മണിയെ അപായപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുന്നു

മെഥനോളിന് അപ്പുറം കീടനാശിനികളടെ സാന്നിദ്ധ്യം കൂടി സ്ഥിരീകരിച്ചതോടെ മണിയെ അപായപ്പെടുത്താനുള്ള സാധ്യത കൂടി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. കേസിന്റെ ഗൗരവം വർധിച്ചെന്നും ഒട്ടേറെപ്പേർ നിരീക്ഷണത്തിലാണ്ടെന്നും തൃശൂർ റേഞ്ച് ഐ.ജി അറിയിച്ചു. മണിയുടെ ശരീരത്തിലെ വിഷാംശം കൃത്യമായി കണ്ടെത്താൻ വീണ്ടും രാസപരിശോധന നടത്താനും ശ്രമം ആരംഭിച്ചു.

മണിയുടെ ശരീരത്തിൽ മെഥനോളെന്നയിരുന്നു ഇന്ന് രാവിലെ വരെയുള്ള സംശയം. അത് വ്യാജമദ്യം കഴിച്ചതിനാലാവാമെന്നും പൊലിസ് കരുതി. എന്നാൽ മെഥനോളിന് അപ്പുറം കിടനാശിനിയെന്ന് രാസപരിശോധന ഫലം വന്നതോടെ അത് ശരീരത്തിൽ എങ്ങിനെയെത്തി എന്ന പുതിയ ചോദ്യമാണ് പൊലിസിന്റെ മുന്നിൽ. കീടനാശിനി മണി അറിഞ്ഞൊ അറിയാതെയോ ശരീരത്തിലെത്താനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. മണിയുടെ കൂടെ മദ്യപിച്ചവർക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചതിനാൽ അവരെല്ലാം നിരീക്ഷണത്തിലാണ്.

അരുൺ, വിപിൻ, മുരുകൻ അടക്കം കസ്റ്റഡിയിലെടുത്ത ഒട്ടേറെ പേരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അതിനിടെ ഫൊറൻസിക് സംഘവും അന്വേഷണ സംഘവും മണിയുടെ ഔട്ട് ഹൗസ് പരിശോധിച്ചു. അന്വേഷണ സംഘം വിപുലീകരിക്കാനും ആലോചനയുണ്ട്. അതെ സമയം മണിയെ ആശുപത്രിയിലാക്കിയ സമയമെടുത്ത രക്തവും മൂത്രവും കോടതി അനുമതിയോടെ വീണ്ടും പരിശാധിക്കും.