മണി അന്നേ പറഞ്ഞു; എന്റെ മരണം ഒന്നരമാസം മാധ്യമങ്ങൾ ആഘോഷിക്കും

‘ഒരു ദിവസം എന്നെക്കുറിച്ച് എല്ലാവരും നല്ലത് പറയും. അതെന്റെ മരണദിവസമായിരിക്കും’. വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മണി പറഞ്ഞ വാക്കുകളാണിത്. അറം പറ്റിയ കണക്കെ അത് സത്യവുമായി.

‘‘ഞാനേതോ മൂലയില്‍ ഒതുങ്ങി നടക്കുന്ന ആളാണ്. ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതൊന്നും വാർത്തയായി വന്നിട്ടില്ല. നമ്മുടെ നല്ല കാര്യങ്ങൾ മറ്റൊരാൾ പറഞ്ഞു കേൾക്കുമ്പോളാണ് നമുക്കും സന്തോഷം ഉണ്ടാകുന്നത്.

ഇപ്പോള്‍ വരുന്നത് ഞാൻ അവിടെയും ഇവിടെയും പോയി അടി ഉണ്ടാക്കി എന്ന വാര്‍ത്തയാണ്. സമൂഹത്തിന് മുന്നിൽ വൃത്തികെട്ടവനാണ് ഞാൻ. എന്നാൽ ഈ പറയുന്ന എല്ലാവരും എന്നെ നല്ല മനുഷ്യനാണെന്ന് പറയുന്ന ഒരുനാൾ വരും. എന്റെ മരണദിവസം. നല്ല മനുഷ്യനായിരുന്നു കേട്ടോ . പാവം. അന്നായിരിക്കും ഒരു നല്ല വാർത്ത എന്നെക്കുറിച്ച് കേൾക്കാൻ കഴിയുക.

മാധ്യമങ്ങൾക്ക് പോലും ഒന്നരമാസം നീണ്ടു നിൽക്കുന്ന പരിപാടിയായിരിക്കും എന്റെ മരണവാർത്ത. ഇത്രാം തിയതി ജനിച്ചു, നാടൻ പാട്ടുകൾ പാടി, ബോധം കെട്ടുവീണു എന്തൊക്കെ വാർത്തകളായിരിക്കും വരുക. ചിലപ്പോൾ ഇപ്പോൾ തന്നെ എല്ലാം എടുത്തുവച്ചിട്ടു കാണും. അന്നു സമയം കിട്ടിയില്ലെങ്കിലോ ?’’

ഇതാണ് മണി അന്ന് ആ ചാനലിൽ പറഞ്ഞത്. വള്ളി പുള്ളി തെറ്റാതെ അതൊക്കെ ശരിയായി. മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും മണി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോൾ മറ്റേതോ ലോകത്തിരുന്ന് തന്റെ സ്വാഭാവിക ചിരി ചിരിക്കുന്നുണ്ടാവും അദ്ദേഹം.