മരം സംരക്ഷിക്കേണ്ടത് കടമ: മമ്മൂട്ടി

പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും പരിസ്ഥിതിക്കും ചെടികളും മരങ്ങളും അത്യാവശ്യമാണെന്നും അകാരണമായി അവയെ നശിപ്പിക്കരുതെന്നും വെട്ടിയെടുക്കുന്ന ഓരോ വൃക്ഷത്തിനും പകരമായി വൃക്ഷത്തൈകള്‍ നട്ട് പിടിപ്പിക്കേണ്ടതാണെന്നും നടന്‍ മമ്മൂട്ടി അനുസ്മരിച്ചു. ശാന്തിഗിരി ആശ്രമവും ഗ്രീന്‍ഗ്ലോബ് സംഘടനയും സംഘടിപ്പിച്ച നാളെക്കൊരു മരം പദ്ധതി നെയ്യാറ്റിന്‍കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മരങ്ങള്‍ ആരും നട്ടു പിടിപ്പിച്ചിരുന്നില്ല. അന്ന് ആവശ്യംപോലെ സ്ഥലമുണ്ടായിരുന്നു. അവിടെല്ലാം നിറയെ മരങ്ങളായിരുന്നു. അപൂര്‍വമായി മാത്രമെ അവ മുറിച്ചെടുക്കേണ്ടതായും മുറിച്ചു മാറ്റേണ്ടതായും വന്നിട്ടുള്ളു. ഇന്നതല്ല സ്ഥിതി. പല ആവശ്യങ്ങള്‍ക്കായി മരങ്ങള്‍ കൂട്ടത്തോടെ മുറിച്ചു മാറ്റപ്പെടുന്നു. ആഗോള താപനില കൂടി വരുകയും തണലേകിയിരുന്ന മരങ്ങള്‍ ഇല്ലാതാവുകയും ചെയ്തതോടെ പരിസ്ഥിക്കു വ്യതിയാനം സംഭവിക്കുന്നു. ഈ പ്രവണത തുടര്‍ന്നാല്‍ ആവാസ വ്യവസ്ഥയില്‍ തന്നെ വലിയമാറ്റം സംഭവിക്കുമെന്നതു മുന്‍കൂട്ടി കണ്ട് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നു മാത്രമല്ല ബാധ്യതയായി കാണുകയും വേണമെന്നു മമ്മൂട്ടി ഓര്‍മിപ്പിച്ചു.

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിക്കു വൃക്ഷത്തൈ നല്‍കി കൊണ്ടായിരുന്നു ഉദ്ഘാടനം. സിനിമാ സംവിധായകരായ കമല്‍, കെ. മധുപാല്‍, നിര്‍മാതാക്കളായ എസ്. ജോര്‍ജ്, ഹസീബ്, ഹനീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ശാന്തിഗിരി ആശ്രമത്തിന്റെ ജില്ലാതല ഓഫിസുകള്‍ കേന്ദ്രീകരിച്ചു സന്നദ്ധസംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചാണു പദ്ധതി നടപ്പാക്കുന്നത്. ഇതിനായി വനംവകുപ്പുമായി സഹകരിച്ച് അഞ്ചുലക്ഷം തൈകള്‍ വിതരണം ചെയ്യുമെന്നു സംഘാടകര്‍ അറിയിച്ചു.