മരണത്തിൽ ദുരൂഹത അവശേഷിപ്പിച്ച് മണി

കലാഭവൻ മണിയുടെ മരണം അപ്രതീക്ഷിതമാണെന്നിരിക്കെ തന്നെ മരണകാരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുകയാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണമെന്ന് ആദ്യം വാർത്തകൾ വന്നിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ ശരീരത്തിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

രോഗവിവരങ്ങൾ പുറത്തുപോകുന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്കു വിമുഖതയുണ്ടായിരുന്നു. ഇതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം പുറത്തറിയാതിരുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. മണിയുടെ ശരീരത്തിൽ നാല് തരത്തിൽ പെട്ട വിഷാംശങ്ങൾ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. എന്നാൽ ഇതു സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമല്ല.

മണിയുടെ മൃതദേഹം നാളെ തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യാനാണ് തീരുമാനം. സംഭവത്തിൽ ചാലക്കുടി പൊലീസ് കേസെടുക്കുക കൂടി ചെയ്തതോടെ മരണകാരണം സംബന്ധിച്ചുള്ള വസ്തുതകൾ ദുരൂഹമായി തുടരുകയാണ്.