മമ്മൂക്ക ഫാന്‍സും ലാലേട്ടന്‍സ് ഫാന്‍സും വായിക്കാന്‍

സാധാരണ ഒരു മനുഷ്യനെ വിറപ്പിക്കാൻ ഒരൊറ്റക്കുഴൽ തോക്ക് മതി. അത് ചുമ്മാതൊന്നു നീട്ടിപ്പിടിച്ചാൽ തന്നെ ഒരുവിധത്തിൽപ്പെട്ട ആരും കിടുങ്ങിപ്പോകും.പക്ഷേ കാടുകുലുക്കി വരുന്ന ഒരു കൊലകൊമ്പനു മുന്നിൽ നെഞ്ചുറപ്പോടെ നിൽക്കണമെങ്കിൽ കയ്യിലൊരു ഇരട്ടക്കുഴൽ തോക്കു തന്നെ വേണം. അതിന്റെ ഗാംഭീര്യമൊന്നു വേറെത്തന്നെയാണ്.

മലയാളസിനിമയിലും ജ്വലിക്കാനൊരുങ്ങുകയാണ് ഒരു ഇരട്ടക്കുഴൽ തോക്ക്, അതും ഈ ഓണക്കാലത്ത് തിയേറ്ററുകളിലേക്ക് ഇരമ്പിയെത്തുന്ന ജനലക്ഷങ്ങൾക്കു മുന്നിൽ. നടനലോകത്തെ ഇരട്ട വിസ്മയങ്ങൾ, നമ്മുടെ സ്വന്തം ലാലേട്ടനും മമ്മൂക്കയും, ഈ ഓണത്തിനും ഒരുക്കുകയാണ് ഒരുഗ്രൻ ചലച്ചിത്രവിരുന്ന്. ഒരുമിച്ചപ്പോഴെല്ലാം ഹിറ്റുകൾ മീശപിരിച്ചെത്തിയ സംവിധായകനൊപ്പം ഊതിക്കാച്ചിയെടുത്ത ലോഹത്തിന്റെ മികവുമായി ലാലേട്ടൻ, ഉട്ടോപ്യയിലെ മാത്രമല്ല പ്രേക്ഷകരുടെയും മനസ്സിലെ രാജാവായി മാറാനൊരുങ്ങി മമ്മൂക്ക.

നരസിംഹത്തിലെ ഇന്ദുചൂഢൻ സ്റ്റൈലിൽ പറഞ്ഞാൽ ‘നീണ്ട ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂക്ക–ലാലേട്ടൻ ഓണച്ചിത്രങ്ങൾ വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. ചില കിടിലൻ കാഴ്ചകൾ കാണിക്കാനും ചില വിസ്മയങ്ങളാൽ പ്രേക്ഷകരെ ഞെട്ടിക്കാനും...

ഒരിടവേളയ്ക്കു ശേഷം ലാലേട്ടൻ മീശ പിരിയ്ക്കുന്നുവെന്നാണ് ലോഹത്തിന്റെ അണിയറ സംസാരം. പക്ഷേ ഇതൊരു മീശപിരിയൻ ചിത്രമല്ലെന്ന് ലാലേട്ടനും പറയുമ്പോൾ ആകാംക്ഷ ഏറുകയാണ്. അതേസമയം കമലിനൊപ്പം ചേർന്ന് ഉട്ടോപ്യയിലെ രാജാവാകുമ്പോൾ മമ്മൂക്ക മറ്റൊരു പ്രാഞ്ച്യേട്ടനെ രംഗത്തിറക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചിത്രം ഒരു മിത്തിക്കൽ കോമഡിയാണെന്നു കൂടി കേൾക്കുന്നതോടെ പ്രതീക്ഷകൾ പിന്നെയും ഉയരെ.

കഴിഞ്ഞ വർഷം പെരുച്ചാഴിയിലൂടെയാണ് മോഹൻലാൽ ഓണത്തിന് അടിച്ചുപൊളിയ്ക്കാനെത്തിയത്. ലാലേട്ടനും സംഘവും അമേരിക്കയിൽ പോയി ഓണം ആഘോഷിച്ചപ്പോൾ മമ്മൂക്കയുടെ വരവ് വെറും രാജാവായല്ല, രാജാധിരാജയായിട്ടായിരുന്നു. പെരുച്ചാഴി കംപ്ലീറ്റ് ആഘോഷക്കാഴ്ചകളായപ്പോൾ രാജാധിരാജ ഒരേസമയം കുടുംബങ്ങളെയും ചെറുപ്പക്കാരെയും ലക്ഷ്യമിട്ടായിരുന്നു വന്നത്. അങ്ങനെ നോക്കുമ്പോൾ മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകൾ കഴിഞ്ഞവർഷം സമ്മാനിച്ചത് പൊന്നോണമായിരുന്നെന്ന് പറയാതെ വയ്യ. മാത്രവുമല്ല, മമ്മൂക്ക–ലാലേട്ടൻ പോരാട്ടമെന്ന ലേബലിൽ നിന്നു മാറി മമ്മൂക്ക–ലാലേട്ടൻ കൂട്ടുകെട്ട് എന്നനിലയിലായിരുന്നു തിയേറ്ററുകളിലെ ഫാൻസിന്റെ ഉൾപ്പെടെ ആഘോഷം.

