ട്രോളന്മാരെ പുകഴ്ത്തി മമ്മൂക്ക

മമ്മൂട്ടിയുടെ പുതിയ ചിത്രമായ കസബയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനെ ട്രോൾ ചെയ്തവർക്ക് മമ്മൂക്കയുടെ പുകഴ്ത്തൽ. തന്നെ കളിയാക്കുന്ന ട്രോളുകൾ സ്വന്തം പേജിൽ തന്നെ ഷെയർ ചെയ്ത മമ്മൂട്ടി ഇപ്രകാരം കുറിച്ചു.

‘‘ആക്ഷേപഹാസ്യങ്ങളുടെ നൂതനമായ മുഖമാണ് ട്രോളുകളെന്നാണ് ഞാൻ കരുതുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ചാട്ടയടിയാണ് ട്രോളുകളും ഇന്റർനെറ്റ് തമാശകളും. വരുന്ന മുറയ്ക്ക് കൂടുതൽ ട്രോളുകൾ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും’’

ട്രോളെന്ന് കേട്ടാലെ ചിലരുടെ മുട്ട് വിറക്കും. സിനിമാതാരങ്ങൾക്ക് നേരെയാകും ഏറ്റവുമധികം ട്രോളുകൾ പിറക്കുന്നതും. എല്ലാം കേട്ട് ദേഷ്യം കടിച്ചു പിടിച്ച് മിണ്ടാതിരിക്കുകയാണ് പലരും ചെയ്യാറ്. എന്നാൽ തന്നെ ട്രോളിയവരെ തിരിച്ചു ട്രോളിയതിനു തുല്യമായിപ്പോയി മമ്മൂട്ടിയുടെ ഇൗ പുകഴ്ത്തൽ.

നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കസബയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റിനെതിരെ വ്യാപകമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെട്ടത്. രാജന്‍ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കാക്കി അണിയുന്ന ചിത്രമെന്ന പ്രത്യേകത കസബയ്ക്കുണ്ട്.