ആലി ഇമ്രാൻ സേതുരാമയ്യരായതെങ്ങനെ ?

സേതുരാമയ്യർ എന്ന കഥാപാത്രം മമ്മൂട്ടിയുടെ സൃഷ്ടിയാണെന്നു തിരക്കഥാകൃത്ത് എസ്എൻ. സ്വാമി. ഒരു മുസ്ലിം കഥാപാത്രത്തെയായിരുന്നു താൻ ആദ്യം ഉദ്ദേശിച്ചിരുന്നത്. ആലി ഇമ്രാൻ എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. എന്നാൽ മമ്മൂട്ടി ഇതിനോടു യോജിച്ചില്ല. മുസ്ലിമായാൽ പ്രേക്ഷകർ സ്വീകരിക്കില്ല.

ഒരു ബ്രാഹ്മണനായാൽ കൂടുതൽ സ്വീകാര്യമായിരിക്കും. ഒരു ബ്രാഹ്മണൻ പൊലീസായാൽ ശരിയാവില്ലെന്നു താൻ വാദിച്ചെങ്കിലും മമ്മൂട്ടി സമ്മതിച്ചില്ല. സീൻ വായിച്ചുകേൾപ്പിക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടു. തുടർന്നു നിമിഷങ്ങൾക്കുള്ളിൽ മമ്മൂട്ടി സേതുരാമയ്യരായി അഭിനയിച്ചു കാണിക്കുകയായിരുന്നു. ട്രിവാൻഡ്രം ക്ളബിൽ വച്ചായിരുന്നു ഈ സംഭവം നടന്നത്.

സിബിഐയുടെ അഞ്ചാം ഭാഗത്തിൽ നായകനായി സുരേഷ് ഗോപിയെ മമ്മൂട്ടി നിർദേശിച്ചിരുന്നു. സിബിഐ ഡയറി കുറിപ്പിൽ സുരേഷ്ഗോപി ചെയ്ത ഹാരി എന്ന കഥാപാത്രത്തെ വികസിപ്പിച്ചെടുത്തു കൂടെയെന്നു മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവേൽ എന്ന സിനിയുടെ സെറ്റിൽ വച്ചാണ് തന്നോടു മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി പൂർണമനസോടെ തന്നെയായിരുന്നു സുരേഷ്ഗോപിയെ നിർദേശിച്ചത്. എന്നാൽ ചില കാരണങ്ങളാൽ അതു നടന്നില്ല.

അങ്കത്തിന് ഒരുങ്ങിക്കോളൂ, സേതുരാമയ്യർ വീണ്ടുമെത്തുന്നു

പ്രേഷകരുടെ മനസിൽ ഉറച്ചുപോയ ഒരു നായകകഥാപാത്രത്തെ മാറ്റാൻ സംവിധായകനോ നിർമാതാവിനോ ധൈര്യമുണ്ടാകണമെന്നില്ല. സിബിഐ താൻ തന്നെ എഴുതണമെന്നു തനിക്കു ഒരു നിർബന്ധവുമില്ല. മമ്മൂട്ടി നിർദേശിക്കുന്ന ആരെവച്ചെഴുതിയാലും തനിക്കു സന്തോഷമേയുള്ളൂ. സിബിഐ കഥകൾ തന്റെ കുത്തകയൊന്നുമല്ല. ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയാണ് തന്റെ കരിയറിലെ വഴിത്തിരിവ്.

എന്നാൽ ഈ സിനിമ താൻ എഴുതാൻ ആഗ്രഹിച്ചതല്ല. കലൂർ ഡെന്നീസായിരുന്നു അതെഴുതേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ സമയക്കുറവു മൂലം ആ നിയോഗം തന്നിലെത്തിച്ചേരുകയായിരുന്നുവെന്നും എസ്.എൻ. സ്വാമി മനോരമ ന്യൂസ് നേരേചൊവ്വേയിൽ പറഞ്ഞു