ദുരൂഹത തുടരുന്നു; മണിയുടെ രക്ത സാംപിളുകൾ വീണ്ടും പരിശോധിക്കും

കലാഭവൻ മണിയുടെ ഔട്ട്ഹൗസിൽ നിന്ന് േശഖരിച്ച കുപ്പികളുൾപ്പെടെ 25 സാംപിളുകൾ കാക്കനാട് കെമിക്കൽ ലബോറട്ടറിയിൽ വീണ്ടും പരിശോധിച്ചു തുടങ്ങി. ആശുപത്രിയിൽ വച്ച് ശേഖരിച്ച രക്ത സാംപിളുകൾ ഇവിടെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് രണ്ടുദിവസത്തിനുള്ളിൽ സമർപ്പിക്കും.

കലാഭവൻ മണി സുഹൃത്തുകളുമായി ഒത്തുകൂടിയ ഔട്ട് ഹൗസ് , പാടിയിൽ നിന്ന് ശേഖരിച്ച കുപ്പികളടക്കം 25 സാംപികളുകളാണ് കാക്കനാട് രാസപരിശോധനാ ലബോറട്ടറയിൽ എത്തിയിട്ടുള്ളത്. ശനിയാഴ്ച ഡിവിഷണൽ മജിസ്ട്രേറ്റ് വഴി ഇവിടെയെത്തിച്ച ഈ സാംപിളുകൾ പരിശോധിച്ചു തുടങ്ങി. കലാഭവൻ മണിയെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിൽ വച്ച് ശേഖരിച്ച രക്ത, മൂത്ര സാംപിളുകളും ഗ്യാസ്ട്രിക് ആസ്പിരേറ്റും രാസപരിശോധനാ ലാബിൽ വീണ്ടും പരിശോധിക്കും.

ആശുപത്രിയിലെ ടോക്സിക്കോളജി റിപ്പോർട്ടിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാൽ ക്ലോർപൈറിഫോസ് എന്ന കീടനാശിനി സാന്നിധ്യം രാസപരിശോധനാ ഫലത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രിയിൽ വച്ച് ശേഖരിച്ച സാംപിളുകൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ഈ രണ്ടു ലാബുകൾക്കും പുറമേ ഡൽഹിയിലെ കേന്ദ്ര ഫോറൻസിക് ലാബിലും സാംപിളുകൾ പരിശോധനയ്ക്ക് വിധേയമാക്കും. കീടനാശിനി എത്ര അളവ് ഉള്ളിലെത്തിയെന്ന് രാസപരിശോധനാഫലത്തിൽ രേഖപ്പെടുത്താത്തതിനാൽ മരണകാരണമടങ്ങിയ വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് നൽകിയിട്ടില്ല. വിഷം മനുഷ്യശരീരത്തിൽ എത്തേണ്ട പദാർഥമല്ലാത്തതിനാൽ ഇതിന്റെ അളവ് രാസപരിശോധനാഫലത്തിൽ രേഖപ്പെടുത്തുക പതിവില്ല. എങ്കിലും നിഗമനങ്ങളടങ്ങിയ വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് സൂചന.