോൾ ഞാനും അക്കൂട്ടത്തിലുണ്ടായിരുന്നു.

പ്രണയം ഇരുവീട്ടുകാർക്കുമിടയിൽ പ്രശ്നങ്ങളുണ്ടാക്കിയെങ്കിലും രണ്ടു പേരുടെയും ഭാഗത്തു ന്യായമുണ്ടായിരുന്നതുകൊണ്ട് ആരെ പിന്തുണയ്ക്കണം എന്ന ആശയക്കുഴപ്പത്തിലായി ഞങ്ങൾ. ആ സന്ദിഗ്ധാവസ്ഥ സിനിമയിൽ വന്നാൽ നന്നാകുമെന്നു തോന്നി. അതാണ് ദൃശ്യത്തിനു കാരണം. പിന്നീടു വർഷങ്ങൾ കഴിഞ്ഞ് മൊബൈൽ എത്തിയപ്പോൾ അതുൾപ്പെടുത്താൻ തോന്നി. ഒരു കൊലപാതകം കൂടി വന്നാൽ ത്രില്ലിങ് ആകുമെന്നു തോന്നി. അങ്ങനെ പത്തു – പന്ത്രണ്ടു വർഷം കൊണ്ടു വികസിപ്പിച്ചതാണു ദൃശ്യം. അതു കോപ്പിയല്ലെന്നു നെഞ്ചിൽ കൈവച്ചു ഞാൻ പറയുമ്പോൾ ചിലർക്കു വിശ്വാസമല്ലെങ്കിലും എനിക്കു പ്രശ്നമില്ല.

രണ്ടു വർഷം മുൻപു രണ്ട് ഹോളിവുഡ് സിനിമകൾ കണ്ടു. രണ്ടും വൈറ്റ്ഹൗസിൽ നടക്കുന്ന കഥ. ചില്ലറ വ്യത്യാസമേയുള്ളൂ. ലോകത്തിന്റെ രണ്ടു ഭാഗത്തിരിക്കുന്നവർക്ക് ഒരേ പോലെ ചിന്തിക്കാമെന്നതിനു തെളിവല്ലേ ഇത്. രണ്ടുപേരുടെ ചിന്ത ഒരേ രീതിയിൽ വന്നുവെന്നതുകൊണ്ട് ഒരു സിനിമ മറ്റേതിന്റെ കോപ്പിയാകുമോ ?

റീമേക്ക് മഹാപരാധമല്ല

അരുൺകുമാർ അരവിന്ദ്

സർഗാത്മകമായ ചിന്തകൾ വരുമ്പോഴാണു നല്ല പുതുമയുള്ള സിനിമകൾ വരുന്നത്. പണ്ടത്തെ തലമുറ എംടിയെപ്പോലെയുള്ള എഴുത്തുകാരുടെ കഥാസൃഷ്ടികൾ വായിക്കുമായിരുന്നു. ഇത്തരം വായനകളും ചിന്തകളും കുറവുള്ള ഇന്നത്തെ തലമുറയാണു കഥാമോഷണത്തിന്റെ പിന്നാലെ പോകുന്നത്. വായനയും സർഗാത്മക ചിന്തകളുമുള്ള പുതിയ തലമുറ നല്ല സിനിമയുമായി വരുന്നുണ്ട്. എന്റെ ‘കോക്ക് ടെയിൽ’ കഥാദാരിദ്ര്യം കൊണ്ടുണ്ടായ സിനിമയല്ല. അന്നത്തെ മലയാള സിനിമയുടെ സാഹചര്യത്തിൽ ലോകത്തെല്ലാവരും അംഗീകരിച്ച ഒരു വിഷയം സിനിമയാക്കിയെന്നേയുള്ളൂ.

‘ബട്ടർ ഫ്ലൈ ഓൺ വീൽസ്’ എന്ന ചിത്രമായിരുന്നു പ്രചോദനം. റീമേക്ക് ഒരു മഹാപരാധമായി ഞാൻ കാണുന്നില്ല. ഒരു ചിത്രകാരൻ ഒരു പടം നോക്കി രണ്ടാമതൊന്നു വരച്ചാൽ ഒറിജിനലിനെക്കാൾ ആ ചിത്രം നന്നായാൽ ആളുകൾ സ്വീകരിക്കില്ലേ ? ഇപ്പോഴും ചില നല്ല ചിത്രങ്ങൾ അവസരം കിട്ടിയാൽ റീമേക്ക് ചെയ്യണമെന്നുണ്ട്.

