കർഷകന്റെ നന്മയും മൂല്യവും തിരച്ചറിയണമെന്ന് മമ്മൂട്ടി

കൃഷി അന്യം നിന്നുപോകുന്ന കേരളത്തില്‍ കര്‍ഷകനുള്ള പ്രാധാന്യം വ്യക്തമാക്കി മമ്മൂട്ടി. കര്‍ഷകന് നന്നായി ജീവിക്കാനുള്ള സാഹചര്യമൊരുക്കിയാല്‍ കേരളത്തില്‍ കൃഷി കൂടുതല്‍ ജനകീയമാകും. അങ്ങനെ ചിന്തിച്ചു വേണം കാര്‍ഷികവിളകള്‍ക്ക് വില നിശ്ചയിക്കാനെന്നും മമ്മൂട്ടി പറയുന്നു. ഓണക്കാലത്ത് മാത്രമാണ് പച്ചക്കറികളുടെ ഗുണമേന്മയ്ക്കായി മലയാളികള്‍ നെട്ടോട്ടമോടുന്നതെന്നും എല്ലാകാലത്തും മനുഷ്യന് ഗുണമേന്മയുള്ള പച്ചക്കറികള്‍ ലഭ്യമാകണമെന്നും അദ്ദേഹം പറയുന്നു.

ജീവിക്കാന്‍ അത്യന്താപേക്ഷിതമായ അരിയും പച്ചക്കറിയും കൂടുതല്‍ വില കൊടുത്ത് വാങ്ങാന്‍ എല്ലാവരും തയ്യാറാവണം. ഓണക്കാലത്ത് മാത്രമല്ല എല്ലാകാലത്തും ഗുണമേന്മയുള്ള പച്ചക്കറികള്‍ വേണം. മമ്മൂട്ടി പറഞ്ഞു.

കാര്‍ഷികരംഗത്തോട് മമ്മൂട്ടിക്കുള്ള താല്‍പര്യം മലയാളികള്‍ക്ക് അറിയാവുന്നതാണ്. സ്വന്തം പാടത്ത് പച്ചക്കറി കൃഷി നടത്തി മമ്മൂട്ടി എല്ലാവര്‍ക്കും മാതൃകയായിരുന്നു. കുമരകത്ത് കോളക്കേരിയില്‍ പാടത്ത് മമ്മൂട്ടി പ്രകൃതികൃഷി തുടങ്ങിയിരുന്നു. കൃഷിയുടെ സത്യസന്ധതയിലൂടെ സ്വാഭാവിക കൃഷി നിലനിര്‍ത്താനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌. ജൈവവള കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെയാണ് ഇവിടെ കൃഷി ചെയ്യുന്നത്. സ്വന്തം തോട്ടത്തില്‍ വിളഞ്ഞ ജൈവ പച്ചക്കറികള്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രാമുഖ്യം തെളിയിച്ച 20 പേര്‍ക്ക് സമ്മാനമായി നല്‍കി ഈ രംഗത്ത് മമ്മൂട്ടി മാതൃകയായിരുന്നു.

ഇന്നത്തെക്കാലത്ത് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തിയാണ് വിഷരഹിത പച്ചക്കറി ഉല്‍പാദനവും വിപണനവുമെന്ന് ശ്രീനിവാസനും അഭിപ്രായപ്പെട്ടിരുന്നു. അന്യന്‍റെ വിയര്‍പ്പിന്‍റെ ഫലമാണ് മലയാളിയുടെ ഒാണസദ്യ. പച്ചക്കറി പരിശോധിക്കുന്നതിനുള്ള ഒരുസംവിധാനവുമില്ലാതെയാണ് കേരളം അതിര്‍ത്തികടന്നെത്തുന്ന പച്ചക്കറിയുടെ ഗുണനിലവാര പരിശോധയ്ക്ക് ഒരുങ്ങുന്നത്. ഇതിനെല്ലാം ബദല്‍ ഒന്നേയുള്ളൂ. സ്വന്തം ഭക്ഷണത്തെ കുറിച്ച് അവനവന്‍ ശ്രദ്ധിക്കണം. സ്വന്തമായി കൃഷി ചെയ്യണം. ഇതായിരുന്നു ശ്രീനിവാസന്‍റെ അഭിപ്രായം.