എന്നാൽ ലാലേട്ടന്റെയും മമ്മൂമ്മക്കയുടെയും സിനിമകൾ ഒരുമിച്ചിറങ്ങിയ ഒരു സമയത്ത് ഫാൻസുകാർ തമ്മിൽ ഓണത്തല്ലും നടത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ പരുന്തും മോഹൻലാലിന്റെ മാടമ്പിയുമായിരുന്നു അന്ന് ഒരുമിച്ച് തിയേറ്ററുകളിലെത്തിയത്. രണ്ട് ചിത്രങ്ങളും കൈകാര്യം ചെയ്യുന്നത് പണംപലിശ ഏർപ്പാടായിരുന്നു. അന്ന് പക്ഷേ ലാൽ ആരാധകർ പറഞ്ഞു–പണത്തിനു മീതെ ഒരു പരുന്തും പറക്കില്ലെന്ന്. തൊട്ടുപിറകെ പലയിടത്തും അജ്ഞാതസംഘം പരുന്ത്, മാടമ്പി പോസ്റ്ററുകൾ വാശിയോടെ കീറി മത്സരിച്ചു. എന്നിട്ടും മലയാളത്തിന്റെ സൂപ്പർതാരങ്ങൾ ഒന്നും മിണ്ടിയില്ല. മമ്മൂട്ടിയും മോഹൻലാലും ശത്രുതയിലാണെന്ന ഗോസിപ്പിന് അവർ മറുപടി നൽകിയത് ഒരുഗ്രൻ ട്വന്റി ട്വന്റിയിലൂടെയായിരുന്നു. ആരാണ് കേമൻ എന്നല്ല ഒരുമിച്ച് നിന്നാൽ ഞങ്ങളെ വെല്ലാൻ ആരാണുള്ളത് എന്ന മട്ടിലേക്ക് മാറിയിരുന്നു അതോടെ മലയാളത്തിന്റെ ആ സൂപ്പർതാര കൂട്ടുകെട്ട്.

പിന്നെയും പലപ്പോഴായി മമ്മൂട്ടി–മോഹൻലാൽ വഴക്കിന്റെ ഗോസിപ്പു കേട്ടിരുന്നു. ഇടയ്ക്ക് ആമിർഖാൻ തന്റെ സത്യമേവ ജയതേ എന്ന പരിപാടിയുടെ പ്രചാരണത്തിന് കൊച്ചിയിൽ വന്നപ്പോൾ ഇരുവരെയും കണ്ടിരുന്നു. അന്ന് ഉത്തരേന്ത്യൻ മാധ്യമങ്ങളെഴുതിയത്, ആമിർ വന്നത് മമ്മൂക്ക–മോഹൻലാൽ തമ്മിൽത്തല്ല് തീർക്കാൻ ഇടനിലക്കാരനായിട്ടാണ് എന്നായിരുന്നു. പക്ഷേ അതിനെയെല്ലാം ആമിർതന്നെ വലിച്ചുകീറി ഒട്ടിച്ചുവിട്ടു. മാത്രവുമല്ല ‘മഴവില്ലഴകോടെ അമ്മ’ എന്ന പരിപാടി പ്രേക്ഷകനു മുന്നിലെത്തിയപ്പോൾ അവിടെയും കണ്ടു മലയാളത്തിലെ ഒരു അപൂർവതാര സൗഹൃദത്തിന്റെ മിന്നലാട്ടം. ആ പരിപാടിയുടെ ബാക്ക് സ്റ്റേജ് വിഡിയോകളിൽ മമ്മൂക്ക–ലാലേട്ടൻ സാന്നിധ്യമുള്ളവയ്ക്ക് ഇപ്പോഴും ദശലക്ഷങ്ങളാണ് കാണികൾ.

ഒരു കാര്യം ഉറപ്പ്–ഈ ഓണത്തിനും സൂപ്പർതാരങ്ങളുടെ ഒരുമിച്ചുള്ള വരവ് എന്തായാലും പരസ്പരം മത്സരിക്കാനല്ല, മറിച്ച് മതിമറന്നുള്ള ഒരാഘോഷം മലയാളി പ്രേക്ഷകനു സമ്മാനിക്കാൻ തന്നെയാണ്. ഏതെല്ലാം ന്യൂജനറേഷൻ താരങ്ങളും തരംഗങ്ങളും വന്നാലും മോഹൻലാലും മമ്മൂക്കയും കൂടിയൊരു വരവങ്ങു വന്നാൽ ഏതൊരു മലയാളിയും ബാക്കിയെല്ലാം വിട്ട് ആ നടനനക്ഷത്രങ്ങളെ ആരവം മുഴക്കി സ്വീകരിക്കുമെന്നത് കാലം തെളിയിച്ചതാണ്. ഈ ഓണവും അക്കാര്യം അരക്കിട്ടുറപ്പിക്കുമെന്നതുറപ്പ്.