തേവള്ളിയും പൂവള്ളിയും വേ‌ണ്ട, ഷാജിയും ബിജുവുമൊക്കെ മതി

ഷിന്റോ ജോസഫ്

തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സും മംഗലശേരി നീലകണ്ഠനും പൂവള്ളിൽ ഇന്ദുചൂഡനും അറയ്ക്കൽ മാധവനുണ്ണിയുമൊക്കെ അടക്കിവാണിരുന്ന സിനിമാ തറവാട് ഇപ്പോൾ മഹേഷിന്റെയും ബിജുവിന്റെയും ഷാജിയുടെയുമെല്ലാം കസ്റ്റഡിയിലാണ്. രമേശൻ, ഉമേഷ്, സുധി, പി.പി. കൃഷ്ണൻ, കാസി, ഫൈസി, ലാലു, മനു തുടങ്ങിയ ‘സാദാ’ പേരുകളാണ് ഇപ്പോൾ നായകന്മാർക്ക്.

നാട്ടിൻപുറത്തുകാരുടെ കഥ പറയുന്ന സിനിമകൾ ഇറങ്ങുമ്പോഴുള്ള സ്വാഭാവികമായ മാറ്റമാണിതെന്നാണ് സംവിധായകൻ എബ്രിഡ് ഷൈൻ പറയുന്നത്. നമ്മുടെ കൂട്ടുകാരിലും സഹപ്രവർത്തകരിലും ബന്ധുക്കളിലുമെല്ലാം ഒരു ബിജു ഉറപ്പായും ഉണ്ടാകും. എല്ലാ മതസ്ഥരിലും ബിജു എന്ന പേരുള്ളവരുണ്ട്. 1983യിലെ രമേശനും അങ്ങനെതന്നെ. കഥ നടക്കുമ്പോൾ 40 വയസ്സുള്ളയാളാണു രമേശൻ. ആ തലമുറയിൽ രമേശൻ എന്ന പേര് വളരെ സാധാരണമാണു താനും. നിവിൻ പോളിയുടെ ആദ്യസിനിമയിലെ കഥാപാത്രത്തിന്റെ പേരു തന്നെ പ്രകാശൻ എന്നാണ്.

പിന്നീട് വടക്കൻ സെൽഫിയിലെ ഉമേഷും ഓം ശാന്തി ഓശാനയിലെ ഗിരിയും എത്തി. ബാംഗ്ലൂർ ഡെയ്സിലെ പി.പി. കൃഷ്ണനാണു നിവിൻ കഥാപാത്രങ്ങളിലെ ഏറ്റവും ‘പാവം പേരുകാരൻ’ എന്നു പറയാം. മലയാളികൾക്കിടയിൽ ഏറെ പ്രചാരമുള്ള പേരാണെങ്കിലും ഷാജി നായക കഥാപാത്രമാകുന്നതു ജയസൂര്യയുടെ ആട് ഒരു ഭീകരജീവിയിലാണ്. പാവാടയിൽ പൃഥ്വിരാജ് വെറും ‘പാമ്പ് ജോയി’യായി. അനൂപ് മേനോൻ പാവാട ബാബുവും...! നമ്മളിലാരൊക്കെയോ ആയ ശശിയും സോമനും ഷിബുവും സാബുവുമെല്ലാം നായകന്മാരാകുന്ന കാലമാവും വരാനിരിക്കുന്നത്.

മിക്ക കഥാപാത്രങ്ങളും പാവം പേരുകളിലെത്തിയ സിനിമയാണു മഹേഷിന്റെ പ്രതികാരം. അതു മഹേഷിന്റെയും ജിൻസന്റെയും ജിൻസിയുടെയുമെല്ലാം കഥയാണ്. അവർക്കിടാൻ നമുക്കു ചുറ്റും കേട്ടുപരിചയമുള്ള പേരുകളേ എന്റെ മനസ്സിൽ വന്നുള്ളൂ– ദിലീഷ് പറയുന്നു.

തയാറാക്കിയത്–ഉണ്ണി കെ. വാരിയർ, വിനോദ് നായർ, എൻ. ജയചന്ദ്രൻ. സങ്കലനം: സണ്ണി ജോസഫ്