ഹോക്കി നായകൻ ശ്രീജേഷിനെ അഭിനന്ദിച്ച് മമ്മൂട്ടി

റിയോ ഒളിംപിക്സിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ നയിക്കുന്ന മലയാളിതാരം പി.ആർ. ശ്രീജേഷിനെ അഭിനന്ദിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ‘റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ മലയാളി താരം പി.ആർ ശ്രീജേഷ് നയിക്കും. അഭിനന്ദനങ്ങൾ’–മമ്മൂട്ടി ഫെയ്സ്ബുക്കിലൂടെ പോസ്റ്റ് ചെയ്തു.

16 അംഗ ടീമിൽ മുൻ ക്യാപ്റ്റൻ സർദാർ സിങ്ങുമുണ്ട്. വനിതാ ടീമിനെ സുശീല ചാനു നയിക്കും. ചാംപ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ശ്രീജേഷിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തുണയായത്. ചാംപ്യൻസ് ട്രോഫിയിലും ശ്രീജേഷായിരുന്നു ക്യാപ്റ്റൻ.

ഒളിംപിക്സിൽ മെഡൽ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീജേഷ് പ്രതികരിച്ചു. ക്യാപ്റ്റനായി തിരഞ്ഞെടുത്തതിൽ വളരെയധികം സന്തോഷമുണ്ട്. സ്ഥാനം അപ്രതീക്ഷിതമാണ്. ഏറെ പ്രതീക്ഷയോടെയാണ് റിയോയിലേക്ക് പോകുന്നത്. ഭാരിച്ച ഉത്തരവാദിത്തമെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും. എല്ലാവരും ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.

രണ്ടു വർഷമായി ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശ്രീജേഷ് എറണാകുളം പള്ളിക്കര സ്വദേശിയാണ്. കഴിഞ്ഞ ഇഞ്ചോൺ ഏഷ്യൻ ഗെയിംസിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ജേതാക്കളായപ്പോൾ, ടൈബ്രേക്കറിൽ തിളങ്ങിയ ഗോൾകീപ്പർ ശ്രീജേഷായിരുന്നു ടീമിന്റെ ഹീറോ. 2006 മുതൽ ഇന്ത്യൻ ടീമിനൊപ്പമുള്ള താരമാണ് ശ്രീജേഷ്.