നിറപ്പകിട്ടിലും താരപ്പൊലിമയിലും സത്യപ്രതിജ്ഞാ ചടങ്ങ്

മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ നടൻ മമ്മൂട്ടിയെയും നടൻ ദിലീപിനെയും കോടിയേരി ബാലകൃഷ്ണൻ സ്വീകരിക്കുന്നു. ചിത്രം മനോരമ

സിനിമാ താരങ്ങളുടെയും ദേശീയ നേതാക്കളുടെയും സാന്നിധ്യംകൊണ്ടു നിറപ്പകിട്ടേറിയതും പ്രൗഢവുമായി പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും പ്രമുഖരുടെ നിര ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയപ്പോൾ പല പ്രമുഖ സമുദായ, മത നേതാക്കളുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. കൂളിങ് ഗ്ലാസ് ധരിച്ചു നടൻ മമ്മൂട്ടിയെത്തിയപ്പോൾ വൻ കരഘോഷത്തോടെയാണു ജനം സ്വീകരിച്ചത്. ഒപ്പം നടൻ ദിലീപും. ചടങ്ങു പൂർത്തിയാകുന്നതിനു തൊട്ടുമുൻപ് ഒരുമിച്ചായിരുന്നു ഇരുവരും വേദി വിട്ടതും.

തോമസ് ഐസക് ഒഴികെ മറ്റെല്ലാ മന്ത്രിമാരുടെയും കുടുംബാംഗങ്ങൾ ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തി. പിണറായിയുടെ പത്നി കമലയും മക്കളും ചെറുമക്കളും മുൻനിരയിലിരുന്നു തന്നെ ചടങ്ങു വീക്ഷിച്ചു.

മുൻ പ്രധാനമന്ത്രി എച്ച്.‍ഡി.ദേവെ ഗൗഡ, വി.എസ്.അച്യുതാനന്ദൻ, കെ.ആർ.ഗൗരിയമ്മ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ സ്പീക്കർ എൻ.ശക്തൻ, മുൻ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, പി.ജെ.ജോസഫ്, കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, ഒ.രാജഗോപാൽ എംഎൽഎ, ഇന്നസെന്റ് എംപി, ആർ.ബാലകൃഷ്ണപിള്ള, പിഎസ്‌സി ചെയർമാൻ കെ.എസ്.രാധാകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഇ.എം.രാധ, പ്രഫ. ആർ.എൻ.സാഹ, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ, ബിഷപ് ധർമരാജ് റസാലം, ഐ.എം.വിജയൻ, സ്വാമി ഋതംഭരാനന്ദ, ടി.കെ.എ.നായർ, ഒഎൻവിയുടെ ഭാര്യ സരോജിനി, ഗോകുലം ഗോപാലൻ, നടൻ മധു, കെപിഎസി ലളിത, രഞ്ജിത്, രഞ്ജി പണിക്കർ, ഷാജി കൈലാസ്, ബി.ഉണ്ണിക്കൃഷ്ണൻ, ജി.വേണുഗോപാൽ, ടി.എ.റസാഖ്, മധുപാൽ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, പി.ശ്രീകുമാർ, ഭാഗ്യലക്ഷ്മി തുടങ്ങിയവർ ചടങ്ങിനെത്തി.

കടന്നപ്പള്ളി ഏറ്റവും സീനിയർ; ജലീൽ ഏറ്റവും ജൂനിയറും

തിരുവനന്തപുരം∙ പിണറായി വിജയൻ മന്ത്രിസഭയിൽ പ്രായംകൊണ്ടു സീനീയർ കടന്നപ്പള്ളി രാമചന്ദ്രൻ. 1944 ജൂലൈ ഒന്നിനു ജനിച്ച കടന്നപ്പള്ളിക്കു പ്രായം 72. മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തലാണു കടന്നപ്പള്ളിയെ സീനിയറാക്കിയത്. രേഖകൾ പ്രകാരം പിണറായിയുടെ ജന്മദിനം 1944 മാർച്ച് 21ന് ആണെങ്കിലും പിണറായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് യഥാർഥ ജന്മദിനം 1945 മേയ് 24നാണ് എന്നാണ്. മന്ത്രിസഭയിൽ പ്രായം കൊണ്ട് ഇളപ്പം ഇടതു സ്വതന്ത്രനായ കെ.ടി.ജലീലിനാണ്– 46 വയസ്സ്.