മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഇടുക്കിയിലേക്ക്

കിളച്ചെറിഞ്ഞ മണ്ണിന്റെ പച്ചമണവും മഴവില്ലിൽ ചാലിച്ചെടുത്ത കാഴ്ചക്കൂട്ടുകളുമാണ് ഇടുക്കിക്ക്. വെള്ളിത്തിരയിൽ ഇടുക്കി നിറയുമ്പോൾ മണ്ണിന്റെ മണം ഓരോ ഹൃദയത്തെയും തൊട്ടെടുക്കും. എത്ര പകർത്തിയാലും തീരാത്ത ലൊക്കേഷനുകളാണ് ഇടുക്കിക്ക്. ‘ഇടുക്കിയുടെ മണ്ണിൽവച്ചു ക്ലാപ്പടിച്ച് തുടക്കമിട്ടാൽ ചിത്രത്തിനു ഇടിവെട്ട് വിജയം’– സിനിമാക്കാരുടെ നാവിൻതുമ്പത്തെ ഡയലോഗാണിത്.

ഏതു ചിത്രമായാലും ഇടുക്കിയുടെ സൗന്ദര്യം ഫ്രെയിമിലാക്കാൻ സംവിധായകർ മത്സരിക്കുന്നതും ഭാഗ്യ ലൊക്കേഷൻ എന്ന വിശേഷണം ഇടുക്കിയെന്ന സുന്ദരിക്കുള്ളതു കൊണ്ടു തന്നെ. മലയാള സിനിമയിൽ ഇൗ വർഷം രണ്ടു സൂപ്പർ ഹിറ്റുകൾ പിറന്നതും ഇടുക്കിയിൽ ചിത്രീകരിച്ചവയാണ്. ‘ദൃശ്യം’ എന്ന സൂപ്പർ ഹിറ്റിനുശേഷം മോഹൻലാൽ വീണ്ടും ഇടുക്കിയുടെ മണ്ണിലെത്തുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഒപ്പം’ എന്ന ചലച്ചിത്രത്തിനാണ് ഇത്.

പുള്ളിക്കാനം, കാഞ്ഞാർ എന്നിവിടങ്ങളിലാണു ചിത്രീകരണം. 10 ദിവസത്തോളം മോഹൻലാൽ ഇടുക്കിയിലുണ്ടാകും. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ നടന്നുവരികയാണ്. കുറച്ചുഭാഗങ്ങൾ ഇടുക്കിയിൽ ചിത്രീകരിക്കും. ഗീതാഞ്ജലിക്കുശേഷം പ്രിയദർശൻ–മോഹൻലാൽ ടീം ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ക്രൈം ത്രില്ലറായ ഇൗ ചിത്രത്തിൽ അന്ധന്റെ വേഷമാണ് മോഹൻലാലിന്. വിമലാ രാമനാണു നായിക. 2008ൽ കോളജ് കുമാരൻ എന്ന ചിത്രത്തിൽ മോഹൻലാലും വിമലാ രാമനും ഒരുമിച്ചഭിനയിച്ചിരുന്നു.

ജോണി ആന്റണി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് അടുത്തമാസം തൊടുപുഴയിലും പരിസരത്തും ആരംഭിക്കുക. ചിത്രത്തിന്റെ അണിയറ ജോലികൾ നടന്നുവരികയാണ്. മൂന്നര പതിറ്റാണ്ടിനുശേഷം ഉദയാ പിക്ചേഴ്സ് നിർമിക്കുന്ന കൊച്ചവ്വ പൗലോ–അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടിമാലിയിൽ അടുത്ത മാസം നാലിനു തുടങ്ങും. സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണു നായകൻ.

സിനിമാ ലോകത്ത് ഒരിക്കൽ നിറഞ്ഞുനിന്ന ഉദയാ പിക്ചേഴ്സ് അവസാനമായി എടുത്തത് 1984ൽ പുറത്തിറങ്ങിയ അനശ്വര ഗാനങ്ങൾ എന്ന ചിത്രമായിരുന്നു. കോമഡിയിൽ ചാലിച്ച കുടുംബചിത്രമാണ് കൊച്ചവ്വ പൗലോ–അയ്യപ്പ കൊയ്‌ലോ. കൊച്ചവ്വ എന്ന സാമൂഹിക പ്രവർത്തകന്റെ വേഷമാണു കുഞ്ചാക്കോ ബോബന്.

തൊടുപുഴയിൽ ഷൂട്ട് ചെയ്ത നൂറാമത്തെ ചിത്രമായിരുന്നു ദൃശ്യമെന്നാണു പറയുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങി. അടുത്തിടെ റിലീസായ പാവാട, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളും ഇടുക്കിയിലാണു ചിത്രീകരിച്ചത്. ഇവയെല്ലാം സൂപ്പർ ഹിറ്റുകളായി. ഇപ്പോൾ മലയാളത്തിൽ പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ 30 ശതമാനത്തിന്റെ ചിത്രീകരണവും ഇടുക്കിയിലാണ്. നല്ല ആളുകൾ, ഭംഗിയുള്ള സ്‌ഥലം, പഴയ വീടുകൾ... ഏറെ പ്രിയമാണ് ഇടുക്കിയോട്.

നല്ല സിനിമ ആവശ്യപ്പെടുന്നതെല്ലാം ഇവിടെയുണ്ട്. ദൃശ്യത്തിന്റെ ചിത്രീകരണത്തിനെത്തിയപ്പോൾ മോഹൻലാൽ ഇടുക്കിയെക്കുറിച്ചു പറഞ്ഞ കമന്റ്. രസതന്ത്രം, ഇവിടം സ്വർഗമാണ് എന്നീ മോഹൻലാൽ ചിത്രങ്ങൾ ഷൂട്ട് ചെയ്തതും ഇടുക്കിയുടെ ലൊക്കേഷനിലായിരുന്നു. ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായാണു മമ്മൂട്ടി ഒടുവിലായി ഇടുക്കിയിലെത്തിയത്.