മഷിത്തണ്ട് വൈറലാകുന്നു

ഒരു കോളജ് ഡിപ്പാർട്മെന്റ് നിർമിച്ച് തീയറ്റർ റിലീസ് ചെയ്ത കേരളത്തിലെ ആദ്യത്തെ മലയാള സിനിമയായ മഷിത്തണ്ട് യൂട്യൂബിൽ തരംഗമാകുന്നു. അപ്ലോഡ് ചെയ്ത് ഒരാഴ്ചയ്ക്കകം ഒരു ലക്ഷത്തിലധികം പേരാണ് സിനിമ കണ്ടത്.

വഴിത്തല ശാന്തിഗിരി കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിനു വേണ്ടി ഫാ. പോൾ പാറേക്കാട്ടിൽ, അരുൺ ജോർജ്ജ് പുളിക്കീൽ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം കഥയെഴുതി സംവിധാനം ചെയ്തത് അധ്യാപകനായ അനീഷ് ഉറുമ്പിലാണ്.

നടൻ സുരേഷ് ഗോപി പാടിയ ‘മനസ്സൊരു മഷിത്തണ്ട്’ എന്ന ഗാനം, ചിത്രം തീയറ്ററിൽ റിലീസ് ചെയ്ത കഴിഞ്ഞ വർഷം തന്നെ ഹിറ്റായിരുന്നു. കവികളായ ബാലചന്ദ്രൻ ചുള്ളിക്കാട്, മുരുകൻ കാട്ടാക്കട എന്നിവരും ചിത്രത്തിൽ അഭിനയിച്ച് കവിതകൾ ആലപിക്കുന്നുണ്ട്. മന്ത്രി ഡോ. എം കെ മുനീർ, സീമ ജി നായർ, പ്രിയങ്ക, മാസ്റ്റർ മിനോൺ, മാസ്റ്റർ ഓഗൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

നഗരത്തിലെ എല്ലാ സൗഭാഗ്യങ്ങളും ഉള്ള സ്കൂളിൽ പഠിക്കുന്ന ധനികനായ ഒരു വിദ്യാർത്ഥിയും ഹൈറേഞ്ചിലെ എല്ലാ പരാധീനതകളുമുള്ള സർക്കാർ സ്കൂളിൽ പഠിക്കുന്ന ദരിദ്ര വിദ്യാർത്ഥിയും വ്യത്യസ്തമായ കുടുംബകാരണങ്ങൾ മൂലം സ്കൂളുകളിൽ നിന്ന് ഒളിച്ചോടുന്നു. അവർകണ്ടു മുട്ടുന്ന മറ്റൊരു വിദ്യാർത്ഥിയുടെ ജീവിതം അവരേയും കുടുംബാഗങ്ങളേയും മാറ്റി മറിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹൃദയസ്പർശിയായ ജീവിത സാഹചര്യങ്ങളും കുട്ടികൾ നൽകുന്ന നല്ല സന്ദേശവും ചിത്രത്തെ വേറിട്ട ഒരു അനുഭവമാക്കുന്നു.

ക്യാമറ അനിൽ വിജയ്, ഗാന രചന ജയകുമാർ ചെങ്ങമനാട്, സംഗീതം ജിന്റോ ജോൺ തൊടുപുഴ. എഡിറ്റിങ് ലിന്റോ തോമസ്. സോഷൽ വർക് ഡിപ്പാർട്ടുമെന്റിലെ എല്ലാ വിദ്യാർത്ഥികളും ഈ സിനിമാ സംരംഭത്തിൽ ആദ്യം മുതൽ അവസാനം വരെ സഹകരിച്ചു.