മെഗാഷൂട്ടിങ്; മെഗാ സ്റ്റാർ 20 ദിവസം തലസ്ഥാനത്ത്

ഓഗസ്റ്റ് പതിനഞ്ച് എന്ന ചിത്രത്തിനുശേഷം മമ്മൂട്ടി വീണ്ടും തലസ്ഥാനത്ത്. തുടർച്ചയായി ഇരുപതു ദിവസം ചിത്രീകരണം. ആക്ഷേപ ഹാസ്യത്തിൽ ചാലിച്ചു കഥ പറയുന്ന കമൽ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിൽ സെക്രട്ടറിയേറ്റിലെ രംഗങ്ങളാണ് തലസ്ഥാനത്തു ചിത്രീകരിക്കുന്നത്.

സെക്രട്ടറിേയറ്റിന് ഉള്ളിൽ നടന്ന ചിത്രീകരണത്തിൽ മമ്മൂട്ടി ഉൾപ്പെടെ വൻതാരനിര പങ്കെടുത്തു. കഴക്കൂട്ടം വിസ്മയമാക്സ്, നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി കൺവൻഷൻ സെന്റർ എന്നിവിടങ്ങളും ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേദിയാകും. വിസ്മയാമാക്സിൽ സെക്രട്ടറിയേറ്റിനു മുൻവശത്തെ റോഡ്സെറ്റ് ഇട്ടാണു ചിത്രീകരണം.

ചില സമരരംഗങ്ങളും മറ്റുമാണ് ഇവിടെ ക്യാമറയിൽ പകർത്തുന്നത്. രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽ മന്ത്രിയുടെ ഓഫിസ് സീനുകളാണ് എടുക്കുക. മമ്മൂട്ടിയോടൊപ്പം നായിക ജൂവൽ മേരി, തലസ്ഥാനത്തു നിന്നുള്ള ശ്രീകുമാർ, ജയരാജ് വാരിയർ, ജനാർദ്ദനൻ, കെ പി എ സി ലളിത, കൂടാതെ നാടക ആർട്ടിസ്റ്റുകളും അഭിനയിക്കുന്നുണ്ട്.